കാസര്‍കോട്: ജില്ലാ ബി.ജെ.പി കാര്യാലയത്തില്‍ ദേശീയ പതാകകള്‍ അലക്ഷ്യമായി നിലത്ത് കൂട്ടിയിടുകയും വലിച്ചെറിയുകയും ചെയ്ത സംഭവത്തില്‍ ബി.ജെ.പിയുടെ ഉത്തരവാദപ്പെട്ട നേതാക്കള്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് നിയോജക മണ്ഡലം കമ്മിറ്റി. ദേശീയ പതാകയോട് കാണിച്ച അനാദരവ് രാജ്യത്തിന്റെ ദേശീയ പതാക ചട്ടങ്ങളോടുള്ള വെല്ലുവിളിയാണെന്നും സംഭവത്തില്‍ ബി.ജെ.പി നേതൃത്വം പൊതുജനങ്ങളോട് മാപ്പ് പറയണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
രാജ്യസ്‌നേഹത്തിന്റെ പേരില്‍ നിരന്തരം അവകാശവാദങ്ങള്‍ ഉന്നയിക്കുന്ന ബി.ജെ.പിയുടെ കപട ദേശീയ സ്‌നേഹമാണ് ഇത്തരം സംഭവങ്ങളിലൂടെ പുറത്തുവന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ കാര്യമായ പങ്കാളിത്തമില്ലാത്ത ബി.ജെ.പിയും സംഘ പരിവാര്‍ സംഘടനകളും ദേശീയ പതാകയോട് കാണിക്കുന്ന ഇത്തരം സമീപനങ്ങള്‍ കടുത്ത അപമാനമാണെന്നും നിയോജക മണ്ഡലം പ്രസിഡന്റ് മുസമ്മില്‍ ഫിര്‍ദൗസ് നഗര്‍, ജനറല്‍ സെക്രട്ടറി അനസ് എതിര്‍ത്തോട് പറഞ്ഞു. സംഭവത്തില്‍ കുറ്റമറ്റ രീതിയില്‍ അന്വേഷണം നടത്തി മാതൃകാപരമായ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി പരാതി നല്‍കി.

Post a Comment
0 Comments