കുമ്പള: പൊതുമരാമത്ത് വകുപ്പിന്റെ കോടികള്‍ വിലമതിക്കുന്ന പൊതുഭൂമി പട്ടാപ്പകല്‍ കയ്യേറി സംഘ്പരിവാര്‍ സംഘം അനധികൃതമായി കൂറ്റന്‍ ഓഡിറ്റോറിയം നിര്‍മിച്ചതിനെതിരെ മഞ്ചേശ്വരത്ത് വന്‍ ജനരോഷവും രാഷ്ട്രീയ പ്രതിഷേധവും ശക്തം. കുമ്പള പൊലീസ് പരിധിയിലെ ജോഡുകല്ലിലാണ് റവന്യൂ- പൊതു
മരാമത്ത് ഭൂമി ഉള്‍പ്പെടെ കയ്യേറി സേവാഭാരതി ട്രസ്റ്റിന്റെ മറവില്‍ ഇരുപതിനായിരം ചതുരശ്ര അടി വിസ്തൃതിയിലുള്ള പടുകൂറ്റന്‍ കെട്ടിടം പണിതത്. ആര്‍.എസ്.എസ് യോഗങ്ങള്‍ സംഘടിപ്പിക്കാനും ശാഖാ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റു ആവശ്യങ്ങള്‍ക്കുമായി പടുകൂറ്റന്‍ ഇരുമ്പ് തൂണുകള്‍ സ്ഥാപിച്ചാണ് ഓഡിറ്റോറിയം മാതൃകയില്‍ കെട്ടിടം പൂര്‍ത്തിയാക്കിയത്.
കഴിഞ്ഞ ജൂലായ് മാസം മുതല്‍ തന്നെ അനധികൃത കയ്യേറ്റത്തിനെതിരെ പ്രദേശ വാസികളും പൊതുപ്രവര്‍ത്തകരും ബന്ധപ്പെട്ട അധികാരികള്‍ക്ക് നിരന്തരം പരാതികള്‍ നല്‍കിയിരുന്നു. തുടര്‍ന്ന് കയ്യേറ്റ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പൂര്‍ണമായും പിന്മാറാമെന്ന് നിര്‍മാണത്തിന് നേതൃത്വം നല്‍കിയവര്‍ പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി രേഖാമൂലം ഉറപ്പ് നല്‍കിയിരുന്നതുമാണ്. എന്നാല്‍ നല്‍കിയ ഉറപ്പുകളെല്ലാം പരസ്യമായി കാറ്റില്‍ പറത്തി ലോക്കല്‍ പൊലീസിന്റെയും വകുപ്പ് ഉദ്യോഗസ്ഥരുടെയും മൗനാനുവാദത്തോടും പൂര്‍ണ ഒത്താശയോടെയുമാണ് പ്രവൃത്തി പൂര്‍ത്തിയാക്കിയതെന്ന ഗുരുതരമായ ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്.
സര്‍ക്കാര്‍ അവധിദിനം തന്ത്രപരമായി തിരഞ്ഞെടുത്ത സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ അതീവ രഹസ്യമായി ഇരുമ്പ് തൂണുകളില്‍ ഷീറ്റ് മേഞ്ഞ് നിര്‍മാണം പൂര്‍ത്തിയാക്കുകയായിരുന്നു. നിയമവാഴ്ചയെ വെല്ലുവിളിച്ച് കയ്യേറ്റത്തിനെതിരെ ശക്തമായ പ്രക്ഷോഭവുമായി മുസ്‌ലിം യൂത്ത് ലീഗ് രംഗത്തെത്തി. സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ മഞ്ചേശ്വരം പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എഞ്ചിനീയറെ ഉപരോധിച്ച് ഘെരാവോ ചെയ്തു. പൊതുഭൂമിയിലെ അനധികൃത നിര്‍മാണം അടിയന്തരമായി പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കി.
കയ്യേറ്റ ഭൂമിയിലെ പ്രവൃത്തികള്‍ പൂര്‍ണമായി തടയുമെന്നും കെട്ടിടം പൊളിച്ചുമാറ്റാനുള്ള ഔദ്യോഗിക നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും യൂത്ത് ലീഗ് നേതാക്കള്‍ക്ക് പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എഞ്ചിനീയര്‍ ഉറപ്പുനല്‍കി. പ്രദേശത്ത് മനപ്പൂര്‍വം വര്‍ഗീയ ധ്രുവീകരണവും ക്രമസമാധാന പ്രശ്‌നങ്ങളും സൃഷ്ടിക്കാന്‍ ശ്രമിച്ച കുറ്റക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
ഉപരോധ സമരത്തെ തുടര്‍ന്ന് മഞ്ചേശ്വരം സി.ഐ ഉള്‍പ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഓഫീസിലെത്തി യൂത്ത് ലീഗ് നേതാക്കളുമായി ചര്‍ച്ച നടത്തു ന്നതിനിടെ കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ബി.ജെ.പി നേതാവ് ലോകേഷ് നൊണ്ട സ്ഥലത്തെത്തിയത് കനത്ത സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. സ്ഥലത്തുണ്ടായിരുന്ന പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തു.
മഞ്ചേശ്വരം പി.ഡബ്ല്യു.ഡി ഓഫീസിന് മുന്നില്‍ നടന്ന പ്രതിഷേധ സമരത്തിന് ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് അസീസ് കളത്തൂര്‍, വൈസ് പ്രസിഡന്റ് എ. മുക്താര്‍, മണ്ഡലം പ്രസിഡന്റ് ആസിഫ് കന്തല്‍, ജനറല്‍ സെക്രട്ടറി മജീദ് പച്ചമ്പള, സിദ്ദീഖ് ദണ്ഡഗോളി, ട്രഷറര്‍ ഫാറൂഖ് ചെക്ക്‌പോസ്റ്റ്, സവാദ് അംഗടി മൊഗര്‍, മുജീബ് പേരാല്‍, ഹനീഫ് കുഞ്ചത്തൂര്‍, റിയാസ് പച്ചിലമ്പാറ, ഇര്‍ഷാദ് കുഞ്ചത്തൂര്‍, സമദ് അരിമല, നിസാം കൊടിയമ്മ, നൗഫല്‍ കൊടിയമ്മ, നിസാര്‍ ബായര്‍, ജസീല്‍ ഹുബള്ളി, ഇര്‍ഷാദ് ചെക്‌പോസ്റ്റ്, ഇര്‍ഫാന്‍ നേതൃത്വം നല്‍കി.

Post a Comment
0 Comments