Type Here to Get Search Results !

Bottom Ad

ആറുവരിപ്പാത: തലപ്പാടി മുതല്‍ കാലിക്കടവ് വരെ 64.8 ഹെക്ടര്‍ ഭൂമി ഏറ്റെടുത്തു: 2009 കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റും

കാസര്‍കോട് (www.evisionnews.in): ദേശീയപാത ആറുവരിയാക്കുന്നതിനായി തലപ്പാടി മുതല്‍ കാലിക്കടവ് വരെ ഭൂമി ഏറ്റെടുത്തു. 64.8498 ഹെക്ടര്‍ ഭൂമിയാണ് ദേശീയപാത വികസനത്തിന്റെ ഭാഗമായി ഏറ്റെടുത്തത്. ബാക്കിയുള്ള 35.34 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കാനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണ്. മൊഗ്രാല്‍പുത്തൂര്‍, കുമ്പള ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ റെയില്‍വേയുടെ സ്ഥലം ഏറ്റെടുക്കേണ്ടി വരുന്നത് ഒഴിവാക്കാന്‍ 8.43 ഹെക്ടറില്‍ റോഡിന്റെ ഘടന മാറ്റിയതായും ദേശീയപാത വിഭാഗം ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.

ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട്് ജനപ്രതിനിധികളുമായി ചേര്‍ന്ന് സംഘടിപ്പിച്ച ചര്‍ച്ചയിലാണ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം അറിയിച്ചത്. 

ദേശീയപാത കടന്നു പോകുന്ന 33 വില്ലേജുകളില്‍ നിന്നായി 2009 കെട്ടിടങ്ങളാണ് റോഡിനായി ഏറ്റെടുക്കുന്ന സ്ഥലത്തുള്ളത്. മഞ്ചേശ്വരം താലൂക്കില്‍ 618, കാസര്‍കോട് 463, ഹൊസ്ദുര്‍ഗില്‍ 928 വീതം കെട്ടിടങ്ങളുണ്ട്. ഇതില്‍ 1787 കെട്ടിടങ്ങളുടെ മൂല്യനിര്‍ണയം പൂര്‍ത്തിയായതായും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

പൊതുമരാമത്ത് കെട്ടിട വിഭാഗം ഉദ്യോഗസ്ഥരാണ് ദേശീയപാതക്കായി ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ മൂല്യം നിര്‍ണയിക്കുന്നത്. 2016ലെ പൊതുമരാമത്ത് നിരക്ക് അനുസരിച്ചാണ് മൂല്യം നിര്‍ണയിക്കുന്നത്. പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ തയാറാക്കുന്ന മൂല്യത്തിന്റെ ഇരട്ടി ഓരോ കെട്ടിടത്തിനും ലഭിക്കും. കെട്ടിടത്തിന്റെ പഴക്കം നോക്കാതെയാണ് മൂല്യം നിര്‍ണയിക്കുന്നത്. ഗ്രാമപ്രദേശങ്ങളില്‍ ഭൂമി ഏറ്റെടുക്കുമ്പോള്‍ കൂടുതല്‍ വിലയുടെ നാലിരട്ടി കണക്കാക്കിയാണ് നഷ്ടപരിഹാരം നല്‍കുക. കൂടുതല്‍ വിലയുടെ 12 ശതമാനം തുക അതിനൊപ്പം കൂട്ടുകയും ചെയ്യും. നഗരങ്ങളില്‍ ഭൂമി ഏറ്റെടുക്കുമ്പോള്‍ കൂടുതല്‍ വിലയുടെ ഇരട്ടിയാണ് നഷ്ടപരിഹാരമായി നല്‍കുക. ബന്ധപ്പെട്ട വകുപ്പുകളാണ് നഷ്ടപരിഹാര തുകയുടെ മൂല്യം കണക്കാക്കുന്നത്. കറന്തക്കാട് മുതല്‍ നുള്ളിപ്പാടി കെയര്‍വെല്‍ ആശുപത്രി വരെ മേല്‍പാലമാണ് നിര്‍മിക്കുക. 

എ.ഡി.എം കെ. അംബുജാക്ഷന്‍ അധ്യക്ഷത വഹിച്ചു. പൊതുജനങ്ങളുടെ പരാതിയില്‍ ഉദ്യോഗസ്ഥര്‍ കൃത്യമായ മറുപടി നല്‍കണമെന്ന് യോഗത്തില്‍ പി. കരുണാകരന്‍ എം.പി നിര്‍ദേശിച്ചു. എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, പി.ബി അബ്ദുല്‍ റസാഖ്, കെ. കുഞ്ഞിരാമന്‍, എം. രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ ചര്‍ച്ചയില്‍ സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad