ആഭ്യന്തരമന്ത്രിക്ക് ലഭിക്കുന്ന പരാതികളിൽ തുടർനടപടികൾ വേഗത്തിലാക്കാൻ കേരള പൊലീസിൽ പുതിയ ഡിജിറ്റൽ സംവിധാനം. ‘എച്ച് എം ആക്ട്സ്’ (HM Acts) എന്ന പേരിൽ ആരംഭിക്കുന്ന പെറ്റിഷൻ മാനേജ്മെന്റ് സംവിധാനത്തിലൂടെ പരാതികൾ ഓൺലൈനായി രേഖപ്പെടുത്താനും ബന്ധപ്പെട്ട ഓഫീസുകളിലേക്ക് കൈമാറാനും കഴിയും. പരാതികളിൽ സ്വീകരിക്കുന്ന നടപടികൾ നിരീക്ഷിക്കുന്നതിനൊപ്പം പുരോഗതി പരാതിക്കാരനെ അറിയിക്കാനും സംവിധാനമുണ്ടാകും.
അടിയന്തര നടപടി ആവശ്യമായ പരാതികളിൽ മന്ത്രിയുടെ ഓഫീസിൽനിന്ന് നേരിട്ട് നിർദേശങ്ങൾ രേഖപ്പെടുത്താനും കഴിയും. സംസ്ഥാനത്തെ പ്രധാന കുറ്റകൃത്യങ്ങളുടെ വിവരങ്ങളും അടിയന്തര ശ്രദ്ധ വേണ്ട സംഭവങ്ങളെക്കുറിച്ചുള്ള അറിയിപ്പുകളും തത്സമയം ലഭ്യമാക്കാൻ ‘ഹോംസ്’ (HOMeS) എന്ന മറ്റൊരു സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇതിനായി പ്രത്യേക ഡാഷ്ബോർഡും സജ്ജമാക്കി.
കുറ്റകൃത്യങ്ങളുടെ വിവരങ്ങൾ ലഭ്യമാക്കുമ്പോഴും അന്വേഷണ നടപടികളിൽ ഇടപെടാത്ത രീതിയിലാണ് സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. രഹസ്യവിവരങ്ങളും വ്യക്തിഗത വിവരങ്ങളും സുരക്ഷിതമായി സൂക്ഷിക്കും. കേരള പൊലീസിന്റെ ഡിജിറ്റൽ വിഭാഗമായ ഐ-കോപ്പ്സാണ് (iCoPS) രണ്ട് പദ്ധതികൾക്കുമുള്ള സോഫ്റ്റ്‌വെയർ തയ്യാറാക്കിയത്. പദ്ധതികൾ നടപ്പാക്കാൻ അധിക സാമ്പത്തിക ചെലവുണ്ടായിട്ടില്ലെന്നും പൊലീസ് ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ മന്ത്രി അറിയിച്ചു.

Post a Comment
0 Comments