Sunday, 29 May 2022

ഉത്തര കേരളത്തിലെ ആദ്യ ക്രാനിയോഫേഷ്യല്‍ സര്‍ജറി യൂണിറ്റ് കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ പ്രവര്‍ത്തനം തുടങ്ങി


കണ്ണൂര്‍ (www.evisionnews.in): മുഖത്തിന്റെയും തലയോട്ടിയുടെയുമെല്ലാം ആകൃതിയിലുണ്ടാകുന്ന വ്യത്യാസങ്ങള്‍ ഫലപ്രദമായി ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കുന്ന ചികിത്സാ ശാഖയായ ക്രാനിയോഫേഷ്യല്‍ സര്‍ജറി യൂണിറ്റ് കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ പ്രവര്‍ത്തനം തുടങ്ങി. നിലവില്‍ എറണാകുളം, ബാംഗ്ലൂര്‍ പോലുള്ള പ്രധാന നഗരങ്ങളില്‍ മാത്രമാണ് ക്രാനിയോഫേഷ്യല്‍ സര്‍ജറിയുമായി ബന്ധപ്പെട്ട എല്ലാ ശസ്ത്രക്രിയാ രീതികളും ലഭ്യമാകുന്നത്. ഉത്തര കേരളത്തിലെ ജനത അനുഭവിക്കുന്ന ഈ അവസ്ഥയ്ക്ക് ശാശ്വത പരിഹാരമായിക്കൊണ്ടാണ് കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ ക്രാനിയോഫേഷ്യല്‍ സര്‍ജറി യൂണിറ്റ് ആരംഭിക്കുന്നത്.

യൂണിറ്റിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ തന്നെ അതി സങ്കീര്‍ണ്ണമായ മൂന്ന് കേസുകള്‍ വിജയകരമായി പൂര്‍ത്തീകരിക്കുവാന്‍ സാധിച്ചു എന്നത് തന്നെ ഇത്തരം ഒരു സെന്ററിന്റെ ആവശ്യകത എത്രത്തോളമാണ് എന്നതിന്റെ പ്രാധാന്യം വിളിച്ചോതുന്നു. ഇതില്‍ ആദ്യത്തേത് ആറ് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ബാധിച്ച ജനിതക വൈകല്യം മൂലമുള്ള അസുഖമാണ്. അപേര്‍ട്ട് സിന്‍ഡ്രോം എന്നറിയപ്പെടുന്ന ഈ അസുഖം ബാധിച്ച കുഞ്ഞിന്റെ തലയുടെ ആകൃതി ക്രമപ്രകാരമായിരുന്നില്ല. ഈ അവസ്ഥ കുഞ്ഞിന്റെ തലയ്ക്കകത്തെ സമ്മര്‍ദ്ദത്തെ അസ്വാഭാവികമായി മാറ്റുകയും തലച്ചോറിന്റെ വളര്‍ച്ചയെ തകരാറിലാക്കി മാറ്റുകയും, കൈകാലുകളുടെ സ്വാഭാവികമായ വളര്‍ച്ചയെ തടയുകയും മുച്ചിറി മുച്ചുണ്ട് പോലുള്ള അവസ്ഥകളിലേക്ക് നയിക്കുകയുമൊക്കെ ചെയ്യും. അതി സങ്കീര്‍ണ്ണമായ ഈ അവസ്ഥയെ അതിജീവിക്കണമെങ്കില്‍ കുഞ്ഞിന്റെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളിലായി ആറ് മുതല്‍ എട്ട് വരെ ശസ്ത്രക്രിയകള്‍ ആവശ്യമായി വരും.

നിലവില്‍ ബാംഗ്ലൂരിലും കൊച്ചിയിലും മാത്രമേ ഈ സൗകര്യം ലഭ്യമായിരുന്നുള്ളൂ. എന്നാല്‍ കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ വെച്ച് ആദ്യ ഘട്ട ശസ്ത്രക്രിയയായ എന്‍ഡോസ്‌കോപ്പിക് വെട്രിക്കുലോസ്റ്റമിക്ക് കുഞ്ഞിനെ വിധേയനാക്കുകയും ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിക്കുകയും ചെയ്തു. തലച്ചോറില്‍ നീര് സൃഷ്ടിക്കപ്പെടുന്ന ഹൈഡ്രോസിഫലസ് എന്ന അവസ്ഥയ്ക്കുള്ള ശസ്ത്രക്രിയയാരുന്നു ഇത്. ശസ്ത്രക്രിയ പൂര്‍ത്തീകരിച്ചതോടെ കുഞ്ഞ് കൂടുതല്‍ ഊര്‍ജ്ജസ്വലനാവുകയും മുലപ്പാല്‍ കുടിക്കാന്‍ തുടങ്ങുകയും കുഞ്ഞിന്റെ ഭാരം വര്‍ദ്ധിച്ച് തുടങ്ങുകയും ചെയ്തു.

