Type Here to Get Search Results !

Bottom Ad

കൊച്ചി മെട്രോയ്ക്ക് ഭൂമി നല്‍കിയാല്‍ കുടുംബത്തില്‍ ഒരാള്‍ക്ക് ജോലി

ഭൂമി ഏറ്റെടുക്കാന്‍ 470 കോടിയുടെ അധികവായ്പയ്ക്ക് അനുമതി


ന്യൂഡല്‍ഹി: (www.evisionnews.in)  കൊച്ചിമെട്രോയ്ക്ക് ഭൂമിനല്‍കുന്ന കുടുംബങ്ങളിലെ ഒരാള്‍ക്കുവീതം മെട്രോയില്‍ത്തന്നെ ജോലി നല്‍കും. പദ്ധതിയുടെ ഭാഗമായി ഒഴിപ്പിക്കപ്പെട്ട ചെറുകിട കച്ചവടക്കാര്‍ക്കും വാണിജ്യസ്ഥാപനങ്ങള്‍ക്കും മെട്രോ പരിസരങ്ങളില്‍ത്തന്നെ കച്ചവടം നടത്താന്‍ അവസരമൊരുക്കും. കേന്ദ്ര നഗരവികസന മന്ത്രാലയത്തില്‍ ചേര്‍ന്ന കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്(കെ.എം.ആര്‍.എല്‍) ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന്റേതാണ് തീരുമാനങ്ങള്‍. 
ഭൂമി ഏറ്റെടുക്കലിനായി എറണാകുളം ജില്ലാ സഹകരണബാങ്കില്‍നിന്ന് 470 കോടിരൂപ അധികവായ്പയെടുക്കാന്‍ യോഗം അനുമതി നല്‍കി. വൈറ്റില-പേട്ട റോഡ് വികസിപ്പിക്കാന്‍വേണ്ടി കൂടിയുള്ളതാണ് ഈ തുക. നഗരവികസന സെക്രട്ടറിയും കെ.എം.ആര്‍.എല്‍. ചെയര്‍മാനുമായ ശങ്കര്‍ അഗര്‍വാളിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. 
ഭൂമി നല്‍കുന്ന കുടുംബത്തിലെ ഒരംഗത്തിന് ജോലിനല്‍കുന്നത് യോഗ്യത, മെട്രോയിലെ ഒഴിവുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാവുമെന്ന് കെ.എം.ആര്‍.എല്‍. മാനേജിങ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ് പറഞ്ഞു. ചെറുകിട കച്ചവടക്കാര്‍ക്കും വാണിജ്യസ്ഥാപനങ്ങള്‍ക്കും മെട്രോ സ്റ്റേഷന്‍പരിസരങ്ങളില്‍ കച്ചവടത്തിന് അനുമതിനല്‍കും. ആദ്യം കുടിയൊഴിക്കപ്പെട്ടവര്‍ക്ക് ആദ്യം എന്ന ക്രമത്തിലാണ് സ്ഥലം അനുവദിക്കുക. ഭൂമി ഏറ്റെടുക്കാനുള്ള തുക സംസ്ഥാന സര്‍ക്കാറില്‍നിന്ന് ലഭിക്കാത്തതിനാലാണ് 9.95 ശതമാനം പലിശനിരക്കില്‍ വായ്പയെടുക്കുന്നത്. ബജറ്റ് വിഹിതത്തില്‍നിന്ന് 12 വര്‍ഷത്തിനുള്ളില്‍ ഇത് തിരിച്ചടയ്ക്കും. 
മെട്രോ-ബസ് സ്റ്റേഷനുകളും ബോട്ടു ജെട്ടിയും സംയോജിപ്പിക്കുന്ന പ്രത്യേക പദ്ധതി നടപ്പാക്കും. ഈ പദ്ധതിയില്‍ പണം മുടക്കാന്‍ ഫ്രഞ്ച് ധനകാര്യ ഏജന്‍സിയായ എ.എഫ്.ഡി.യും ജര്‍മന്‍ വികസന ബാങ്കായ റീകണ്‍സ്ട്രക്ഷന്‍ ക്രെഡിറ്റ് ഇന്‍സ്റ്റിറ്റിയൂട്ടും(കെ.എഫ്.ഡബ്ല്യു) താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഫിബ്രവരി ആദ്യവാരം ഇതിനുള്ള പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കി കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിക്കും. ഗ്രേറ്റര്‍ കൊച്ചിമേഖലയിലെ ജലഗതാഗത സംവിധാനവുമായി മെട്രോയെ ബന്ധിപ്പിക്കും. ബോട്ട് ജെട്ടി നവീകരണം നടപ്പാക്കും. 
ബഹുതല ഗതാഗതസംവിധാനത്തിനുള്ള നിരക്ക് നിശ്ചയിക്കാനും മറ്റു സാധ്യതകള്‍ ആരായാനുമായി പ്രത്യേക ഏജന്‍സിയെ ചുമതലപ്പെടുത്തും. ഏകീകൃത നഗരഗതാഗത സംവിധാനത്തിനായി കെ.എം.ആര്‍.എല്ലിന്റെ നിരക്ക് നിശ്ചയിക്കുന്നതടക്കമുള്ള വിഷയങ്ങളില്‍ ഈ ഏജന്‍സി പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കും. അടുത്തവര്‍ഷം ജൂണില്‍ കൊച്ചി മെട്രോ ഓടിത്തുടങ്ങുന്ന രീതിയില്‍ നടപടികള്‍ വേഗത്തിലാക്കാന്‍ യോഗം തീരുമാനിച്ചു. ആലുവമുതല്‍ മഹാരാജാസ് കോളേജ് വരെയുള്ളതാണ് ആദ്യഘട്ടം.


Keywords: Kochi metro, give place, trasnport
Tags

Post a Comment

0 Comments

Top Post Ad

Below Post Ad