തൃക്കരിപ്പൂര്‍: തെക്കേ തൃക്കരിപ്പൂര്‍ വില്ലേജില്‍ സെന്‍സസ് ഡ്യൂട്ടിക്കിടെ അധ്യാപകന് വളര്‍ത്തു നായയുടെ കടിയേറ്റു. സെന്‍സസിന്റെ ഭാഗമായുള്ള ഹൗസ് ലിസ്റ്റിങ്ങിനായി ഇന്നലെ ഉച്ചക്ക് 12 മണിയോടെ ഇളമ്പച്ചി റെയിവേ അടിപ്പാതക്കടുത്തുള്ള പനക്കീല്‍ മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപത്തെ വീട്ടിലെത്തിയപ്പോഴാണ് ഉടുമ്പുന്തല ഗവ. എല്‍.പി സ്‌കൂള്‍ അധ്യാപകന്‍ കൊടുങ്ങല്ലൂര്‍ സ്വദേശി കെഎം മുഹമ്മദ് കബീര്‍ (47)ന് നായയുടെ കടിയേറ്റത്. വീട്ടിലെത്തി പുറത്തുകണ്ട ആളോട് വീട്ടുനമ്പര്‍ ചോദിച്ചപ്പോള്‍ അയാള്‍ വീടിനകത്തുള്ളവരെ വിളിച്ചു.
വീട്ടുകാര്‍ വാതില്‍ തുറന്നപ്പോള്‍ വീട്ടുനമ്പര്‍ ചോദിക്കുന്നതിനിടെ വീട്ടിനുള്ളിലായിരുന്ന നായ പുറത്തേക്ക് ഓടി വന്നു കടിക്കുകയാണുണ്ടായതെന്ന് അധ്യാപകന്‍ പറഞ്ഞു. നായയെ പിടിക്കാന്‍ പറഞ്ഞിട്ടും വിട്ടുകാര്‍ അതിനെ തടയാനോ പിടിച്ചു നിര്‍ത്താനോ മുതിര്‍ന്നില്ലെന്നും അധ്യാപകന്‍ ആരോപിച്ചു. സംഭവ സമയം വീട്ടില്‍ രണ്ട് പുരുഷനും ഒരു സ്ത്രീയുമുണ്ടായിരുന്നു. കടിയേറ്റ അധ്യാപകന്‍ അടുത്ത വീട്ടിലെത്തിയാണ് അവിടെ നിന്ന് സോപ്പ് വാങ്ങി മുറിവ് കഴുകിയത്. നായയുടെ വീട്ടുകാര്‍ അവിടേക്ക് പോലും തിരിഞ്ഞു നോക്കിയത് പോലുമില്ലെന്ന് അധ്യാപകന്‍ പരിതപിച്ചു. അധ്യാപകന്‍ തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയിലെ പ്രാഥമിക കുത്തിവെപ്പുകള്‍ക്കും ചികിത്സക്കും ശേഷം പരിയാരം മെഡിക്കല്‍ കോളജിലെത്തി കുത്തിവെപ്പെടുത്തു.

Post a Comment
0 Comments