കാസര്‍കോട്: മാലപൊട്ടിക്കലും വധശ്രമവും ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പിടികിട്ടാപ്പുള്ളിയെ ബേഡകം പൊലീസ് എറണാകുളത്തു നിന്ന് സാഹസികമായി പിടികൂടി. പള്ളിക്കര കോട്ടക്കുന്ന് സ്വദേശി മുഹമ്മദ് അറാഫത്താണ് പൊലീസിന്റെ വലയിലായത്. എറണാകുളം ജില്ലയിലെ കളമശ്ശേരിയില്‍ നിന്നാണ് അന്വേഷണ സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്.
2011 മേയ് 18ന് ബേഡകം ചെമ്പക്കാട് വച്ച് ജോലി കഴിഞ്ഞ് റോഡിലൂടെ നടന്നുപോവുകയായിരുന്ന സ്ത്രീയുടെ കഴുത്തില്‍ നിന്ന് രണ്ടേമുക്കാല്‍ പവന്‍ വരുന്ന സ്വര്‍ണ്ണ താലിമാല ബൈക്കിലെത്തി കവര്‍ന്ന കേസിലാണ് ഇയാള്‍ക്കെതിരെ വാറണ്ടുള്ളത്. മാല പിടിച്ചു പറിക്കുന്നതിനിടയിലുണ്ടായ പിടിവലിയില്‍ പരാതിക്കാരിയുടെ കഴുത്തിന് സാരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് ബേഡകം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കോടതിയില്‍ ഹാജരാകാതെ മുങ്ങിനടന്ന ഇയാളെ കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ കാസര്‍കോട് പൊലീസ് സ്റ്റേഷനില്‍ ഒരു വധശ്രമക്കേസും നിലവിലുണ്ട്.
ബേഡകം പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ കെ. അജിതയുടെ നിര്‍ദ്ദേശപ്രകാരം സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ രജീഷ് താരംതട്ട, ഷഫീഖ്, സിവില്‍ പൊലീസ് ഓഫീസര്‍ കെ. സന്ദീപ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കളമശ്ശേരിയിലെത്തി പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ്് ചെയ്തു.

Post a Comment
0 Comments