ഷാര്‍ജ: സുസ്ഥിരമായ വികസന സങ്കല്‍പ്പങ്ങള്‍ക്ക് ആക്കം കൂട്ടുന്ന പുതിയ പദ്ധതികള്‍ക്ക് ഷാര്‍ജയില്‍ തുടക്കമായി. ഷാര്‍ജ ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റിയുടെ (ശുറൂഖ്) നേതൃത്വത്തില്‍ കുവൈറ്റ് ആസ്ഥാനമായുള്ള മബാനിയുമായി ചേര്‍ന്ന് മുഗൈദര്‍ പ്രദേശത്താണ് പുതിയ പദ്ധതി ഒരുക്കുന്നത്.
അല്‍ ഖസ്ബയില്‍ നടന്ന ചടങ്ങില്‍ ശുറൂഖ് ചെയര്‍പേഴ്സണ്‍ ശൈഖ ബുദൂര്‍ ബിന്‍ത് സുല്‍ത്താന്‍ അല്‍ ഖാസിമിയും മബാനീ ബോര്‍ഡ് ചെയര്‍മാന്‍ മുഹമ്മദ് അബ്ദുല്‍ അസീസ് അല്‍ശായയും ഇത് സംബന്ധിച്ച ധാരണാപത്രം ഒപ്പു വെച്ചു. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിനോട് ചേര്‍ന്നുള്ള പ്രദേശത്ത് 65,000 ചതുരശ്ര മീറ്ററില്‍ ഒരുങ്ങുന്ന വികസന പദ്ധതി ടൂറിസം റീട്ടെയില്‍ മേഖലകളില്‍ പുത്തനുണര്‍വ്വ് പകരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
യു.എ.ഇ. നിവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ഒരേപോലെ ആസ്വദിക്കാവുന്ന തരത്തില്‍ ലോകോത്തര ബ്രാന്‍ഡുകള്‍ അണിനിരക്കുന്ന റീട്ടെയില്‍ കേന്ദ്രങ്ങള്‍, റസ്റ്റോറന്റുകള്‍, കോഫീ ഷോപ്പുകള്‍, വിനോദ കേന്ദ്രങ്ങള്‍ എന്നിവ ഇവിടെയൊരുക്കും. വിനോദസഞ്ചാര മേഖലക്ക് പുതിയ സാധ്യത പകരുന്നതോടൊപ്പം നിക്ഷേപകര്‍ക്കും പുതിയ പദ്ധതി വാതില്‍ തുറന്നിടുന്നുണ്ട്. മാബനീയുടെ നേതൃത്വത്തിലാവും പ്രവര്‍ത്തനം.
ഷാര്‍ജയുടെ നിക്ഷേപ സാധ്യതകള്‍ ലോകത്തിനു മുന്‍പില്‍ അവതരിപ്പിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് ഷുറൂഖ് ചെയര്‍പേഴ്സണ്‍ ശൈഖ ബുദൂര്‍ ബിന്‍ത് സുല്‍ത്താന്‍ അല്‍ ഖാസിമി പറഞ്ഞു. ഇതുപോലെയുള്ള നിര്‍ണായക കൂട്ടുകെട്ടുകള്‍ ഇത്തരം ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. ഷാര്‍ജയുടെ സുസ്ഥിര വികസന കാഴ്ചപ്പാടുകളോട് ചേര്‍ന്ന് നില്‍ക്കുന്ന പുതിയ പദ്ധതിയില്‍ മബാനീ പോലുള്ള പരിചയ സമ്പന്നരോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ട്'' - അവര്‍ പറഞ്ഞു. യു.എ.ഇ.യിലെ നിക്ഷേപ സൗഹൃദകേന്ദ്രമായ ഷാര്‍ജയിലെ പദ്ധതി വളര്‍ച്ചയിലേക്കുള്ള വലിയൊരു കാല്‍വെപ്പാകുമെന്നാണ് കരുതുന്നതെന്ന് മബാനീ ബോര്‍ഡ് ചെയര്‍മാന്‍ മുഹമ്മദ് അബ്ദുല്‍ അസീസ് അല്‍ഷായ പറഞ്ഞു.
കുവൈറ്റിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് കമ്പനികളിലൊന്നാണ് മബാനീ. അവന്യു റിയാദ്, അവന്യു അല്‍ ഖോബാര്‍, അവന്യു കുവൈറ്റ് തുടങ്ങിയ ലോകോത്തര പദ്ധതികള്‍ക്ക് നേതൃത്വം കൊടുക്കുന്ന മബാനിയുടെ ഷാര്‍ജയിലെ പദ്ധതി യു.എ.ഇയിലെ റീട്ടെയില്‍ നിക്ഷേപ രംഗത്തെ തന്നെ നിര്‍ണായകമായ ഒന്നായിട്ടാണ് കരുതപ്പെടുന്നത്.
റീട്ടെയില്‍ മേഖലയില്‍ വന്‍ പദ്ധതികളുമായി ഷാര്‍ജ
4/
5
Oleh
evisionnews