തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ നടക്കാവില്‍ കായിക മന്ത്രിയുടെ പരിപാടിയില്‍ വാഹനം തടഞ്ഞ് കുഴപ്പമുണ്ടാക്കുകയും പൊലിസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും അക്രമണം നടത്തുകയും ചെയ്ത സംഭവത്തില്‍ ഏഴു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ചന്തേരയിലെ നിഖില്‍ (30), വിജേഷ് (36), സനീഷ് കൊയോങ്കര, വത്സരാജ്, നിബിന്‍, വിഷ്ണു, സനീഷ് എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
സംഭവത്തില്‍ 25 സിപിഎം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരുന്നു. എസ്.ഐ ദിനേശ് രാജിന്റെ ലാത്തി തകര്‍ക്കല്‍, എസ്.ഐ വിനോദ് കുമാറിന്റെ നെയിം പ്ലേറ്റ് പറിച്ചെടുക്കല്‍ എന്നിവയും പൊലിസ് സ്വമേധയാ എടുത്ത കേസില്‍ ചേര്‍ത്തിട്ടുണ്ട്. നിഖില്‍, രാഹുല്‍, വിജേഷ്, കണ്ടാലറിയാവുന്ന 10 പേര്‍ ഇവരെയാണ് പ്രാഥമ വിവര റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയത്. മന്ത്രിയുടെ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന എം. മുഹമ്മദ് സര്‍ഫ്രാസി (20)ന്റെ പരാതിയില്‍ കൊയോങ്കരയിലെ സനീഷ്, വിഷ്ണു, കണ്ടാലറിയാവുന്ന പത്ത് പേര്‍ ഇവര്‍ക്കെതിരെയും ചന്തേര പൊലിസ് കേസെടുത്തു. ഇരുമ്പ് പൈപ്പ് കൊണ്ട് ആക്രമിക്കുകയും കൈകൊണ്ട് അടിക്കുകയും ചവിട്ടുകയും മൊബൈല്‍ ഫോണ്‍ തകര്‍ക്കുകയും ചെയ്തുവെന്നാണ് പരാതി. പരിക്കേറ്റ എം മുഹമ്മദ് സര്‍ഫാസിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment
0 Comments