Type Here to Get Search Results !

Bottom Ad

'തുരങ്കം വയ്ക്കാന്‍ ആരെയും അനുവദിക്കില്ല'; പാണക്കാട് സന്ദര്‍ശനത്തിനു പിന്നാലെ തരൂരിന് താക്കീതുമായി വിഡി സതീശന്‍


കോഴിക്കോട്: കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ മലബാറില്‍ പര്യടനം തുടരുകയും പാണക്കാടെത്തി മുസ്ലിം ലീഗ് നേതാക്കളെ സന്ദര്‍ശിക്കുകയും ചെയ്തതിനു പിന്നാലെ താക്കീതുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കോണ്‍ഗ്രസില്‍ ഏതു ഉന്നതനെയും വിഭാഗീയ പ്രവര്‍ത്തനം നടത്താന്‍ അനുവദിക്കില്ല. കോണ്‍ഗ്രസില്‍ ഒരു തരത്തിലുമുള്ള വിഭാഗീയ, സമാന്തര പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ല.

സംഘടനാ തീരുമാനം എല്ലാവരുമായി ആലോചിച്ചിട്ടാണ് കെ.പി.സി.സി അധ്യക്ഷന്‍ സ്വീകരിക്കുന്നത്. അതു മറികടക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ശശി തരൂരിനെ ഉന്നമിട്ട് സതീശന്‍ വ്യക്തമാക്കി. എല്ലാവരെയും ഉള്‍ക്കൊണ്ട് മുന്നോട്ട് പോകാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. അതിന് തുരങ്കം വെയ്ക്കാന്‍ ആരെയും അനുവദിക്കില്ല.

ശശി തരൂരിന്റെ പര്യടനത്തെപ്പറ്റി കെപിസിസി പ്രസിഡന്റ് മറുപടി പറയുമെന്നും താന്‍ എന്തിനാണ് പറയുന്നതെന്നും സതീശന്‍ ഇന്നലെ മാധമങ്ങളോട് പറഞ്ഞിരുന്നു. പാര്‍ട്ടിക്കൊരു സംവിധാനമുണ്ട്. എല്ലാവരും കയറി പറയേണ്ടതില്ല. അതു ഞങ്ങള്‍ ഒന്നിച്ചെടുത്ത തീരുമാനമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസില്‍ പുതിയ ഗ്രൂപ്പ് ഉണ്ടാക്കലല്ല തന്റെ ലക്ഷ്യമെന്ന് ശശി തരൂര്‍ വ്യക്തമാക്കി. ഗ്രൂപ്പ് ഉണ്ടാക്കാന്‍ ഒരു സാധ്യതയും ഇല്ല, അതിനുള്ള താല്‍പര്യവുമില്ല. കോണ്‍ഗ്രസിനകത്ത് 'എ'യും 'ഐ'യും ഒക്കെ കൂടുതലാണ്. 'ഒ'യും 'ഇ'യുമൊന്നും വേണ്ട. അഥവാ ഒരു അക്ഷരമാണ് വേണ്ടതെങ്കില്‍ 'യു'ആണ് വേണ്ടത്. യുണൈറ്റഡ് കോണ്‍ഗ്രസ് ആണ് ആവശ്യമുള്ളത്. ഞങ്ങള്‍ കോണ്‍ഗ്രസിന് വേണ്ടിയും യു.ഡി.എഫിന് വേണ്ടിയും സ്വന്തം വിശ്വാസത്തിന് വേണ്ടിയും സംസാരിക്കുകയാണെന്ന് പാണക്കാട് സാദിഖലി തങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം തരൂര്‍ പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad