കാസര്‍കോട്: കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മൊഗ്രാലില്‍ കാറിലിരിക്കുകയായിരുന്ന യുവാവിനെയും പെണ്‍സുഹൃത്തിനെയും തടഞ്ഞുനിര്‍ത്തി അക്രമം അഴിച്ചുവിടുകയും, കത്തികാട്ടി ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ ഫോണും കവരുകയും ചെയ്ത കേസില്‍ രണ്ട് പ്രതികളെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു. മൊഗ്രാല്‍ മൈമൂന നഗര്‍ സ്വദേശി കളായ മുഹമ്മദ് മന്‍സൂര്‍ എന്ന ജീന, അഫ്‌സല്‍ എന്നിവരെയാണ് കുമ്പള സബ് ഇന്‍സ്‌പെക്ടര്‍ കെ.പി ഗണേശന്‍ അറസ്റ്റ് ചെയ്തത്. കേസിലെ മൂന്നാം പ്രതിക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.20ഓടെ കുമ്പള അനന്തപുരം ക്ഷേത്രത്തിന് സമീപത്തുവച്ചാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. ക്ഷേത്രത്തിന് സമീപത്തെ പഴയ തറവാടിന് മുന്നിലെ റോഡില്‍ കാറിലിരുന്ന് സംസാരിക്കുകയായിരുന്ന പരാതിക്കാ രനെയും സുഹൃത്തായ യുവതിയെയും ഓട്ടോറിക്ഷയിലെത്തിയ മൂന്നംഗ സംഘം തടയുകയായിരുന്നു. കാറിന്റെ ചുമതല ബലമായി ഏറ്റെടുത്ത പ്രതികള്‍, തടയാന്‍ ശ്രമിച്ച യുവാവിനെ കത്തികാട്ടി ഭീഷണിപ്പെടുത്തി. ഒന്നാം പ്രതി യുവാവിന്റെ മുഖത്തും കഴുത്തിലും നെറ്റിയിലും മര്‍ദ്ദിച്ച് പരിക്കേല്‍പ്പിക്കുകയും യുവതിക്ക് നേരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തു. തുടര്‍ന്ന് പ്രതികള്‍ കാറിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇരുവരെയും സീതാംഗോളി ബിവറേജിന് മുന്നിലുള്ള വിജനമായ സ്ഥലത്തേക്ക് തട്ടിക്കൊണ്ടുപോയി.
സീതാംഗോളിയില്‍ രണ്ടാം പ്രതി പരാതിക്കാരനില്‍ നിന്ന് 500 രൂപ കൈക്കലാക്കി. തുടര്‍ന്ന് മൂന്നാം പ്രതി കത്തികാട്ടി കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി യുവാവിന്റെ മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയും, ഫോണ്‍ തിരികെ നല്‍കാന്‍ 50,000 രൂപ ആവശ്യ പ്പെടുകയുമായിരുന്നു.
തുടര്‍ന്ന് വാഹനവുമായി സീതാംഗോളി ജംഗ്ഷനിലെത്തിയ ഇവര്‍ സഞ്ചരിച്ച വാഹനം മറ്റൊരു വാഹനത്തില്‍ തട്ടുകയും തര്‍ക്കം ഉണ്ടാകുകയും എയ്ഡ് പോസ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ മാരായ രതീഷ്, മുബഷീര്‍ ഇടപെടുകയും ചെയ്തതോടെ പൊലീസ് ഉദ്യോഗസ്ഥരോട് ഉള്‍പ്പെടെ പ്രതികള്‍ തട്ടിക്കയറുകയും ചെയ്തു. ഈ സമയം വാഹനത്തിലുണ്ടായിരുന്ന യുവതി പോലീസിനോട് നടന്ന സംഭവം അറിയിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ കുമ്പള പോലീസ് എത്തി പ്രതികളെ പിടികൂടുകയായിരുന്നു. ഇതിനിടെ മൂന്നാം പ്രതി ഓടി രക്ഷപെടുകയും ചെയ്തു.
ആക്രമണത്തിന് ഇരയായ യുവാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കുമ്പള പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഭാരതീയ ന്യായ സംഹിത വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. കേസ് അന്വേഷണത്തിന്റെ ഭാഗമായി എസ്.ഐ ഗണേശന്‍ കെ.പിയും സംഘവും നടത്തിയ കൃത്യമായ നീക്കത്തിനൊടുവിലാണ് ഒന്നും രണ്ടും പ്രതികളായ മുഹമ്മദ് മന്‍സൂര്‍, അഫ്‌സല്‍ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ബഹുമാനപ്പെട്ട കോടതി റിമാന്റ്് ചെയ്തു.

Post a Comment
0 Comments