കാസര്‍കോട്: മലയാളികള്‍ എത്തി കര്‍ണാടകയിലെ സംസ്‌കാരം നശിപ്പിക്കുന്നുവെന്നും ഗുണ്ടല്‍പേട്ടിന്റെ പകുതി മലയാളികള്‍ കയ്യേറിയെന്നും കുടക് മുഴുവന്‍ മലയാളികളുടെ തോന്നിവാസമാണെന്നുമുള്ള മുന്‍ ബി.ജെ.പി എം.പി പ്രതാപ് സിംഹയുടെ അധിക്ഷേപ പരാമര്‍ശങ്ങള്‍ അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്റഫ്. കര്‍ണാടകയുടെ സംസ്‌കാരം മലയാളികളെയോ മലയാളിയുടെ സംസ്‌കാരം കര്‍ണാടകക്കാരെയോ ആരും പഠിപ്പിക്കേണ്ടതില്ല. കൊടുത്തും വാങ്ങിയും സാംസ്‌കാരിക വിനിമയം നടത്തുന്നവരാണ് മലയാളികള്‍. ആ സാംസ്‌കാരിക സൗഹൃദം അറിയാത്തവര്‍ ബി.ജെ.പിക്കാര്‍ മാത്രമാണ്.
വര്‍ഗീയതയും പരസ്പര വിദ്വേഷവും മാത്രം സംസാരിക്കുന്ന ആളാണ് പ്രതാപ് സിംഹയെന്നും ജനങ്ങളെല്ലാം തള്ളിപ്പറഞ്ഞതുകൊണ്ടാണ് ഇപ്പോഴും മുന്‍ എം.പിയായി നില്‍ക്കുന്നതെന്നും എം.എല്‍.എ വ്യക്തമാക്കി. ഇന്ത്യയ്ക്ക് മതേതരത്വത്തിന്റെയും നന്മകളുടെയും നൂറുകൂട്ടം മാതൃകകള്‍ സമ്മാനിച്ചവരാണ് മലയാളികള്‍. റഹീമിന്റെ കഥയും അടുത്തകാലത്ത് നടന്ന കല്യാണിയമ്മയുടെ സംസ്‌കാരവും കഥയുമൊക്കെ ഈനാട്ടില്‍ കാണാം.
രാവിലെ എഴുന്നേറ്റ് കിടക്കുന്നതു വരെ ഏഴ് ഭാഷകളില്‍ സ്വന്തം മണ്ഡലത്തിലെ ജനങ്ങളുമായി സംസാരിക്കുന്ന മഞ്ചേശ്വരത്തെ എം.എല്‍.എയാണ് താന്‍. അതിര്‍ത്തിയില്‍ നിന്ന് ഈ മനുഷ്യന്റെ വെറുപ്പും വിദ്വേഷവും വിതറുന്ന ഒരുപാട് വാര്‍ത്തകള്‍ കേട്ടിട്ടുണ്ടെങ്കിലും മലയാളികളാണ് കര്‍ണാടകയിലെത്തി സംസ്‌കാരം നശിപ്പിക്കുന്നതെന്ന് വീണ്ടും ചീപ്പ് പോപ്പുലാരിറ്റിക്ക് വേണ്ടി നടത്തിയ പ്രസ്താവന ശക്തമായി അപലപിക്കുന്നു. ഇത്തരത്തില്‍ പരാമര്‍ശം നടത്തുന്ന ആളുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും കേസെടുക്കണമെന്നും ആവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രിയ്ക്കും ആഭ്യന്തര മന്ത്രിക്കും ഇമെയില്‍ അയച്ചതായും എ.കെ.എം അഷ്റഫ് എം.എല്‍.എ അറിയിച്ചു.

Post a Comment
0 Comments