കാസര്‍കോട്: കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ള ഇന്‍വേര്‍ഡ്, ഔട്ട്വേര്‍ഡ് പാഴ്‌സല്‍ സര്‍വീസുകള്‍ ഈമാസം 25 മുതല്‍ പൂര്‍ണ്ണമായും നിര്‍ത്തലാക്കാനുള്ള ദക്ഷിണ റെയില്‍വേയുടെ തീരുമാനം പ്രതിഷേധാര്‍ഹവും ജനദ്രോഹപരവുമാണെന്ന് കല്ലട്ര മാഹിന്‍ എം.എല്‍.എ. വര്‍ഷത്തില്‍ 49.70 കോടി രൂപയിലധികം വരുമാനം നല്‍കുന്ന, ദക്ഷിണ റെയില്‍വേയിലെ തന്നെ പ്രധാനപ്പെട്ട ജില്ലാ ആസ്ഥാന സ്റ്റേഷനുകളിലൊന്നായ കാസര്‍കോടിനോട് കാണിക്കുന്ന ഈ വിവേചനം യാതൊരു ന്യായീകരണവുമില്ലാത്തതാണ്. കേന്ദ്ര സര്‍ക്കാരിന്റെ അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോടികള്‍ ചെലവഴിച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്ക് വികസിപ്പിക്കുന്ന സ്റ്റേഷനില്‍ നിന്ന് അടിസ്ഥാന സേവനമായ പാഴ്‌സല്‍ ഗതാഗതം നിര്‍ത്തലാക്കുന്നത് തികച്ചും പരസ്പരവിരുദ്ധവും വികസന കാഴ്ചപ്പാടിന് നിരക്കാത്തതുമാണ്.
ജില്ലയിലെ നൂറുകണക്കിന് വിദ്യാര്‍ഥികള്‍, സര്‍ക്കാര്‍-സ്വകാര്യ ജീവനക്കാര്‍ എന്നിവര്‍ ഇരുചക്ര വാഹനങ്ങളും മറ്റു അവശ്യ സാധനങ്ങളും കടത്താന്‍ പ്രധാനമായും ആശ്രയിക്കുന്നത് ഈ പാഴ്‌സല്‍ കേന്ദ്രത്തെയാണ്. സര്‍വീസ് നിര്‍ത്തലാക്കുന്നതോടെ ഇവര്‍ മംഗളൂരുവിനെയോ കണ്ണൂരെയോ ആശ്രയിക്കേണ്ടിവരുന്നത് കടുത്ത ദുരിതമുണ്ടാക്കും.
ഈമാസം 21ന് ഉത്തരവിറക്കി 25 മുതല്‍ നടപ്പിലാക്കാന്‍ തീരുമാനിക്കുന്നത് വ്യാപാരികള്‍ക്കും പൊതുജനങ്ങള്‍ക്കും ബദല്‍ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താന്‍ പോലും സമയം നല്‍കാതെയുള്ള തികച്ചും ഏകപക്ഷീയമായ നീക്കമാണ്. പാഴ്‌സല്‍ സര്‍വീസ് നിര്‍ത്തിവെക്കാനുള്ള നീക്കത്തില്‍ നിന്ന് റെയില്‍വേ അടിയന്തരമായി പിന്മാറണമെന്നും അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി പാഴ്‌സല്‍ കൈകാര്യം ചെയ്യാനുള്ള അടിസ്ഥാന സൗകര്യങ്ങളും ജീവനക്കാരുടെ എണ്ണവും വര്‍ദ്ധിപ്പിക്കുകയാണ് വേണ്ടതെന്നും ആവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രി, ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍, പാലക്കാട് ഡി.ആര്‍.എം എന്നിവര്‍ക്ക് കത്തയച്ചതായി എം.എല്‍.എ അറിയിച്ചു. തീരുമാനം പുനഃപരിശോധിച്ചില്ലെങ്കില്‍ ശക്തമായ ബഹുജന പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Post a Comment
0 Comments