തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്നാവശ്യപ്പെട്ട് സിപിഐ രംഗത്തെത്തിയതോടെ തുടങ്ങിയതാണ് തർക്കം. എന്നാൽ ആർക്കും ആശങ്ക വേണ്ടെന്നും സിപിഎം നേതാവിൻ്റെ പേരായിരിക്കും ഉപനേതാവ് സ്ഥാനത്തേക്ക് നൽകുകയെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പരസ്യമായി പറഞ്ഞത് സിപിഐ കേന്ദ്രങ്ങളെ ഞെട്ടിച്ചു. സ്ഥാനം വിട്ടുകൊടുക്കില്ലെന്ന ബിനോയ് വിശ്വത്തിൻ്റെ പരസ്യ അഭിപ്രായത്തെ പിണറായി തന്നെ തള്ളിയത് പാർട്ടിക്ക് വലിയ തിരിച്ചടിയായി.
പിന്നാലെ പിണറായിയെയും സിപിഎമ്മിനെയും രൂക്ഷമായി വിമർശിച്ച് സിപിഐ നേതാക്കൾ രംഗത്തെത്തി. ഇടതുമുന്നണിയെ ദുർബലപ്പെടുത്തുന്ന നിലപാടാണ് പിണറായിയുടേതെന്ന് സത്യൻ മൊകേരി ജനയുഗത്തിലെഴുതി. ഐക്യമുന്നണിയുടെ പ്രാധാന്യവും സമീപനവും പിണറായി പഠിക്കണമെന്ന് അദ്ദേഹം ഉപദേശിച്ചു. കെ രാജൻ ഉൾപ്പടെ നിലപാട് കടുപ്പിച്ചതോടെ സിപിഐക്കെതിരെ സിപിഎം നേതാക്കളും പരസ്യ വിമർശനവുമായി എത്തി. മുൻ മന്ത്രി വി ശിവൻകുട്ടിക്ക് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി.എൻ മോഹനൻ രൂക്ഷ വിമർശനുമായി രംഗത്തെത്തി. മുന്നണിയിൽ സമ്മർദതന്ത്രത്തിലൂടെ സ്ഥാനങ്ങൾ നേടുകയാണ് സിപിഐ എന്നാണ് മോഹനൻ്റെ വിമർശനം.
സ്വന്തം നിലക്ക് 5000 വോട്ട് കിട്ടുന്ന മണ്ഡലം പോലും സിപിഐ ക്ക് ഉണ്ടോ? പിണറായിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനാണ് സിപിഐയുടെ ശ്രമം. ഇടതുപക്ഷ ഐക്യം വേണമെങ്കിൽ സിപിഎം സഹിച്ചുകൊള്ളണം എന്നാണ് സിപിഐയുടെ നിലപാട്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പിഎം ശ്രീ ആയിരുന്നു വിപ്ലവായുധം. അകത്തു നിന്നാക്രമിച്ചു സർക്കാരിനെ നാണംകെടുത്തി. അതിന്റെ തുടർച്ചകൂടിയാണ് നിയമസഭ തോൽവി എന്നും സി.എൻ മോഹനൻ കുറ്റപ്പെടുത്തി. തോൽവിയുടെ ഉത്തരവാദിത്തം സിപിഐക്ക് മേൽ കെട്ടി വയ്ക്കുകയാണ് സിപിഎം സംസ്ഥാനസെക്രട്ടറിയേറ്റ് അംഗം.

Post a Comment
0 Comments