പത്തനംതിട്ട (www.evisionnews.in): അടൂര്‍ കോട്ടമുകളിലെ 31കാരിയായ ഷെഹനയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൊലപാതകമാണെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തി. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന ഏഴംകുളം സ്വദേശിയായ യുവാവിനെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ മരണകാരണത്തില്‍ വ്യക്തത വരൂവെന്ന് പൊലിസ് അറിയിച്ചു. ജില്ലാ പൊലിസ് മേധാവി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
ഇന്നലെ രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ ഷെഹന ഭര്‍ത്താവില്‍ നിന്ന് അകന്നു കഴിയുകയായിരുന്നുവെന്നും വിവാഹമോചന കേസ് കോടതിയില്‍ പരിഗണനയിലായിരുന്നുവെന്നും പൊലിസ് പറഞ്ഞു.
വീട്ടില്‍ നിന്ന് ബഹളം കേട്ട് എത്തിയ നാട്ടുകാര്‍ ഷെഹനയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന യുവാവിന്റെ ശരീരത്തില്‍ രക്തമുണ്ടായിരുന്നുവെന്നും വീട്ടിലെ നിലത്തും കോണിപ്പടികളിലും രക്തക്കറകള്‍ കണ്ടതായും നാട്ടുകാര്‍ പറഞ്ഞു. ഇതോടെയാണ് മരണത്തില്‍ ദുരൂഹതയും കൊലപാതക സംശയവും ശക്തമായത്.
ബഹളം കേട്ട് വീട്ടിലെത്തി ജനല്‍വഴി നോക്കിയപ്പോള്‍ ഷെഹനയെ മരിച്ച നിലയിലാണ് കണ്ടതെന്ന് വാര്‍ഡ് കൗണ്‍സിലര്‍ പറഞ്ഞു. സമീപത്ത് യുവാവും ഉണ്ടായിരുന്നതായും ഉടന്‍ പൊലിസിനെ വിവരം അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി. തുടര്‍ന്ന് പൊലിസ് എത്തി വാതില്‍ തുറന്ന് യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സംഭവത്തിന്റെ എല്ലാ വശങ്ങളും പൊലിസ് അന്വേഷിച്ചുവരികയാണ്. കസ്റ്റഡിയിലുള്ള യുവാവിന്റെ പശ്ചാത്തലവും ഷെഹനയുമായുള്ള ബന്ധവും ഉള്‍പ്പെടെ വിശദമായി പരിശോധിക്കുന്നുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു.
Post a Comment
0 Comments