പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു. ഒരിടവേളയ്ക്ക് ശേഷം ഇറാനെതിരെ അമേരിക്ക ആക്രമണം നടത്തി. ലാറക് ദ്വീപിൽ നടത്തിയ ആക്രമണത്തിൽ നിരവധി ഇറാൻ സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടതായി ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) അറിയിച്ചു. ജൂലൈയിൽ രണ്ടാഴ്ച നീണ്ടുനിന്ന ആക്രമണങ്ങൾക്കുശേഷം അമേരിക്ക ഇറാനെതിരെ നടത്തുന്ന ആദ്യ സൈനിക നടപടിയാണിത്.
അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഇറാനും തിരിച്ചടിച്ചു. ജോർദാനിലെ രണ്ട് യുഎസ് സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണം നടത്തിയതായി ഐആർജിസി അറിയിച്ചു. ആക്രമണം സ്ഥിരീകരിച്ച ജോർദാൻ, വ്യോമാതിർത്തിക്ക് മുകളിൽവച്ച് എട്ട് മിസൈലുകൾ തടഞ്ഞതായും വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിൽ കടൽമൈനുകൾ വിന്യസിക്കാൻ ഇറാൻ നീക്കം നടത്തുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ലാറക് ദ്വീപിൽ ആക്രമണം നടത്തിയതെന്നാണ് അമേരിക്കയുടെ വിശദീകരണം. ദ്വീപിലെ ഇറാന്റെ രണ്ട് മിസൈൽ ലോഞ്ചറുകളാണ് യുഎസ് സൈന്യം ലക്ഷ്യമിട്ടത്. കപ്പൽപാതയിൽനിന്ന് കടൽമൈനുകൾ നീക്കം ചെയ്യുന്നതിനുള്ള പ്രവർത്തനം കഴിഞ്ഞയാഴ്ച പൂർത്തിയാക്കിയതായി യുഎസ് സെൻട്രൽ കമാൻഡും നേരത്തെ അവകാശപ്പെട്ടിരുന്നു.
ഡ്രോണുകൾ ഉപയോഗിച്ചാണ് അമേരിക്ക ലാറക് ദ്വീപിൽ ബോംബാക്രമണം നടത്തിയതെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, ഇറാനെതിരായ അമേരിക്കയുടെ സാമ്പത്തിക യുദ്ധം പരാജയപ്പെടുമെന്ന് ഇറാൻ കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു.

Post a Comment
0 Comments