കൊച്ചി: ട്രെയിനിലും റെയിൽവേ പരിസരത്തും ലഹരി ഉപയോഗിക്കുന്ന യാത്രക്കാർക്കെതിരേ റെയിൽവേക്ക് നടപടി സ്വീകരിക്കാമെന്ന് കേരള ഹൈക്കോടതി. ലഹരി ഉപയോഗിക്കുന്നവരെ റെയിൽവേ പരിസരത്ത് നിന്ന് പുറത്താക്കാനും നിയമനടപടി സ്വീകരിക്കാനും അധികാരം നൽകുന്ന റെയിൽവേ ആക്റ്റിലെ 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് കോടതി വ്യക്തമാക്കി.
വകുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ടൂർ ആൻഡ് ട്രാവൽസ് കമ്പനി മാനേജിങ് ഡയറക്ടർ കെ എൻ ശാസ്ത്രി നൽകിയ ഹർജിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് തള്ളിയത്. ‘ലഹരി ഉപയോഗിച്ച അവസ്ഥ’ എന്നതിന് നിയമത്തിൽ വ്യക്തമായ നിർവചനമില്ലെന്നും ഇത് ആർപിഎഫിന്റെ ഇടപെടലുകൾക്ക് ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും ഹർജിക്കാരൻ വാദിച്ചിരുന്നു. ചെറിയ അളവിൽ മദ്യം കഴിച്ച് ഔദ്യോഗിക ആവശ്യങ്ങൾക്കായി ട്രെയിനിൽ യാത്ര ചെയ്യേണ്ട സാഹചര്യമുണ്ടാകാറുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

Post a Comment
0 Comments