തലയോട്ടിയുടെ വളര്‍ച്ച സംബന്ധമായ തകരാര്‍ അനുഭവിച്ച കുഞ്ഞിന് നിര്‍വ്വഹിച്ച പോസ്റ്റീരിയര്‍ കാല്‍വാരിയല്‍ ഡിസട്രാക്ഷന്‍, മുച്ചിറിക്കുള്ള ശസ്ത്രക്രിയ എന്നിവയാണ് ക്രാനിയോഫേഷ്യല്‍ യൂണിറ്റിന്റെ ഭാഗമായി നിര്‍വഹിച്ച മറ്റു ശസ്ത്രക്രിയകള്‍. ഇതില്‍ പോസ്റ്റീരിയര്‍ കാല്‍വാരിയല്‍ ഡിസ്ട്രാക്ഷന്‍ നിര്‍വ്വഹിക്കാനുള്ള സൗകര്യം നിലവില്‍ ഉത്തര കേരളത്തില്‍ ലഭ്യമായ ഏക ഹോസ്പിറ്റല്‍ എന്ന സവിശേഷതയും കണ്ണൂര്‍ ആസ്റ്റര്‍ മിംസിനാണ്.

'ഏറ്റവും നൂതനമായ ഉപകരണങ്ങളുടെയും ശസ്ത്രക്രിയാ സംവിധാനങ്ങളും പരിചയ സമ്പന്നരായ ഡോക്ടര്‍മാരുടേയും ജീവനക്കാരുടെയും സാന്നിദ്ധ്യവുമാണ് ക്രാനിയോഫേഷ്യല്‍ സര്‍ജറി യൂണിറ്റിന്റെ ഏറ്റവും വലിയ സവിശേഷത. നിലവില്‍ നിര്‍വഹിച്ച ശസ്ത്രക്രിയകളെല്ലാം തന്നെ 100ശതമാനം വിജയമാണെന്നത് ഈ ടീമിന്റെ വൈദഗ്ദ്ധ്യത്തിന് തെളിവാണ്' ക്രാനിയോഫേഷ്യല്‍ യൂണിറ്റിന്റെ മേധാവി ഡോ. മഹേഷ് ഭട്ട് പറഞ്ഞു.

ഇത്തരം ചികിത്സകള്‍ക്ക് ചെലവ് പൊതുവേ കൂടുതലാണ്. ബാംഗ്ലൂര്‍ പോലുള്ള നഗരങ്ങളെ ആശ്രയിച്ച് ചെയ്യേണ്ടിവരുന്നത് സ്വാഭാവികമായും ചെലവ് ഇരട്ടിയാകുവാന്‍ കാരണമാവുകയും ചെയ്യും. ഇത്തരം അവസ്ഥകള്‍ക്കെല്ലാം ആസ്റ്റര്‍ മിംസിലെ പുതിയ യൂണിറ്റ് പ്രതിവിധിയായി മാറും' ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഒമാന്‍ ആന്റ് കേരള) പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഡോ രമേഷ് സിവി (സീനിയര്‍ കണ്‍സല്‍ടന്റ് ന്യൂറോസയന്‍സസ് വിഭാഗം മേധാവി), ഡോ. മഹേഷ് ഭട്ട് (കണ്‍സല്‍ടന്റ് ന്യൂറോസയന്‍സസ് വിഭാഗം), ഡോ അജോയ് വിജയന്‍ (സീനിയര്‍ കണ്‍സല്‍ടന്റ് ഓറല്‍ ആന്റ് മാക്‌സിലോഫേഷ്യല്‍ സര്‍ജറി) വിവിന്‍ ജോര്‍ജ് (എജിഎം ഓപ്പറേഷന്‍സ്) പങ്കെടുത്തു.

Related Posts

ഉത്തര കേരളത്തിലെ ആദ്യ ക്രാനിയോഫേഷ്യല്‍ സര്‍ജറി യൂണിറ്റ് കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ പ്രവര്‍ത്തനം തുടങ്ങി
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.