കാസര്കോട്: 'ഓപ്പറേഷന് തൂഫാന്' നടപടികളുടെ ഭാഗമായി ഹോസ്ദുര്ഗ് പൊലീസ് സ്റ്റേഷന് പരിധിയില് നടത്തിയ മിന്നല് പരിശോധനയില് മാരകമയക്കു മരുന്നായ എം.ഡി.എം.എയുമായി രണ്ടു യുവാക്കള് പിടിയില്. അജാനൂരില് കാറില് വില്പ്പനയ്ക്കായി കൊണ്ടുനടന്ന 12.75 ഗ്രാം എം.ഡി.എം.എയാണ് പൊലീസ് പിടിച്ചെടുത്തത്.
സംഭവത്തില് കാഞ്ഞങ്ങാട് കുരുന്തൂര് സ്വദേശി അബ്ദുല് സഫ്വാന് (29), കാഞ്ഞങ്ങാട് പടന്നക്കാട് സ്വദേശി മുഹമ്മദ് ആഷിഖ് (24) എന്നിവരാണ് പിടിയിലായത്. ഹോസ്ദുര്ഗ് പൊലീസ് സ്റ്റേഷന് സബ് ഇന്സ്പെക്ടര് സിവി പ്രേമനും സംഘത്തിനും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡാന്സാഫ് ടീമിന്റെ സഹായ ത്തോടെ പരിശോധന നടന്നത്. 13ന് വൈകുന്നേരം 4:45മണിയോടെ അജാനൂര് അബ്ദുല് റഹ്മാന് നഗറിന് സമീപം റോഡരികില് നിര്ത്തിയിട്ടിരുന്ന കാറിലാണ് പ്രതികള് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്.
തുടര്ന്ന് നടത്തിയ വിശദമായ പരിശോധനയില് മുഹമ്മദ് ആഷിഖിന്റെ പക്കല് നിന്നും കാറിന്റെ ഡാഷ്ബോര്ഡില് നിന്നുമായി രണ്ടു പാക്കറ്റുകളിലായി സൂക്ഷിച്ച നിലയില് 12.75 ഗ്രാം എം.ഡി.എം.എ കണ്ടെത്തുകയായിരുന്നു. പ്രതികള് സഞ്ചരിച്ച കാറും മൊബൈല് ഫോണുകളും ഇലക്ട്രോണിക് വേയിങ് മെഷീനും പണവും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികള്ക്കെതിരെ എന്.ഡി.പി.എസ് നിയമപ്രകാരം ഹോസ്ദുര്ഗ് പൊലീസ് സ്റ്റേഷനില് കേസ് രജിസ്റ്റര് ചെയ്യുകയും തുടര് നടപടികള് സ്വീകരിക്കുകയും ചെയ്തു. ലഹരിമരുന്ന് വ്യാപനം തടയുന്നതിനായി കേരള പൊലീസ് ഊര്ജിതമായി നടപ്പിലാക്കി വരുന്ന 'ഓപ്പറേഷന് തൂഫാന്' പദ്ധതിയുടെ ഭാഗമായി ശക്തമായ പരിശോധനകള് തുടരും.

Post a Comment
0 Comments