നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 768 ആയി ഉയർന്നു. ഏറ്റവും കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിയത് ചിത്വാനിൽ നിന്നാണ്; ഇവിടെ 259 മൃതദേഹങ്ങൾ കണ്ടെത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു. 2,502 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ഇതുവരെ 8,730 പേരെ രക്ഷപ്പെടുത്തിയതായി നേപ്പാൾ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
മിന്നൽ പ്രളയമുണ്ടായി അഞ്ചാം ദിവസവും കാണാതായവർക്കായുള്ള തിരച്ചിൽ യുദ്ധകാലാടിസ്ഥാനത്തിൽ തുടരുകയാണ്. കാണാതായവരിൽ 278 ഇന്ത്യക്കാരും ഉൾപ്പെടുന്നു. ഇതിന് പുറമെ ടിബറ്റ് മേഖലയിൽ 49 ഇന്ത്യക്കാരെ കാണാതായതായി ചൈന അറിയിച്ചു. രക്ഷാപ്രവർത്തനം അന്തിമ ഘട്ടത്തിലേക്ക് കടന്നതായും ഇന്ത്യ നൽകുന്ന എല്ലാ സഹായങ്ങൾക്കും നന്ദിയുണ്ടെന്നും നേപ്പാൾ വിദേശകാര്യ മന്ത്രി ഷിസിർ ഖനാൽ വ്യക്തമാക്കി.
ഇന്ത്യയിൽ നിന്നുള്ള തുരങ്ക രക്ഷാപ്രവർത്തക സംഘവും നേപ്പാളിലെത്തി. ഡിഎൻഎ പരിശോധനയ്ക്കായി ഫോറൻസിക് വിദഗ്ധരും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. അതേസമയം, താൽക്കാലിക തടയണകൾ തകരാൻ സാധ്യതയുള്ളതിനാൽ രക്ഷാപ്രവർത്തകർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി.
പ്രളയത്തെ തുടർന്ന് ഊർജ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയിൽ നിന്ന് മുൻകൂറായി വൈദ്യുതി ഇറക്കുമതി ചെയ്യാൻ നേപ്പാൾ അനുമതി തേടി. വിഷയത്തിൽ നിലവിലുള്ള ഉഭയകക്ഷി കരാറുകളുടെ അടിസ്ഥാനത്തിൽ ഇന്ത്യ പരിശോധന നടത്തിവരികയാണെന്ന് അധികൃതർ അറിയിച്ചു.

Post a Comment
0 Comments