കാസര്‍കോട്: ജില്ലയുടെ ആസ്ഥാന കേന്ദ്രമായ കാസര്‍കോട് നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിനും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയ്ക്കും ശാശ്വത പരിഹാരം കാണുന്നതിനുള്ള വികസന പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി മുന്നോട്ടുകൊണ്ടു പോകേണ്ടതുണ്ടെന്ന് കല്ലട്ര മാഹിന്‍ എം.എല്‍.എ. കാസര്‍കോട് നഗരസഭ ജനസമ്പര്‍ക്ക പരിപാടിയില്‍ നഗരവാസികളുമായും വിവിധ മേഖലകളിലുള്ള പ്രതിനിധികളുമായും സംവദിക്കുകയായിരുന്നു അദ്ദേഹം.
നഗരത്തിലെ ഗതാഗതക്കുരുക്ക്, റോഡുകളുടെ ശോചനീയാവസ്ഥ, പാര്‍ക്കിംഗ് സൗകര്യങ്ങളുടെ അപര്യാപ്തത, കുടിവെള്ളം, മാലിന്യ സംസ്‌കരണം, ഡ്രെയി നേജ് സംവിധാനം, തെരുവ് വിളക്കുകള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങ ളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ജനങ്ങള്‍ എം.എല്‍.എയുടെ ശ്രദ്ധയില്‍പ്പെടുത്തി. നഗരത്തിന്റെ ഭാവി വികസനം മുന്നില്‍ക്കണ്ട് ദീര്‍ഘകാലാടി സ്ഥാനത്തിലുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതിന്റെ ആവശ്യകതയും ചര്‍ച്ചയായി.
കാസര്‍കോട് നഗരത്തിന്റെ വികസനം ഒരു വ്യക്തിയുടെയോ ഒരു സ്ഥാപനത്തിന്റെയോ മാത്രം ഉത്തരവാദിത്തമല്ലെന്നും ജനപ്രതിനിധികള്‍, നഗരസഭ, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, വ്യാപാരി- വ്യവസായി സമൂഹം, സന്നദ്ധ സംഘടനകള്‍, പൊതുജനങ്ങള്‍ എന്നിവരുടെ കൂട്ടായ ഇടപെടലിലൂടെ മാത്രമേ സമഗ്രമായ വികസനം സാധ്യമാകൂവെന്നും കല്ലട്ര മാഹിന്‍ പറഞ്ഞു.
നഗരത്തിന്റെ ഗതാഗത പ്രശ്‌നത്തിന് അടിയന്തരവും ശാശ്വതവുമായ പരിഹാരം കണ്ടെത്തുന്നതിനായി ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപനം നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങളുടെ പരാതികളും നിര്‍ദേശങ്ങളും നേരിട്ട് കേട്ടറിഞ്ഞ് അവ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണുന്നതിനുള്ള ഇടപെടലുകള്‍ നടത്തുമെന്നും എം.എല്‍.എ ഉറപ്പുനല്‍കി.
ജനസമ്പര്‍ക്ക പരിപാടിയില്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ നിരവധി പേര്‍ തങ്ങളുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളും എം.എല്‍.എയെ നേരിട്ട് അറിയിച്ചു. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ നേരിട്ട് കേട്ടറിഞ്ഞ് അവയ്ക്ക് പരിഹാരം കണ്ടെത്തുന്നതിനുള്ള ഇത്തരം ജനസമ്പര്‍ക്ക പരിപാടികള്‍ തുടര്‍ന്നും സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കാസര്‍കോട് നഗരത്തിന്റെ വികസനത്തിന് രാഷ്ട്രീയ- സാമൂഹിക വ്യത്യാസങ്ങള്‍ക്കതീതമായ പരസ്പര ഐക്യവും സഹകരണവും അനിവാര്യ മാണെന്ന സന്ദേശത്തോടെയാണ് ജനസമ്പര്‍ക്ക പരിപാടി സമാപിച്ചത്.
പരിപാടിയില്‍ അഡ്വ. ഗോവിന്ദന്‍നായര്‍, എ.എം കടവത്ത്, മാഹിന്‍ കേളോട്ട്, കെ. ഖാലിദ്, ടി.എം ഇഖ്ബാല്‍, ആര്‍. ഗംഗാധരന്‍, കെഎം ബഷീര്‍, ഹമീദ് ബെദിര, കെഎം അബ്ദുല്‍ റഹ്മാന്‍, എംഎച്ച് അബ്ദുല്‍ ഖാദര്‍, മുസമ്മില്‍ ടിഎച്ച്, അമീര്‍ പണ്‍കണ്‍ിയാന്‍, ഫിറോസ് അടുക്കത്ത്ബയല്‍, ഷാഹിന സലിം, കെഎം ഹനീഫ്, മുസമ്മില്‍ എസ്‌കെ, അനസ് കണ്ടത്തില്‍, അസ്‌ക്കര്‍ ചൂരി, അബ്ദുല്‍ റഹിമാന്‍ തൊട്ടാന്‍, ആയിഷ സലാം, ആയിഷ അഷ്‌റഫ്, ബിന്ദു, സജ്‌ന, സുമയ്യ, മുനീസ, ജാഫര്‍ കമാല്‍, സമീന മുജീബ്, മഫീന, സാഹിദ, നൈമുന്നീസ, അര്‍ഷീന, സലീം, അബ്ദു എന്‍.എച്ച് സംബന്ധിച്ചു.

Post a Comment
0 Comments