കാസര്‍കോട് (www.evisionnews.in): നഗരപരിധിയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളെ കോര്‍ത്തിണക്കി 'കാസര്‍കോട് ടൂറിസം സര്‍ക്യൂട്ട്' പദ്ധതി യാഥാര്‍ഥ്യമാക്കാനൊരുങ്ങി ജില്ലാ ഭരണകൂടം. നെല്ലിക്കുന്ന് കസബ ഹാര്‍ബര്‍ ഉള്‍പ്പെടുന്ന തീരദേശ മേഖലയെ മികച്ച ടൂറിസം കേന്ദ്രമായി വികസിപ്പിക്കുന്നതിനു നവീന പദ്ധതികള്‍ക്ക് ജില്ലാ ഭരണകൂടം, കാസര്‍കോട് നഗരസഭ, ടൂറിസം വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ രൂപരേഖ തയാറാക്കുന്നു.
ഇതിന്റെ ഭാഗമായി ജില്ലാ കലക്റ്റര്‍ അര്‍ജുന്‍ പാണ്ഡ്യന്റെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിലുള്ള സംഘം പ്രധാന ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ഹാര്‍ബര്‍ പുലിമുട്ട് ബീച്ച് കോര്‍ണിഷ് ചില്‍ഡ്രന്‍സ് പാര്‍ക്ക്, ലൈറ്റ് ഹൗസ്, തളങ്കര പടിഞ്ഞാറ്, സീവ്യൂ പാര്‍ക്ക് ഗുഡ് വൈബ്‌സ് ഡി.ടി.പി.സി അമനറ്റി സെന്റര്‍ എന്നിവിടങ്ങളിലാണ് സന്ദര്‍ശിച്ചത്. പദ്ധതിയുടെ വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് അടിയന്തരമായി തയാറാക്കി സമര്‍പ്പിക്കാന്‍ ജില്ലാ കലക്റ്റര്‍ ഡി.ടി.പി.സിക്ക് നിര്‍ദ്ദേശം നല്‍കി.
കാസര്‍കോട് ഹാര്‍ബര്‍ പുലിമുട്ടിന് സമീപം ഡി.ടി.പി.സിയുടെ നേതൃത്വത്തില്‍ സാഹസിക വിനോദസഞ്ചാര പദ്ധതി ആരംഭിക്കുന്നതിന്റെ സാധ്യത പരിശോധിക്കാന്‍ തീരുമാനിച്ചു. പ്രകൃതി സൗന്ദര്യത്തിന് കോട്ടം തട്ടാതെ ശരിയായ വെളിച്ചം, ശുചിമുറി, പാര്‍ക്കിംഗ്, കടകള്‍, ഇരിപ്പിടങ്ങള്‍, സാഹസിക പ്രവര്‍ത്തനങ്ങള്‍ എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ടൂറിസ്റ്റുകള്‍ക്കായി മികച്ച സുരക്ഷാ സംവിധാനങ്ങളും ഇവിടെയൊരുക്കും. ഹാര്‍ബര്‍ പുലിമുട്ടിലേക്കുള്ള റോഡിന്റെ നിര്‍മാണവും പുലിമുട്ടില്‍ ശരിയായ വെളിച്ചവും സി.സി.ടി.വി കാമറകളും സ്ഥാപിക്കുമെന്ന് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വിഭാഗം അറിയിച്ചു. തീരദേശ നിയന്ത്രണ ചട്ടങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചായിരിക്കും നിര്‍മാണ പ്രവൃത്തികള്‍. കസബയിലെ ടൂറിസം അമ്നെറ്റി സെന്റര്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും കലക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലൈറ്റ് ഹൗസിന് മുന്‍വശത്തായി വിപുലമായ പാര്‍ക്ക് നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണ്. തളങ്കര പടിഞ്ഞാറ് ഭാഗത്ത് കേരള മാരിടൈം ബോര്‍ഡിന്റെ നേതൃത്വത്തില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ (ജജജ) ടൂറിസം പ്രൊജക്ട് നടപ്പിലാക്കുന്നതിനുള്ള ടെണ്ടര്‍ നടപടികള്‍ പുരോഗമിക്കുകയാണെന്ന് പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ മുഹമ്മദ് റാഫി വ്യക്തമാക്കി. സംഘം തളങ്കര പാര്‍ക്കും ലൈറ്റ് ഹൗസും സന്ദര്‍ശിച്ചു. കേരള മാരിടൈം ബോര്‍ഡും കാസര്‍കോട് നഗരസഭയും ചേര്‍ന്ന് തളങ്കര പ്രദേശത്ത് ടൂറിസം വികസനം സാധ്യമാക്കും. മുനിസിപ്പാലിറ്റി സീ വ്യൂ പാര്‍ക്ക് നന്നായി പരിപാലിക്കും. കാസര്‍കോട് നഗരസഭയുടെ ഉടമസ്ഥതയിലുള്ള പാര്‍ക്കുകളുടെ വികസനം വേഗത്തിലാക്കുമെന്നും കാസര്‍കോട് നഗരസഭ ചെയര്‍പേഴ്സണ്‍ ഷാഹിന സലിം പറഞ്ഞു.
കാസര്‍കോട് നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ കെ.എം ഹനീഫ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ജാഫര്‍ കമാല്‍, ഹമീദ് ബെദിര, സമീന മുജീബ്, വിദ്യാശ്രീ, മഹറൂനീസ ഹമീദ് എന്നിവരും കൗണ്‍സിലര്‍മാരായ ആര്‍. രഞ്ജിഷ, ആയിഷ, ആര്‍. രേഷ്മ, അബ്ദുല്‍ റഹ്മാന്‍, സലിം എന്നിവരും ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ എ. നസീബ്, ഡി.ടി.പി.സി സെക്രട്ടറി ജെ.കെ ജിജേഷ് കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍, ഹാര്‍ബര്‍ എഞ്ചിനിയറിംഗ് എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ കെ. രൂപേഷ്, അസി. എക്സിക്യൂടിവ് എഞ്ചിനിയര്‍ ബാബുമോന്‍, അസി. എഞ്ചിനീയര്‍ എം. രാജീവന്‍, സര്‍വേ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ഫാന്റിന്‍ കര്‍ണോല്യസ്, കേരള മാരിടൈം ബോര്‍ഡ് പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ മുഹമ്മദ് റാഫി, കാസര്‍കോട് തഹസില്‍ദാര്‍ എന്‍. ശ്രീകുമാര്‍, കാസര്‍കോട് സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ ഉമര്‍ ഫാറൂഖ് എന്നിവരും ജില്ലാ കലക്ടറോടൊപ്പമുണ്ടായിരുന്നു.
Post a Comment
0 Comments