Type Here to Get Search Results !

Bottom Ad

ഇച്ച മസ്താന് സ്മാരകം സ്ഥാപിക്കണം; ബ്ലോക്ക്- ഗ്രാമ പഞ്ചായത്തുകള്‍ക്ക് നിവേദനം നല്‍കി


മൊഗ്രാല്‍ പുത്തൂര്‍: കേരളത്തിന്റെ 'ഉമര്‍ഖയ്യാം' എന്നറിയപ്പെടുന്ന പ്രശസ്ത സൂഫി കവിയും ആത്മീയ ചിന്തകനുമായ ഇച്ച അബ്ദുല്‍ ഖാദര്‍ മസ്താന്റെ ജന്മനാടായ മൊഗ്രാല്‍പുത്തൂരില്‍ അദ്ദേഹത്തിന്റെ സ്മരണയ്ക്കായി സ്മാരകം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഇച്ച മസ്താന്‍ സാംസ്‌കാരിക വേദി കാസര്‍ഗോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനും മൊഗ്രാല്‍പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനും നിവേദനം നല്‍കി. പ്രമുഖ സൂഫി ഗവേഷകന്‍ സലാഹുദ്ദീന്‍ അയ്യൂബിയുടെ ഗവേഷണങ്ങളും ജീവചരിത്രഗ്രന്ഥവും ഇച്ഛ മസ്താന്റെ ജന്മസ്ഥലം മൊഗ്രാല്‍പുത്തൂരാണെന്ന് വ്യക്തമാക്കുന്ന സാഹചര്യത്തില്‍, അദ്ദേഹത്തിന്റെ ജന്മനാട്ടില്‍ അര്‍ഹമായ അംഗീകാരം ലഭിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

മൊഗ്രാല്‍പുത്തൂരില്‍ ജനിച്ച ഇച്ച മസ്താന്‍, സൂഫി സാഹിത്യത്തിലും ആത്മീയ ചിന്തയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച മഹാനാണ്. തമിഴ്, അറബി, പേര്‍ഷ്യന്‍, ഉര്‍ദു, സംസ്‌കൃതം തുടങ്ങി നിരവധി ഭാഷകളില്‍ പ്രാവീണ്യം നേടിയ അദ്ദേഹം പതിനായിരക്കണക്കിന് കവിതകളും വിരുത്തങ്ങളും രചിച്ചതായി കരുതപ്പെടുന്നു. ദക്ഷിണേന്ത്യയിലുടനീളം സഞ്ചരിച്ച് മാനവികതയും മതസൗഹാര്‍ദ്ദവും പ്രചരിപ്പിച്ച അദ്ദേഹത്തെ കേരളത്തിന്റെ 'ഉമര്‍ഖയ്യാം' എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.

മൊഗ്രാല്‍പുത്തൂരില്‍ സ്ഥാപിക്കുന്ന സ്മാരകം ഇച്ച മസ്താന്റെ ജീവിതം, സാഹിത്യ പാരമ്പര്യം, സൂഫി ദര്‍ശനം എന്നിവയെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്ന ഒരു സാംസ്‌കാരിക-പൈതൃക കേന്ദ്രമായിരിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെടുന്നു. മൊഗ്രാല്‍പുത്തൂരിന്റെ ചരിത്രപരവും സാംസ്‌കാരികവുമായ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്നതിനും ഇച്ച മസ്താന്റെ സംഭാവനകള്‍ ജനങ്ങളിലെത്തിക്കുന്നതിനുമായി ഗ്രാമപഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി പദ്ധതി തയ്യാറാക്കി സ്മാരകം യാഥാര്‍ഥ്യമാക്കണമെന്ന് ഇച്ച മസ്താന്‍ സാംസ്‌കാരിക വേദി അഭ്യര്‍ഥിച്ചു. നിവേദനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ള കുഞ്ഞി ചെര്‍ക്കളയ്ക്ക് ഇച്ച മസ്താന്‍ സാംസ്‌കാരിക വേദി കോര്‍ഡിനേറ്റര്‍ കെഎം ഇര്‍ഷാദ് നല്‍കി, ഭാരവാഹികളായ എംഎം നജീബ്, മൂസ ബാസിത്ത് എന്നിവര്‍ സംബന്ധിച്ചു

Tags

Post a Comment

0 Comments

Top Post Ad

Below Post Ad