പെര്‍ള: എന്‍മകജെ ഗ്രാമപഞ്ചായത്തിന്റെ ഈവര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആരംഭിച്ച പാലിയേറ്റീവ് കെയര്‍ ഓഫീസിന്റെ ഉദ്ഘാടനവും പാലിയേറ്റീവ് കെയര്‍ ഉപകരണങ്ങളുടെ കൈമാറ്റവും പഞ്ചായത്ത് ഹാളില്‍ മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്‌റഫ് നിര്‍വഹിച്ചു. പഞ്ചായത്തിന്റെ മികച്ച പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച എം.എല്‍.എ പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ട പാലിയേറ്റീവ് കെയര്‍ വാഹനത്തിന്റെ സേവനം ഈവര്‍ഷം തന്നെ യാഥാര്‍ഥ്യമാക്കുന്നതിനു നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. കുസുമാവതി അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം ജെ.എസ് സോമ ശേഖര മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബൂബക്കര്‍ സിദ്ദീഖ് വോള മുഗര്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. വിജയ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ നഫീസത്ത് മിസ്‌രിയ, വിദ്യാകുമാരി, പഞ്ചായത്ത് അംഗങ്ങളായ ഐത്തപ്പ കുലാല്‍, എ.എ ആയിഷ, ആയിഷത്ത് റാബിയ, എം രാമചന്ദ്രന്‍, സിസി നളിനാക്ഷി, സൗദാബി ഹനീഫ്, പഞ്ചായത്ത് സെക്രട്ടറി ഷുക്കൂര്‍ മുണ്ടായത്ത് സംസാരിച്ചു. എഫ്.എച്ച്.സി പെര്‍ള മെഡിക്കല്‍ ഓഫീസര്‍ ഡോ. രാഹുല്‍ പ്രശാന്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പാലിയേറ്റീവ് കെയര്‍ നഴ്‌സ് ജോസ്മി നന്ദി പറഞ്ഞു. പഞ്ചായത്തിന്റെയും എഫ്.എച്ച്.സിയുടെയും ജീവനക്കാര്‍, ആശാപ്രവര്‍ത്തകര്‍, പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകര്‍, നാട്ടുകാര്‍ പങ്കെടുത്തു. പുതിയ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചതോടെ പഞ്ചായത്തിലെ കിടപ്പുരോഗികള്‍ക്കും ഗുരുതര രോഗബാധിതര്‍ക്കും കൂടുതല്‍ കാര്യക്ഷമമായ പരിചരണവും തുടര്‍പിന്തുണയും ഉറപ്പാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പഞ്ചായത്ത്.

Post a Comment
0 Comments