നേപ്പാളിലെ ടിബറ്റൻ അതിർത്തിക്കടുത്തുള്ള റസുവ ജില്ലയിലുണ്ടായ ശക്തമായ മിന്നൽപ്രളയത്തിൽ നൂറിലേറെ ഇന്ത്യക്കാരുൾപ്പെടെ നിരവധി പേരെ കാണാനില്ല. നേപ്പാൾ ടൂറിസം ബോർഡ് നൽകിയ വിവരങ്ങളനുസരിച്ച് ആകെ കാണാതായത് 291 വിദേശപൗരന്മാരെയാണ്. ഇവരിൽ 105 പേർ ഇന്ത്യക്കാരാണ്. പ്രദേശത്ത് വിനോദസഞ്ചാരത്തിനെത്തിയ സംഘങ്ങളാണ് അപകടത്തിൽപ്പെട്ടതെന്നാണ് സൂചന. മൂന്ന് അമേരിക്കൻ പൗരന്മാരും മലേഷ്യയിൽനിന്നുള്ള 17 പേരും ബ്രിട്ടനിൽനിന്നുള്ള 12 പേരും ദക്ഷിണാഫ്രിക്കയിൽനിന്നുള്ള നാലുപേരും ഓസ്ട്രേലിയ, നെതർലൻഡ്സ് എന്നിവിടങ്ങളിൽനിന്നുള്ള ഓരോരുത്തരും കാണാതായവരിൽ ഉൾപ്പെടുന്നു. ഇതിനുപുറമെ കാണാതായ മറ്റു 103 പേരുടെ രാജ്യം ഏതാണെന്ന് ഇതുവരെ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.
ടിബറ്റൻ അതിർത്തിയിൽ നിന്ന് ഒഴുകിയെത്തിയ വെള്ളമാണ് നേപ്പാളിൽ വ്യാപക നാശനഷ്ടം വിതച്ചതെന്ന് നേപ്പാളി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നുവാകോട്ട്, ധാഡിങ് ജില്ലകളിൽ നിന്നായി ഇതുവരെ എട്ട് മൃതദേഹങ്ങൾ കണ്ടെടുത്തതായി സെൻട്രൽ പൊലീസ് അറിയിച്ചു. ടിബറ്റുമായി അതിർത്തി പങ്കിടുന്ന നേപ്പാളിന്റെ മലയോര താഴ്‌വരകളിലൂടെ ചെളിനിറഞ്ഞ വെള്ളം കുത്തിയൊലിച്ചുവരുന്നതിന്റെ വിഡിയോകൾ നേപ്പാൾ പൊലീസും മറ്റുള്ളവരും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.

Post a Comment
0 Comments