ഖത്തര്‍: കിരീടം ലക്ഷ്യമിട്ട് ഖത്തര്‍ ലോകകപ്പില്‍ ഇന്ന് ആദ്യമത്സരത്തിന് അര്‍ജന്റീന കളത്തിലിറങ്ങുന്നു. സൗദി അറേബ്യയാണ് എതിരാളികള്‍. ഇന്ന് വൈകിട്ട് 3.30 മണിക്ക് ദോഹയിലെ ലുസെയ്ല്‍ സ്റ്റേഡിയത്തിലാണ് മത്സരം. എന്നാല്‍ അര്‍ജന്റീന ആദ്യ മത്സരത്തിന് ഇറങ്ങുമ്പോള്‍ ഇതിഹാസ താരം ലയണല്‍ മെസിയുടെ പരുക്ക് സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഏതായാലും ആദ്യ മത്സരത്തിന് മെസി ബൂട്ടണിയുമെന്ന് തന്നെയാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ഗ്രൂപ്പ് സിയില്‍ ആല്‍ബി സെലസ്റ്റകള്‍ ആദ്യ മത്സരത്തിനിറങ്ങുന്ന ഇന്ന് നാടെങ്ങുമുള്ള അര്‍ജന്റീനിയിന്‍ ആരാധകര്‍ ആവേശത്തിമിര്‍പ്പിലാണ്. മെസ്സിപ്പട ലോകകപ്പില്‍ പന്ത് തട്ടുന്നത് കാണാന്‍ ഉള്ള കാത്തിപ്പിന് ഒടുവില്‍ അറുതിയാകുന്നു. കഴിഞ്ഞ 36 മത്സരങ്ങളില്‍ തോല്‍വി അറിയാതെ വരുന്ന അര്‍ജന്റീനയ്ക്ക് എതിരാളി ഏഷ്യന്‍ ശക്തികളായ സൗദി അറേബ്യയാണ്. ലയണല്‍ സ്‌കലോനിയുടെ കീഴില്‍ ഒത്തൊരുമയുള്ള സംഘമായി മാറിയ അര്‍ജന്റീന വിജയം ശീലമാക്കിക്കഴിഞ്ഞു.
എല്ലാ പൊസിഷനുകളിലും മികച്ച കളിക്കാരുടെ സാന്നിധ്യമാണ് ടീമിന്റെ കരുത്ത്. ഡി മരിയയും ലൌതാരോ മാര്‍ട്ടിനെസുമെല്ലാം ഫോമിലാണ്. സൗദിയെ ഗോള്‍ മഴയില്‍ മുക്കിയുള്ള വിജയമാണ് ലയോണല്‍ സ്‌കലോനിയുടെയും സംഘത്തിന്റെയും ലക്ഷ്യം. അതേസമയം അറബ് നാട്ടിലെ മത്സരത്തില്‍ മികച്ച പോരാട്ടവീര്യം പുറത്തെടുക്കാനുള്ള ഒരുക്കത്തിലാണ് ഹെര്‍വ് റെനാദിന്‍ പരിശീലകനായ സൗദി അറേബ്യ. സലിം അല്‍ദവ്‌സരി, നായകന്‍ സല്‍മാന്‍ അല്‍ ഫറാജ്, നവാബ് അല്‍ ആബിദ് എന്നിവരാണ് പ്രധാന താരങ്ങള്‍.
Post a Comment
0 Comments