Type Here to Get Search Results !

Bottom Ad

ക്വാറി മാഫിയ ബന്ധമെന്ന് ആരോപണം; സി വി വർഗീസിനെതിരെ ഇടുക്കി സിപിഎമ്മിൽ വിമർശനം


സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വർഗീസിനെതിരെ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ ഗുരുതര ആരോപണങ്ങൾ. ക്വാറി മാഫിയയുമായി ജില്ലാ സെക്രട്ടറി വഴിവിട്ട ബന്ധം തുടരുന്നുവെന്ന വിമർശനമാണ് യോഗത്തിൽ ഉയർന്നത്. ജില്ലാ നേതൃത്വത്തിന്റെ പ്രവർത്തനങ്ങളിലും തീരുമാനങ്ങളിലുമുള്ള അതൃപ്തിയും പ്രതിനിധികൾ തുറന്നടിച്ചു.

സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ടും ജില്ലാ നേതൃത്വത്തിനെതിരെ വിമർശനമുയർന്നു. ഉടുമ്പൻചോലയിൽ സ്ഥാനാർഥി നിർണയം പാളിയെന്നും എം.എം. മണിക്ക് പകരം കെ.കെ. ജയചന്ദ്രനെ മത്സരിപ്പിച്ചത് ജില്ലയിൽ പാർട്ടിക്ക് തിരിച്ചടിയായെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി. ജില്ലാ നേതൃത്വത്തിന്റെ താത്പര്യം മറികടന്നാണ് സ്ഥാനാർഥി നിർണയം നടന്നതെന്നും വിമർശനമുണ്ടായി.

ദേവികുളത്തെ തെരഞ്ഞെടുപ്പ് പരാജയത്തിലും എ. രാജയ്‌ക്കെതിരെ പ്രതിനിധികൾ രൂക്ഷ വിമർശനം ഉന്നയിച്ചു. എംഎൽഎ എന്ന നിലയിൽ എ. രാജയുടെ പ്രവർത്തനം പരാജയമായിരുന്നുവെന്നും പാർട്ടിയുടെ ഉറച്ച സീറ്റായ ദേവികുളത്ത് തോൽവി നേരിടാൻ ഇതും കാരണമായെന്നും യോഗത്തിൽ കുറ്റപ്പെടുത്തി.

ഇതിനിടെ ഇടുക്കി സിപിഎം ജില്ലാ ഘടകത്തിൽ പുനഃസംഘടനയ്ക്ക് സാധ്യതയുണ്ടെന്നാണ് സൂചന. ആരോഗ്യപ്രശ്‌നങ്ങൾ പരിഗണിച്ച് പി.എസ്. രാജനെ ജില്ലാ സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവാക്കിയേക്കും. ജില്ലാ കമ്മിറ്റിയിൽ രണ്ട് പുതുമുഖങ്ങളെ ഉൾപ്പെടുത്താനും നാല് പുതിയ ഏരിയ സെക്രട്ടറിമാരെ പ്രത്യേക ക്ഷണിതാക്കളാക്കാനും നീക്കമുണ്ടെന്നാണ് വിവരം. സി.വി. വർഗീസിനെതിരായ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ജില്ലാ നേതൃത്വത്തിലെ തുടർ നടപടികളും ശ്രദ്ധേയമാകും.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad