അമേരിക്കയിലെ ഫ്ലോറിഡയിലുണ്ടായ വിമാനാപകടത്തിൽ ഒമ്പത് പേർക്ക് ജീവൻ നഷ്ടമായി. ഓസ്റ്റിനിൽ നിന്ന് ബഹാമാസിലെ നോർത്ത് എല്യൂതെറയിലേക്ക് സർവീസ് നടത്തിയ ലിയർജെറ്റ് 60 വിമാനമാണ് പാം ബീച്ച് കൗണ്ടിയിൽ തകർന്നുവീണത്. ഞായറാഴ്ച ഉച്ചയ്ക്ക് 12.50ഓടെയായിരുന്നു അപകടം. ജനവാസ മേഖലയിലേക്ക് വിമാനം പതിച്ചതിനെത്തുടർന്ന് വലിയ തീപിടിത്തവും പുകയും ഉയർന്നു.
അപകടത്തിന് തൊട്ടുമുമ്പ് വിമാനത്തിൽ ഐസ് അടിഞ്ഞുകൂടുന്നതായും ശക്തമായ ടർബുലൻസ് അനുഭവപ്പെടുന്നതായും പൈലറ്റ് എയർ ട്രാഫിക് കൺട്രോളിന് മുന്നറിയിപ്പ് നൽകിയിരുന്നു. വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതോടെ അതിവേഗത്തിൽ താഴേക്ക് പതിക്കുകയായിരുന്നു. മിനിറ്റിൽ 10,000 അടി വേഗത്തിൽ താഴേക്ക് ഇറങ്ങുന്നതായും പിന്നീട് വേഗത 20,000 അടിയായി ഉയർന്നതായും പൈലറ്റ് അറിയിച്ചിരുന്നു. നിലത്തേക്ക് പതിക്കാൻ പോകുകയാണെന്നും ഇനി സമയമില്ലെന്നുമായിരുന്നു അവസാന സന്ദേശം.
വിമാനം തകർന്നുവീണതിന് പിന്നാലെ പ്രദേശത്ത് രക്ഷാപ്രവർത്തനം ആരംഭിച്ചു. അപകടസ്ഥലത്തിന് സമീപമുള്ള മൊബൈൽ ഹോം മേഖലയിലെ മുന്നൂറിലധികം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. അപകടത്തിൽ ഭൂമിയിലുള്ളവർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. അമേരിക്കയിലെ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment
0 Comments