നീലേശ്വരം: കോട്ടപ്പുറം ശ്രീവൈകുണ്ഡ ക്ഷേത്രത്തില്‍ മോഷണം നടത്തിയതുമായി ബന്ധപ്പെട്ട് ആരോപിക്കപ്പെട്ടയാളെ പൊലീസ് പിടികൂടി. പത്തനംതിട്ട സ്വദേശിയായ വിഷ്ണു (32)വിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിവിധ പൊലീസ് സ്റ്റേഷനുകളിലായി എട്ടു മോഷണ കേസുകളിലും നാലു പോക്‌സോ കേസുകളിലും ആരോപിക്കപ്പെട്ട വ്യക്തിയാണ് ഇയാളെന്നാണ് പൊലീസ് നല്‍കുന്ന വിവരം. കഴിഞ്ഞ മെയ് 24ന് രാത്രിയായിരുന്നു ക്ഷേത്രത്തില്‍ മോഷണം നടന്നത്. ക്ഷേത്രത്തിന്റെ പൂട്ടു തകര്‍ത്ത് അകത്തുകടന്ന പ്രതി, ആറു ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് പണം അപഹരിച്ചതായി പൊലീസ് പറയുന്നു. ഇതിനു പുറമെ ഓഫീസിനകത്ത് സൂക്ഷിച്ച ഷെല്‍ഫില്‍ നിന്നും 15000 രൂപയും മോഷ്ടിച്ചു. ആകെ 30000 രൂപയാണ് കളവു പോയതെന്ന് പരാതിയില്‍ പറയുന്നു.
പ്രതിയുടെ ദൃശ്യങ്ങള്‍ ക്ഷേത്രത്തിലെ സിസിടിവി ക്യാമറകളില്‍ വ്യക്തമായി പതിഞ്ഞിരുന്നു. പ്രതി പാലക്കാട് വാളയാറിലുണ്ടെന്ന് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം നീലേശ്വരം ഇന്‍സ്‌പെക്ടര്‍ കെ. മുരളീധരന്റെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് രൂപീകരിച്ചു. സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ അബൂബക്കര്‍, എ.എസ്.ഐ ഷാജു, എസ്.സി.പി.ഒമാരായ ജിനേഷ്, നികേഷ്, രാജേഷ്, നിഖില്‍ എന്നിവരും നീലേശ്വരം സ്റ്റേഷനിലെ എസ്.ഐ സുഗുണന്‍, എ.എസ്.ഐമാരായ എന്‍.എം രമേശന്‍, ശ്രീജിത്ത്, എസ്.സി.പി.ഒമാരായ മഹേഷ് കാങ്കോല്‍, ദിലീഷ് കുമാര്‍ പള്ളികൈ, അജിത്ത് പള്ളിക്കര, വി.വി അഭിലാഷ് എന്നിവരും ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. നീലേശ്വരത്ത് എത്തിച്ച പ്രതിയുടെ അറസ്റ്റ് സബ് ഇന്‍സ്‌പെക്ടര്‍ കെ. അജിത രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Post a Comment
0 Comments