കാസര്‍കോട്: രൂക്ഷമായ കടലാക്രമണ ഭീതിയില്‍ ജില്ലയിലെ തീരദേശ മേഖല. മൊഗ്രാല്‍ പുത്തൂര്‍ കാവുഗോളിയില്‍ ചേരങ്കൈ- കാവുഗോളി തീരദേശ റോഡ് കടലെടുത്തു. ഇവിടെ നൂറു മീറ്റര്‍ കടല്‍ കരയിലേക്ക് കയറിയിട്ടുണ്ട്. റോഡ് കടലെടുത്തതോടെ ഗതാഗത മാര്‍ഗമില്ലാതെ തീരവാസികള്‍ ദുരിതത്തിലായി. ഇവിടെ 200 ഓളം കുടുംബങ്ങള്‍ താമസിച്ചുവരുന്നുണ്ട്. വീടുകളിലേക്ക് കടല്‍ ഇരച്ചുകയറുമെന്ന ഭയാശങ്കയില്‍ കഴിയുകയാണ് പ്രദേശവാസികള്‍.
നെല്ലിക്കുന്ന് ചേരങ്കൈ കടപ്പുറത്തും രൂക്ഷമായ കടലാക്രമണം ശക്തമാണ്. ഇവിടെ സ്ഥാപിച്ച 'ജിയോ ബാഗ്' സംവിധാനം തകരുകയും കടലെടുക്കുകയും ചെയ്തു. ഇവിടെയും നിരവധി വീടുകള്‍ക്ക് ഭീഷണി നേരിടുകയാണ്. കുമ്പള കോയിപ്പാടി കടപ്പുറത്ത് കടലേറ്റം കരിങ്കല്‍ കടല്‍ ഭിത്തിക്ക് ഭീഷണിയായിട്ടുണ്ട്. പകുതിഭാഗം കടല്‍ ഭിത്തിയും കടലെടുത്തു കഴിഞ്ഞു. ജിയോബാഗ് തീര സംരക്ഷണ സംവിധാനവും കടലെടുക്കുന്നുണ്ട്. ഇവിടെയും തീരദേശ റോഡിന് ഭീഷണി നേരിട്ടാല്‍ തൊട്ടടുത്തുള്ള നൂറുകണക്കിന് വീടുകള്‍ക്കും ഭീഷണിയാവുമെന്ന ഭയം പ്രദേശ വാസികള്‍ക്കുണ്ട്.
പെറുവാഡ് കടപ്പുറത്ത് രണ്ടുവര്‍ഷം മുമ്പ് സ്ഥാപിച്ച മണല്‍ ചാക്കുകള്‍ കൊണ്ടുള്ള ജിയോബാഗ് കടല്‍ ഭിത്തി പൂര്‍ണമായും കടലെടുത്തു കഴിഞ്ഞു. കടപ്പുറത്ത് ശേഷിച്ച കരിങ്കല്‍ കടല്‍ ഭിത്തിയും മൊത്തമായും കടലെടുക്കുന്നുണ്ട്. ഇതോടെ കഴിഞ്ഞ ഒരു പതിറ്റാണ്ടിനുള്ളില്‍ പെര്‍വാഡ് കടപ്പുറത്ത് സ്ഥാപിച്ച മുഴുവന്‍ കടല്‍ ഭിത്തിയും നിലവില്‍ കടലെടുത്തുകഴിഞ്ഞു. തീരദേശവാസികളുടെ എതിര്‍പ്പ് മറികടന്ന് കോടികളാണ് അധികൃതര്‍ ഇവിടെ തീരസംരക്ഷണത്തിന്റെ പേരില്‍ കടലില്‍ തള്ളിയത്.
ജില്ലയിലെ മറ്റു തീരദേശ മേഖലയിലും സമാനമായ കടലേറ്റങ്ങളുണ്ട്. ഉപ്പള അജാനൂര്‍ ഭാഗത്തും രൂക്ഷമായ കടലാക്രമണം നേരിടുന്നുണ്ട്. തീരദേശത്ത് തീര സംരക്ഷണത്തിനായി ഇനിയും കരിങ്കല്ല് കൊണ്ടുള്ള പരീക്ഷണത്തിന് മുതിരാതെ ബന്ധപ്പെട്ടവര്‍ 'ടെട്രോ പോഡ്''പോലുള്ള ശാസ്ത്രീയമായ പദ്ധതികള്‍ കൊണ്ടുവന്ന് തീര സംരക്ഷണം ഉറപ്പുവരുത്തണമെന്നാണ് തീരദേശ വാസികളുടെ ആവശ്യം.

Post a Comment
0 Comments