Type Here to Get Search Results !

Bottom Ad

'മദ്യപിച്ച് വാഹനം ഓടിച്ചുള്ള മരണങ്ങള്‍ കൊലപാതകം', ഷറഫുദ്ദീന്റെ അവസാന സ്റ്റാറ്റസ്; മണിക്കൂറുകള്‍ക്കകം കാറിടിച്ച് ദാരുണാന്ത്യം


മലപ്പുറം: മദ്യപിച്ച് വാഹനം ഓടിച്ച് സംഭവിക്കുന്ന അപകട മരണങ്ങള്‍ കൊലപാതകമാണെന്നായിരുന്നു ഇന്നലെ മലപ്പുറം ഒതുക്കുങ്ങലില്‍ അപകടത്തില്‍ മരിച്ച അധ്യാപകന്‍ ഷറഫുദ്ദീന്റെ അവസാന വാട്‌സ്ആപ്പ് സ്റ്റാറ്റസ്. മദ്യപിച്ച് ഓടിച്ചാല്‍ അപകടം ഉണ്ടാകുമെന്ന് അറിയാവുന്നവരാണ് ആളെ കൊല്ലുന്നതെന്നും ഷറഫുദ്ദീന്‍ പറഞ്ഞിരുന്നു. സ്റ്റാറ്റസിട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ ദുരന്തം ഷറഫുദ്ദീനെ തേടിയെത്തി. മദ്യപാനി ഓടിച്ച കാര്‍ ഇടിച്ചായിരുന്നു ദാരുണാന്ത്യം.

ചേരാനല്ലൂര്‍ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇന്നലെ വൈകീട്ട് 6.52ന് ഷറഫുദ്ദീന്‍ സ്റ്റാറ്റസ് ഇട്ടത്. 'കേരളത്തില്‍ ഒരു ദിവസം ശരാശരി 15 പേരാണ് വാഹനാപകടത്തില്‍ മരണപ്പെടുന്നത്. ഇതില്‍ പകുതിയിലേറെയും വെറും അപകടങ്ങളല്ല, കൊലപാതകങ്ങളാണ്. മദ്യപിച്ച് വാഹനമോടിച്ചാല്‍ അപകടം ഉണ്ടാകുമെന്ന് അറിയാവുന്നവരാണ് ആളെ കൊല്ലുന്നത്. പ്രൈവറ്റ് ബസ്സുകളുടെയും ടിപ്പര്‍ ലോറികളുടെയും മരണപ്പാച്ചില്‍ എത്ര പേരെ കൊന്നു? എന്നിട്ട് വല്ല നിയന്ത്രണവുമുണ്ടോ? ഇല്ലാത്തതിന് കാരണം, ഒരു ദിവസം പോലും ജയിലില്‍ കിടക്കേണ്ടിവരില്ല. സ്‌റ്റേഷന്‍ ജാമ്യത്തില്‍ വീട്ടില്‍ പോകാം' -ഇതായിരുന്നു വാട്‌സ്ആപ്പ് സ്റ്റാറ്റസ്. സ്റ്റാറ്റസ് ഇട്ട് മണിക്കൂറുകള്‍ക്കകമായിരുന്നു അപകടം.

സ്വകാര്യ സ്‌കൂളില്‍ താല്‍കാലിക അധ്യാപകനായിരുന്നു ഒതുക്കുങ്ങല്‍ കുഴിപ്പുറം പാലേമാട് സ്വദേശി ഷറഫുദ്ദീന്‍ (36). സുഹൃത്തിന് ഹബീബിനൊപ്പം സ്കൂട്ടറില്‍ പോകവേയായിരുന്നു കാറിടിച്ചത്. സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. മദ്യലഹരിയിലായിരുന്ന കാര്‍ ഡ്രൈവര്‍ സ്‌കൂട്ടര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഷറഫുദ്ദീന്‍ രാത്രി പന്ത്രണ്ടോടെ മരിച്ചു. >മദ്യപിച്ച് വാഹനം ഓടിച്ച കാര്‍ ഡ്രൈവര്‍ മലപ്പുറം പറപ്പൂര്‍ സ്വദേശി അക്ബര്‍ അലി (36)യെ വേങ്ങര പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മെഡിക്കല്‍ പരിശോധനയില്‍ പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad