ഹൊസങ്കടി: യംഗ് ഡെമോക്രാറ്റ്‌സ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഞ്ചേശ്വരം അസംബ്ലി യൂത്ത് കൗണ്‍സില്‍ സംഘടിപ്പിച്ചു. ഒക്ടോബര്‍ 2ന് വൈകിട്ട് നാലിന് ഹൊസങ്കടി ഗ്രാന്‍ഡ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിക്ക് യംഗ് ഡെമോക്രാറ്റ്‌സ് ജില്ലാ കണ്‍വീനര്‍ കബീര്‍ ബ്ലാര്‍കോഡ് പതാക ഉയര്‍ത്തി തുടക്കം കുറിച്ചു. യൂത്ത് കൗണ്‍സിലിന്റെ ഭാഗമായി ഹൊസങ്കടി ടൗണില്‍ സംഘടിപ്പിച്ച യുവജന റാലിയില്‍ നിരവധി യുവജനങ്ങളും സംഘടനാ പ്രവര്‍ത്തകരും പങ്കെടുത്തു. വിവിധ കലാ-സാംസ്‌കാരിക പരിപാടികള്‍ റാലിക്ക് ആവേശം പകര്‍ന്നു.
യംഗ് ഡെമോക്രാറ്റ്‌സ് ജില്ലാ ജോയിന്റ് കണ്‍വീനര്‍ ഷരീഫ് പാവൂര്‍ അധ്യക്ഷത വഹിച്ചു. ഷബീര്‍ പൊസോട്ട് സ്വാഗതം പറഞ്ഞു. യംഗ് ഡെമോക്രാറ്റ്‌സ് സംസ്ഥാന ഓര്‍ഗനൈസിങ് കമ്മിറ്റി കണ്‍വീനര്‍ എം. എം. താഹിര്‍ വിഷന്‍ പേപ്പര്‍ അവതരിപ്പിച്ചു. എസ്.ഡി.പി.ഐ. മണ്ഡലം പ്രസിഡന്റ് നാസര്‍ ബംബ്രാണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. യുവജനങ്ങളുടെ സാമൂഹികവും ജനാധിപത്യപരവുമായ ഇടപെടലുകള്‍ ശക്തിപ്പെടുത്തുക, പൊതുസമൂഹത്തിലെ പ്രശ്‌നങ്ങളില്‍ അവരുടെ പങ്കാളിത്തം വര്‍ധിപ്പിക്കുക, പുതിയ നേതൃത്വത്തെ വളര്‍ത്തിയെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് യൂത്ത് കൗണ്‍സില്‍ സംഘടിപ്പിച്ചത്.
മഞ്ചേശ്വരം മണ്ഡലത്തില്‍ യംഗ് ഡെമോക്രാറ്റ്‌സിന്റെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിനും യുവജനങ്ങളെ ജനാധിപത്യ പ്രക്രിയയില്‍ സജീവ പങ്കാളികളാക്കുന്നതിനും കൗണ്‍സില്‍ ലക്ഷ്യമിടുന്നു. സംഘടനാ നേതാക്കളും വിവിധ മേഖലകളില്‍ നിന്നുള്ള യുവജനങ്ങളും പരിപാടിയില്‍ പങ്കെടുത്തു. യംഗ് ഡെമോക്രാറ്റ്‌സ് മഞ്ചേശ്വരം കമ്മിറ്റി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട താജു ഉപ്പള നന്ദി പറഞ്ഞു.

Post a Comment
0 Comments