Type Here to Get Search Results !

Bottom Ad

നാരായണനെ സംസ്‌കരിച്ചത് ബന്ധുവിന്റെ സമ്മതത്തോടെ; വിവാദങ്ങളില്‍ തെളിവുസഹിതം ബിജെപിക്ക് മറുപടിയുമായി ജില്ലാ പഞ്ചായത്ത് അംഗം ഇര്‍ഫാന ഇഖ്ബാല്‍



കാസര്‍കോട്: മഞ്ചേശ്വരം മിയാപദവിലെ നാരായണന്‍ തോട്ടത്തോടിയുടെ (64) സംസ്‌കാരവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ തെളിവുസഹിതം ബിജെപിക്ക് മറുപടിയുമായി ജില്ലാ പഞ്ചായത്ത് അംഗം ഇര്‍ഫാന ഇഖ്ബാല്‍. മൃതദേഹം സംസ്‌കരിച്ചതും ചെലവുകള്‍ വഹിച്ചതും സേവാഭാരതിയാണെന്ന ബിജെപി ജില്ലാ പ്രസിഡന്റ് എം എല്‍ അശ്വിനിയുടെ വാദങ്ങള്‍ പൊളിക്കുന്ന തെളിവുകളുയര്‍ത്തിയാണ് ഇര്‍ഫാന രംഗത്തെത്തിയത്. തന്റെ വാദങ്ങള്‍ തെളിയിക്കുന്നതിനായി നാരായണന്റെ കുടുംബത്തിന്റെ സമ്മതപത്രവും ആശുപത്രി രേഖകളും പൊലീസ് റിപ്പോര്‍ട്ടും പത്രസമ്മേളനത്തില്‍ അവര്‍ പുറത്തുവിട്ടു.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വായയിലെ കാന്‍സറിന് ചികിത്സയിലായിരുന്ന നാരായണന്‍ ജൂണ്‍ 25-നാണ് മരിച്ചത്. പിറ്റേദിവസം മീഞ്ച പഞ്ചായത്തിലെ രുദ്രഭൂമി ശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിച്ചു. മൃതദേഹം ഏറ്റെടുക്കാനും സംസ്‌കരിക്കാനുമുള്ള ചുമതല ഉപ്പളയിലുള്ള ശൈഖ് സായിദ് വൃദ്ധസദനത്തിന് നല്‍കിക്കൊണ്ട് നാരായണന്റെ സഹോദരി സ്വന്തം കൈപ്പടയില്‍ എഴുതിയ കത്താണ് ബിജെപി വാദങ്ങളെ പൊളിക്കാന്‍ ഇര്‍ഫാന പുറത്തുവിട്ടത്.

'രോഗം മൂര്‍ച്ഛിച്ച് നിസ്സഹായാവസ്ഥയിലായപ്പോള്‍ നോക്കാന്‍ കുടുംബാംഗങ്ങളോ ബന്ധുക്കളോ ഉണ്ടായിരുന്നില്ല. ശൈഖ് സായിദ് വൃദ്ധസദനം അധികൃതര്‍ സ്വന്തം ചെലവില്‍ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ചികിത്സയ്ക്ക് സൗകര്യമൊരുക്കുകയും ചെയ്തു. സാമ്പത്തിക ബുദ്ധിമുട്ട് കാരണം മൃതദേഹം ഏറ്റെടുക്കാനോ സംസ്‌കരിക്കാനോ ഞങ്ങള്‍ക്ക് കഴിയില്ല. അതിനാല്‍ ശൈഖ് സായിദ് ഓള്‍ഡ് ഏജ് ഹോം അധികൃതര്‍ തന്നെ മൃതദേഹം ഏറ്റെടുത്ത് അന്ത്യകര്‍മങ്ങള്‍ നടത്തണമെന്ന് അപേക്ഷിക്കുന്നു' എന്നാണ് ഈ കത്തിലുള്ളത്. തന്റെ നേതൃത്വത്തിലുള്ള ശൈഖ് സായിദ് ഫൗണ്ടേഷനാണ് ചികിത്സയും സംസ്‌കാരവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഏറ്റെടുത്തതെന്ന് അവര്‍ രേഖകള്‍ സഹിതം വ്യക്തമാക്കി. ഈവിവാദം അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഡയറക്ടര്‍ കൂക്കള്‍ ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ പ്രസ് ക്ലബില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ബിജെപി വാദങ്ങള്‍ പൊളിക്കുന്ന തെളിവുകള്‍ പുറത്തുവിട്ടത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad