ചിന്നക്കനാലിലെ അക്രമകാരിയായ കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടിവെക്കാനുള്ള നീക്കം സജീവം. ഇടിക്കുഴി ഭാഗത്ത് ആനയെ കണ്ടെത്തിയ ദൗത്യസംഘം മയക്കുവെടിവെക്കാൻ അനുയോജ്യമായ സ്ഥലത്താണ് ആനയുള്ളതെന്ന് വിലയിരുത്തി. മയക്കുവെടി സംഘവും ആനയുടെ സമീപത്തെത്തി. ആന ജലാശയത്തിന്റെ അരികിലേക്ക് നീങ്ങുന്നത് തടയാനുള്ള ശ്രമത്തിലാണ് ദൗത്യസംഘം.
ഇന്നലെ രാത്രിയോടെ ചക്കക്കൊമ്പൻ വനംവകുപ്പിന്റെ നിരീക്ഷണത്തിൽ നിന്ന് മാറിയിരുന്നു. കനത്ത മഴയെ തുടർന്ന് ആനയെ ട്രാക്ക് ചെയ്യാനും കഴിഞ്ഞിരുന്നില്ല. ഇന്നലെ ദൗത്യം അവസാനിപ്പിക്കുമ്പോൾ ചെമ്പകത്തൊഴുക്കുടി ഭാഗത്തായിരുന്നു ആനയുടെ സാന്നിധ്യം. ഇന്ന് രാവിലെ ആറോടെ ട്രാക്കിങ് സംഘം തിരച്ചിൽ പുനരാരംഭിച്ചു. ഏഴുമണിയോടെ ഇടിക്കുഴി ഭാഗത്ത് ആനയെ കണ്ടെത്തിയതിനെ തുടർന്ന് ദൗത്യസംഘം സ്ഥലത്തെത്തി.
ആനയുടെ അക്രമസ്വഭാവവും മയക്കുവെടിവെക്കാൻ അനുയോജ്യമായ സ്ഥലത്ത് എത്താത്തതുമാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലെയും ദൗത്യത്തിന് തിരിച്ചടിയായത്. ഇന്ന് കൂടി ദൗത്യം പൂർത്തിയാക്കാനാണ് ശ്രമം. അതിന് കഴിഞ്ഞില്ലെങ്കിൽ താൽക്കാലികമായി ദൗത്യത്തിന് ഇടവേള നൽകാനാണ് തീരുമാനം. ദൗത്യത്തിന്റെ ഭാഗമായി ചിന്നക്കനാൽ പഞ്ചായത്തിലെ ആറ് വാർഡുകളിൽ നിരോധനാജ്ഞ തുടരുകയാണ്.

Post a Comment
0 Comments