Type Here to Get Search Results !

Bottom Ad

കുമ്പള പഞ്ചായത്തില്‍ സിപിഎം - ബിജെപി ധാരണക്ക് ശേഷം രണ്ട് പ്രധാന കേസുകള്‍ ഒത്തുതീര്‍പ്പാക്കി: ആരോപണവുമായി യൂത്ത് ലീഗ്


കുമ്പള (www.evisionnews.co): കുമ്പള പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന സിപിഐ (എം) ബിജെപി ധാരണക്കു ശേഷം രണ്ടു പ്രധാനപ്പെട്ട കേസുകള്‍ ഒത്തുതീര്‍പ്പാക്കുന്നതിലും ധാരണയുണ്ടായതായി യൂത്ത് ലീഗ് ജില്ലാ ട്രഷറര്‍ യൂസുഫ് ഉളുവാര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

ഹൈക്കോടതിയുടെ പരിഗണനയിലുള്ള രണ്ടു കേസുകളിലാണ് ഒത്തുതീര്‍പ്പ് ധാരണയുണ്ടായത്. രക്തസാക്ഷികളുടെ പേരില്‍ ഇരുകൂട്ടരും വര്‍ഷാവര്‍ഷം ബലിദാന ദിനങ്ങളും രക്തസാക്ഷിത്വ ദിനങ്ങളും ആചരിച്ചുവരുന്നത് രാഷ്ട്രീയ ലാഭത്തിനും അണികളെ കൂടെ നിര്‍ത്തുന്നതിനും വേണ്ടി മാത്രമാണ്. രക്തസാക്ഷികളുടെ കുടുംബം കേസുകളുടെ നിലവിലെ സ്ഥിതിയെ കുറിച്ച് അന്വേഷിക്കാന്‍ തയാറാവണമെന്നും യൂസുഫ് ആവശ്യപ്പെട്ടു.

സിപിഎം- ബിജെപി സംഘട്ടനങ്ങളും കൊലപാതകങ്ങളും നടത്തി നിരവധി ജീവന്‍ പൊലിയുകയും പരസ്പരം പോര്‍വിളിക്കുകയും ചെയ്യുന്ന കുമ്പളയില്‍ തന്നെ ഇത്തരമൊരു ധാരണ ഏവരേയും അത്ഭുതപ്പെടുത്തുന്നതാണ്. നേരത്തെ കുമ്പള പഞ്ചായത്ത് സ്ഥിരം സമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ച നടന്നതും മറ്റും ഭാസ്‌ക്കര കുമ്പളയുടെ കൊലപാതകത്തില്‍ ആരോപണ വിധേയനായ വ്യക്തിയുടെ വീട്ടില്‍ വച്ചാണ്. അതിനു ശേഷം ഇതേ വ്യക്തിയുടെ വീട്ടില്‍ തന്നെയാണ് കേസ് ഒത്തുതീര്‍പ്പാക്കാനും ധാരണയായത്. സിപിഎം ഏരിയ സെക്രട്ടറി സിഎ സുബൈറും, ബിജെപി സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് കുമാര്‍ ഷെട്ടി എന്നിവര്‍ ചേര്‍ന്നാണ് രണ്ടു ധാരണ ചര്‍ച്ചകള്‍ക്കും നേതൃത്വം നല്‍കിയത്.

സിപിഎം- ബിജെപി ജില്ലാ നേതൃത്വത്തിന്റെ അറിവോടു കൂടിയാണ് കുമ്പളയിലെ പരസ്പര ധാരണ തുടരുന്നത്. കുമ്പള ഗ്രാമപഞ്ചായത്ത് ഭരണത്തില്‍ ഇടപെടുന്നതിനായി ബിജെപി സിപിഎം കോര്‍ കമ്മിറ്റി രഹസ്യ താവളത്തില്‍ മാസാമാസം യോഗം ചേരുന്നതായും യൂസുഫ് ഉളുവാര്‍ ആരോപിച്ചു. കുമ്പളയിലെ ഈധാരണ മണ്ഡലത്തിലുടനീളം വ്യാപിപ്പിച്ച് നിയമസഭാ തെരഞ്ഞെടുപ്പിലും വോട്ടു കച്ചവടം നടത്തി പരസ്പരം സഹായിക്കാനാണ് സിപിഎം- ബിജെപി നീക്കമെന്നും യൂസുഫ് ഉളുവാര്‍ വ്യക്തമാക്കി.

Post a Comment

0 Comments

Top Post Ad

Below Post Ad