Type Here to Get Search Results !

Bottom Ad

തായ്ലന്‍ഡ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് കടത്ത് മുഖ്യസൂത്രധാരന്‍ ഡല്‍ഹിയില്‍ അറസ്റ്റില്‍


കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടിയ കേസില്‍ തായ്ലന്‍ഡ് കേന്ദ്രീകരിച്ച് ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്തുന്ന മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍. ഉപ്പള മൊഗര്‍ സ്വദേശി മുഹമ്മദ് സുഹൈലാണ് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയിലായത്.

സംസ്ഥാനത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടകളിലൊന്നായ കേസില്‍, വിദേശത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി തായ്ലന്‍ഡില്‍ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡല്‍ഹി പൊലീസിന്റെ സഹായത്തോടെ മഞ്ചേശ്വരം പൊലീസ് സംഘം പ്രതിയെ പിടികൂടിയത്. തുടര്‍ന്ന് കാസര്‍കോട്ടെത്തിച്ച് പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

2024 സെപ്റ്റംബര്‍ 20ന് മഞ്ചേശ്വരം പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഉപ്പള പത്ത്വാടി യിലെ അസ്‌കര്‍ അലിയുടെ (28) വീട്ടില്‍ നിന്ന് 3.5 കിലോഗ്രാം എംഡി എംഎയും 642 ഗ്രാം കഞ്ചാവും പിടികൂടിയത്. അന്നത്തെ കാസര്‍കോട് ഡിവൈ.എസ്.പി സി.കെ സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ മൂന്നു പ്രതികളെ മുമ്പ് അറസ്റ്റ് ചെയ്തിരുന്നു.

മറ്റൊരു കേസില്‍ ഉള്‍പ്പെട്ട തളങ്കര ബാങ്കോട് ഷബീബ് ബാഗ് ഹൗസില്‍ മുഹമ്മദ് ലിസാന്‍ അലിയെ (32) കര്‍ണാടക മടിക്കേരി കുശാല്‍ നഗറില്‍ നിന്ന് കാസര്‍കോട് സൈബര്‍ സെല്ലിന്റെയും കര്‍ണാടക പൊലീസിന്റെയും സഹായത്തോടെ സാഹസികമായാണ് പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി പി. നിധിന്‍ രാജിന്റെ മേല്‍നോട്ടത്തില്‍ കാസര്‍കോട് എ.എസ്.പി അച്യുത് അശോകിന്റെ നേതൃത്വത്തിലാണ് കേസിന്റെ അന്വേഷണം പുരോഗമിക്കുന്നത്.

ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ വച്ച് പ്രതിയെ പിടികൂടിയ പൊലീസ് സംഘത്തില്‍ മഞ്ചേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.കെ ജിജീഷ്, എ.എസ്.ഐ സുധീര്‍ ബാബു, സി.പി.ഒ ഷജീഷ് എന്നിവരും ഉള്‍പ്പെടുന്നു. കര്‍ണാടകയില്‍ വച്ച് പ്രതിയെ പിടികൂടിയ സംഘത്തില്‍ എസ്.ഐ പ്രസാദ്, എ.എസ്.ഐ സുധീര്‍ ബാബു, എസ്.സി.പി.ഒ ദീപക്, സി.പി.ഒമാരായ ഷജീഷ്, ഹരിപ്രസാദ് എന്നിവരും പങ്കാളികളായി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad