Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരത്തെ തീരദേശ പ്രതിസന്ധിക്ക് ഉടന്‍ പരിഹാരം; എം.എല്‍.എയുടെ ഇടപെടലില്‍ ഉന്നതതല യോഗം വിളിച്ച് മന്ത്രി


മഞ്ചേശ്വരം: മണ്ഡലത്തിലെ രൂക്ഷമായ കടലാക്രമണത്തിന് ശാശ്വത പരിഹാരം കാണുന്നതിനും മണ്ഡലത്തിലെ വിവിധ ജലസേചന പദ്ധതികള്‍ വേഗത്തിലാക്കുന്നതിനുമായി ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫിന്റെ അധ്യക്ഷതയില്‍ പ്രത്യേക ഉന്നതതല യോഗം ചേര്‍ന്നു. മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്‌റഫിന്റെ അടിയന്തര അഭ്യര്‍ഥനയെ തുടര്‍ന്നാണ് യോഗം വിളിച്ചത്.

കേരളത്തിലെ ഏറ്റവും നീളമേറിയ തീരദേശമുള്ള മഞ്ചേശ്വരത്ത് കണ്വതീര്‍ഥ, മൂസോടി, ഉപ്പള, ശാരദാനഗര്‍, ഹനുമാന്‍ നഗര്‍, പെരിങ്ങടി, ഷിറിയ, കുമ്പള കോയിപ്പാടി, പെര്‍വാട്, മൊഗ്രാല്‍ കൊപ്പളം തുടങ്ങിയ പ്രദേശങ്ങളില്‍ കടലാക്രമണം അഭൂതപൂര്‍വമായി രൂക്ഷമായിരിക്കുകയാണെന്ന് എം.എല്‍.എ യോഗത്തില്‍ ചൂണ്ടിക്കാട്ടി. നിരവധിയായ വീടുകളും റോഡുകളും കടലെടുത്തുപോയ സാഹചര്യവും കോടികള്‍ ചെലവിട്ട് സ്ഥാപിക്കുന്ന താല്‍ക്കാലിക ജിയോ ബാഗുകള്‍ ശക്തമായ തിരമാലകളില്‍ തകര്‍ന്നടിയുന്നതും അദ്ദേഹം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. 

താല്‍ക്കാലിക ആശ്വാസങ്ങള്‍ക്കപ്പുറം ടെട്രാപോഡ് പോലെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് ശാശ്വത കടല്‍ഭിത്തി നിര്‍മാണത്തിന് ലോകബാങ്ക് സഹായത്തോടെയുള്ള പദ്ധതികളില്‍ മഞ്ചേശ്വരത്തെ ഉള്‍പ്പെടുത്തണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ച് പോലെയുള്ള ഏജന്‍സികളുടെ പഠനം ഉറപ്പാക്കുക, ആര്‍.കെ.പി. ഫോര്‍ ഡി.എല്‍.ഐ പദ്ധതിയിലുള്ള കണ്വതീര്‍ഥ, പെര്‍വാട് പദ്ധതികള്‍ക്ക് അന്തിമ അനുമതി നല്‍കുക, സമര്‍പ്പിച്ച ഇന്‍വെസ്റ്റിഗേഷന്‍ പ്രൊപ്പോസലുകള്‍ക്ക് അംഗീകാരം നല്‍കുക, തകര്‍ന്ന തീരദേശ റോഡുകള്‍ക്ക് പ്രത്യേക പാക്കേജ് അനുവദിക്കുക തുടങ്ങിയ കാര്യങ്ങളും അദ്ദേഹം യോഗത്തില്‍ ഉന്നയിച്ചു. ഇതിനുപുറമെ, മൂന്നു വര്‍ഷം മുമ്പ് തകര്‍ന്നതും മീഞ്ച- മംഗല്‍പാടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതുമായ ദേരമ്പള പാലത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ ഫണ്ട് കണ്ടെത്തണമെന്നും ഉപ്പള പുഴയില്‍ നേരത്തെ പരിഗണനയിലുണ്ടായിരുന്ന 55 കോടി രൂപയുടെ 5 ചെക്ക് ഡാമുകള്‍ യാഥാര്‍ഥ്യമാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും കുമ്പള കഞ്ചിക്കട്ട റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ സാങ്കേതികാനുമതി വൈകുന്നതും ബമ്പ്രാണ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി തടസപ്പെട്ടു കിടക്കുന്നതും എം.എല്‍.എ യോഗത്തില്‍ വിശദീകരിച്ചു.

എം.എല്‍.എ ഉന്നയിച്ച വിഷയങ്ങളില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. മഞ്ചേശ്വരത്തെ കടല്‍ക്ഷോഭ പ്രതിസന്ധി ലോകബാങ്കിന്റെ 'റീബില്‍ഡ് കേരള' പ്രൊജക്റ്റില്‍ ഉള്‍പ്പെടുത്തി പരിഹാരം കാണാന്‍ ഉടന്‍ നടപടിയെടുക്കുമെന്നും മറ്റു പദ്ധതികളിലൂടെ ഇതിന്റെ സാധ്യത പരിശോധിക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി. കാലപ്പഴക്കം മൂലം ഗതാഗതം നിരോധിച്ചതും നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഫണ്ട് അനുവദിച്ചതുമായ കുമ്പള കഞ്ചിക്കട്ട റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ സാങ്കേതികാനുമതി രണ്ടാഴ്ചയ്ക്കകം നല്‍കാനും, ദേരമ്പളയില്‍ പുതിയ പാലത്തിനായുള്ള ഡിസൈന്‍ ഉടന്‍ ലഭ്യമാക്കി ഈ വര്‍ഷത്തെ നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്താനും മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ബമ്പ്രാന- ഇച്ചിലങ്കോട് റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിര്‍മാണം ഉടന്‍ പൂര്‍ത്തീകരിക്കാനും ബമ്പ്രാന ലിഫ്റ്റ് ഇറിഗേഷന്റെ സാങ്കേതികാനുമതി അടിയന്തരമായി ലഭ്യമാക്കാനും കല്‍പ്പാറ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി വരുന്ന ഡിസംബര്‍ മാസത്തിനകം പൂര്‍ത്തീകരിക്കാനും യോഗത്തില്‍ തീരുമാനമായി. സെപ്ഷ്യല്‍ സെക്രട്ടറി എസ് സുഹാസ് അടക്കമുള്ള ജലവിഭവ വകുപ്പ് ഉന്നതതല ഉദ്യോഗസ്ഥര്‍ യോഗത്തില്‍ സംബന്ധിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad