Type Here to Get Search Results !

Bottom Ad

മെഡിക്കല്‍ കോളജ് അക്കാദമിക് ബ്ലോക്ക് ഒക്ടോബറില്‍; ആശുപത്രി കെട്ടിടം മാര്‍ച്ചിനകം: നിര്‍മാണം വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കി മന്ത്രി കെ.എം ഷാജി



കാസര്‍കോട്: ഗവ. മെഡിക്കല്‍ കോളജ് അക്കാദമിക് ബ്ലോക്ക് നിര്‍മാണം ഒക്ടോബറിലും ആശുപത്രി കെട്ടിടം പ്രധാന ബ്ലോക്ക് ഡിസംബറിലും മറ്റു ബ്ലോക്കുകള്‍ അടുത്തവര്‍ഷം മാര്‍ച്ചിലും പൂര്‍ത്തിയാക്കുന്നതിന് ജില്ലയുടെ ചുമതലയുള്ള തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജിയുടെ അധ്യക്ഷതയില്‍ അക്കാദമിക് ബ്ലോക്കില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. നിര്‍മാണ പ്രവര്‍ത്തനം തീരുമാനിച്ച സമയപരിധിക്കകം പൂര്‍ത്തീകരിക്കണമെന്ന് മന്ത്രി കെ.എം ഷാജി നിര്‍ദ്ദേശം നല്‍കി. പുതിയ എം.ബി.ബി.എസ് ബാച്ചിന്റെ പ്രവേശനത്തിന് അനുമതി ലഭിച്ച സാഹചര്യത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ സമയബന്ധിതമായി എത്രയുംവേഗം പൂര്‍ത്തീകരിക്കണമെന്ന് മന്ത്രി പറഞ്ഞു.

വൈദ്യുതി സംബന്ധിച്ച് പ്രശ്നപരിഹാരത്തിന് വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും കാസര്‍കോട് വികസന പാക്കേജില്‍ അനുവദിച്ച തുക ധനകാര്യ വകുപ്പില്‍ ലഭ്യമാക്കുന്നതിന് ആവശ്യമായ ഇടപെടല്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു. മെഡിക്കല്‍ കോളജിന്റെ പൂര്‍ണമായ പ്രവര്‍ത്തനത്തിനാവശ്യമായ എല്ലാ തസ്തികകളും അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞു. പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ നിര്‍മാണം ഈവര്‍ഷം ഡിസംബറിനകം പൂര്‍ത്തിയാക്കുന്നതിനും തീരുമാനിച്ചു. കിഫ്ബി യു.എല്‍.സി.സി, കിറ്റ് കോ എന്നിവരുടെ യോഗം ഒരാഴ്ചക്കകം കിറ്റ്കോ മാനേജിംഗ് ഡയറക്ടറുടെ നേതൃത്വത്തില്‍ ചേരുന്നതിനും നിര്‍മാണ മേഖലയില്‍ കൂടുതല്‍ തൊഴിലാളികളെ നിയോഗിക്കുന്നതിനും തീരുമാനിച്ചു. ഹോസ്പിറ്റല്‍ കാഷ്വല്‍ ഒ.പി, ബ്ലഡ് ബാങ്ക് ഉള്‍പ്പെടുന്ന സി ബ്ലോക്കിന്റെ നിര്‍മാണം ഡിസംബറില്‍ പൂര്‍ത്തീകരിക്കും.

മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികള്‍ക്കുള്ള ലാബ് സംവിധാനങ്ങള്‍ 75 ദിവസത്തിനകം സജ്ജീകരിക്കുമെന്ന് കെ.എം.സി.എല്‍ പ്രതിനിധി യോഗത്തില്‍ അറിയിച്ചു. മെഡിക്കല്‍ കോളജ് കെട്ടിടങ്ങളുടെ നിര്‍മാണത്തിലെ കാലതാമസം പരിഹരിക്കണമെന്ന് കല്ലട്ര മാഹിന്‍ എം.എല്‍.എ പറഞ്ഞു. വിദ്യാര്‍ഥികളുടെ ഹോസ്റ്റല്‍ പൂര്‍ണമായി പ്രവര്‍ത്തനക്ഷമമാക്കണമെന്നും എം.എല്‍.എ പറഞ്ഞു. അക്കാദമിക ബ്ലോക്ക് ആശുപത്രി കെട്ടിടം, ഹോസ്റ്റലുകള്‍ അനുബന്ധ സൗകര്യങ്ങള്‍ എന്നിവ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട നിര്‍മാണ കരാര്‍ കമ്പനികളോട് ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ആവശ്യപ്പെട്ടു.

നിര്‍മാണ ഏജന്‍സിയായ കിറ്റ്കോ മാനേജിംഗ് ഡയറക്ടര്‍ പി. രാജേഷ് നിര്‍മ്മാണ സ്ഥിതി വിവരങ്ങളുടെ റിപ്പോര്‍ട്ടും ഗവ. മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ.പ്രവീണ്‍, കോളജ് പ്രിന്‍സിപ്പല്‍ ഡോ.അരുണ്‍ കുമാര്‍ കോളജ് അടിസ്ഥാന സൗകര്യ വികസനത്തിന് അനിവാര്യമായ കാര്യങ്ങള്‍ അവതരിപ്പിച്ചു. എ.കെ.എം അഷ്‌റഫ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ അസീസ് കളത്തൂര്‍, എണ്‍മകജെ പഞ്ചായത്ത് പ്രസിഡന്റ്് കുസുമാവതി, ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റ് എം. ശങ്കര, മാഹിന്‍ കേളോട്ട്, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി, കിറ്റ് കോ കാസര്‍കോട് വികസന പാക്കേജ് എന്നിവയുടെ പ്രതിനിധികള്‍ സംസാരിച്ചു. ജില്ലാ സാമൂഹികനീതി ഓഫീസര്‍ ആര്യാ പി. രാജ് വിവിധ വകുപ്പ് മേധാവികള്‍ പങ്കെടുത്തു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad