Friday, 26 January 2018

മോദിക്കെതിരെ പ്രതിപക്ഷം ഒത്തുചേരുന്നു; കൂടിക്കാഴ്ച 29ന് ഡല്‍ഹിയില്‍


മുംബൈ:  ബിജെപിക്കെതിരെ 'സമാനമനസ്‌കരെ' അണി നിരത്തുകയെന്ന ലക്ഷ്യത്തോടെ പ്രതിപക്ഷം ഒന്നുചേരുന്നു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി തന്ത്രങ്ങള്‍ ഒരുക്കാന്‍ പ്രതിപക്ഷത്തിലെ പ്രധാന നേതാക്കളെല്ലാം 29നു ഡല്‍ഹിയില്‍ കൂടിച്ചേരും. എന്‍സിപി തലവന്‍ ശരദ് പവാറാണ് ഇക്കാര്യം അറിയിച്ചത്. ഇതിനു മുന്നോടിയായി വെള്ളിയാഴ്ച മോദിവിരുദ്ധരായ വിവിധ പാര്‍ട്ടി നേതാക്കള്‍ മുംബൈയില്‍ കൂടിക്കാഴ്ച നടത്തി. 

'ഭരണഘടനെ സംരക്ഷിക്കൂ' എന്ന പേരില്‍ നടത്തിയ പ്രകടനത്തിനു മുന്നോടിയായിട്ടായിരുന്നു ഇവരുടെ കൂടിക്കാഴ്ച. ശരദ് പവാര്‍, ജെഡി(യു) വിമതനേതാവ് ശരദ് യാദവ്, സിപിഎയുടെ ഡി.രാജ, ഗുജറാത്തിലെ പട്ടേല്‍ സമുദായ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേല്‍, ജമ്മു നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള, തൃണമൂല്‍ കോണ്‍ഗ്രസിന്റെ ദിനേശ് ത്രിവേദി, കോണ്‍ഗ്രസില്‍ നിന്ന് സുഷില്‍കുമാര്‍ ഷിന്‍ഡെ എന്നിവരാണു കൂടിക്കാഴ്ച നടത്തിയത്.

എന്‍സിപി നേതാക്കളായ പ്രഫുല്‍ പട്ടേല്‍, ഡി.പി.ത്രിപാദി, മുന്‍ എംപി റാം ജത്മലാനി എന്നിവരും ഒപ്പമുണ്ടായിരുന്നു. സൗത്ത് മുംബൈയില്‍ പ്രതിപക്ഷ നേതാവ് രാധാകൃഷ്ണ വിഖെ പാട്ടിലിന്റെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. തുടര്‍ന്ന് അംബേദ്കര്‍ പ്രതിമയില്‍ നിന്ന് ഗേറ്റ് വേ ഓഫ് ഇന്ത്യയിലെ ശിവാജി പ്രതിമയിരിക്കുന്ന പാര്‍ക്കിലേക്കു നിശബ്ദ പ്രകടനം നടത്തി. മഹാരാഷ്ട്ര കോണ്‍ഗ്രസ് തലവന്‍ അശോക് ചവാനും മുംബൈ കോണ്‍ഗ്രസ് അധ്യക്ഷന്‍ സഞ്ജയ് നിരുപമും പ്രകടനത്തില്‍ പങ്കു ചേര്‍ന്നു.  രാഷ്ട്രത്തെയും അതിന്റെ ഭരണഘടനയെയും അതിനു നേരെയുള്ള ഭീഷണികളില്‍ നിന്നു മോചിപ്പിക്കുകയെന്നതാണു പ്രകടനത്തിന്റെ ലക്ഷ്യമെന്ന് ഒമര്‍ അബ്ദുള്ള പറഞ്ഞു. 

അതേസമയം 'ഭരണഘടനയെ രക്ഷിക്കൂ' പ്രകടനത്തിനു മറുപടിയായി നഗരത്തില്‍ ബിജെപി 'തിരംഗ യാത്ര' സംഘടിപ്പിക്കുന്നുണ്ട്. പ്രകടനത്തെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അഭിസംബോധന ചെയ്തു.

Related Posts

മോദിക്കെതിരെ പ്രതിപക്ഷം ഒത്തുചേരുന്നു; കൂടിക്കാഴ്ച 29ന് ഡല്‍ഹിയില്‍
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.