കാസര്‍കോട്: പ്രമുഖ മതപണ്ഡിതനും വാഗ്മിയും സമസ്ത കേന്ദ്ര മുശാവറ ട്രഷററുമായ കൊയ്യോട് ഉമര്‍ മുസ്‌ലിയാരെ കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസിയായി നിയമിച്ചു. പ്രസിഡന്റ് എന്‍ എ നെല്ലിക്കുന്നിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നസംയുക്ത മുസ്ലിം ജമാഅത്ത് പ്രവര്‍ത്തക സമിതിയംഗങ്ങളുടെയും മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കൗണ്‍സിലര്‍മാരുടെയും സംയുക്ത ജമാഅത്തിന് കീഴിലുള്ള അംഗ ജുമുഅത്ത് പള്ളി പ്രസിഡന്റ്, സെക്രട്ടറിമാരുടെയും സംയുക്ത യോഗത്തിലാണ് ഐക്യകണ്‌ഠേനയായി തീരുമാനമെടുത്തത്.
പ്രൊഫസര്‍ ആലിക്കുട്ടി മുസ്ല്യാരുടെ നിര്യാണത്തെ തുടര്‍ന്നുള്ള ഒഴിവിലാണ് നിയമനം. പുതിയ ഖാസിയുടെ സ്ഥാനാരോഹണ തീയ്യതി സംയുക്ത ജമാഅത്ത് സ്റ്റിയറിംഗ് കമ്മറ്റി യോഗം ചേര്‍ന്ന് തീരുമാനിക്കും. നിലവില്‍ സമസ്ത ട്രഷററും വിദ്യാഭ്യാസ ബോര്‍ഡ് ജോ.സെക്രട്ടറിയും എസ്എന്‍ഇസി ഗവേണിംഗ് ബോര്‍ഡ് കണ്‍വീനറും പെരിങ്ങത്തൂര്‍, കര്‍ണാടകയിലെ മൂഡിഗരെ തുടങ്ങിയ വിവിധ സംയുക്ത ജമാഅത്തുകളുടെയും ഖാസിയായി സേവനം അനുഷ്ഠിക്കുന്ന ഉമര്‍ മുസ്ല്യാര്‍, കൊയ്യോട് ഖാസിയും സമസ്ത കേന്ദ്ര മുശാവറ അംഗവുമായിരുന്ന പരേതനായ കൊയ്യോട് മൊയ്തീന്‍ കുട്ടി മുസ്ലിയാരുടെ പുത്രനാണ്.
പാപ്പിനിശ്ശേരി ജാമിയ അസ്അദിയ്യ അടക്കം വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രസിഡന്റും പ്രിന്‍സിപ്പളുമാണ്. യോഗത്തില്‍ ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി പ്രാര്‍ത്ഥന നടത്തി. ജനറല്‍ സെക്രട്ടറി എ. അബ്ദുള്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു. സംയുക്ത ജമാ അത്ത് വൈസ് പ്രസിഡന്റ് മാലിക് ദീനാര്‍ ജുമാ മസ്ജിദ് കമ്മറ്റി പ്രസിഡന്റുമായ യഹ് യ തളങ്കര മുഖ്യ പ്രഭാഷണം നടത്തി. കരീം സിറ്റി ഗോള്‍ഡ്, മുഹമ്മദ് കുഞ്ഞി ചായിന്റടി, കെബി മുഹമ്മദ് കുഞ്ഞി, മജീദ് പട്‌ള, എംഎഎച്ച് മഹമൂദ്, കെ.എ.മുഹമ്മദ് ബഷീര്‍, യു.സഹദ് ഹാജി, സിദ്ദീഖ്നദ് വി ചേരൂര്‍, അഷ്‌റഫ് പളളി ക്കണ്ടം, ഹമീദ് മിഹ്‌റാജ്, കെ.എം. അബ്ദുറഹിമാന്‍, ടി.എ.ഷാഫി, മൊയ്‌നുദ്ദീന്‍ കെ.കെ.പുറം, സി.അബ്ദുള്ള കുഞ്ഞി ഹാജി, എ.ബി ഷാഫി, മഹ്മൂദ് ഹാജി എരിയപ്പാടി പ്രസംഗിച്ചു.

Post a Comment
0 Comments