കാസര്‍കോട്: ദേശീയപാതയിലെ സര്‍വീസ് റോഡുകള്‍ പൂര്‍ത്തിയാക്കുന്നതിനും വെള്ളക്കെട്ട് തടയാനും കുന്നിടിച്ചിലിനെതിരെയും പ്രത്യേക ജാഗ്രത വേണമെന്ന് ജില്ലാ വികസന സമിതി യോഗം ദേശീയ പാത അതോറിറ്റിയോട് ആവശ്യപ്പെട്ടു. നിര്‍മാണ കരാര്‍ കമ്പനികള്‍ സമയബന്ധിതമായി നിര്‍മാണം നടത്തണം. ചെര്‍ക്കള, ബേവിഞ്ച എന്നിവിടങ്ങളില്‍ തുടരുന്ന വെള്ളക്കെട്ടിന് പരിഹാരം കാണണം. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ എ.കെ.എം അഷറഫ്, കല്ലട്ര മാഹിന്‍, കെ. നീലകണ്ഠന്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ജി. സന്ദീപ് വാര്യര്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ ടി. രാജേഷ്, എഡിഎം ഉദയകുമാര്‍ സംസാരിച്ചു. കാസര്‍കോട് സിവില്‍ സ്റ്റേഷന്‍ ക്യാമ്പസ് സൗന്ദര്യവല്‍ക്കരിക്കുമെന്ന് ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ പറഞ്ഞു. ഇതിന് പ്രൊപൊസല്‍ തയാറാക്കാന്‍ പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കി. ഭാരത് സെന്‍സസുമായി ബന്ധപ്പെട്ട് ജൂണ്‍ 30വരെ സെല്‍ഫ് എന്യൂമറേഷനിലൂടെ സ്വന്തമായി വിവരങ്ങള്‍ നല്‍കാവുന്നതാണെന്നും സിവില്‍ സ്റ്റേഷനിലെ മുഴുവന്‍ ഉദ്യോഗസ്ഥരും സെല്‍ഫ് എന്യൂമറേഷന്‍ ചെയ്ത് സെന്‍സസ് പ്രവര്‍ത്തനങ്ങളുടെ ഭാഗമാകണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.
മെഡിക്കല്‍ കോളജില്‍ വനിതാ ഹോസ്റ്റല്‍ നിര്‍മാണം വേഗത്തിലാക്കണം
കാസര്‍കോട് ഗവ. മെഡിക്കല്‍ കോളജിന് സമീപം നഴ്സിംഗ് കോളജ് വനിതാ ഹോസ്റ്റല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട കല്ലട്ര മാഹിന്‍ എം.എല്‍.എയുടെ ചോദ്യത്തിന് ഹോസ്റ്റല്‍ നിര്‍മാണം വേഗത്തിലാക്കാന്‍ ഹോസ്റ്റലിന്റെ ഡ്രോയിങ് ഈമാസം തന്നെ ലഭ്യമാക്കുമെന്ന് പിഡബ്ല്യുഡി ബില്‍ഡിംഗ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കാസര്‍കോട് മെഡിക്കല്‍ കോളജിലെ പഠനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ജില്ലാ കലക്ടര്‍ എല്ലാ മാസവും യോഗം നടത്തുന്നുണ്ട് ലാബ് ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട കെ.ഡി.പി ഫണ്ട് ഉപയോഗിച്ച് ആദ്യവര്‍ഷത്തെ വിദ്യാര്‍ഥികള്‍ക്കു വേണ്ടി മൂന്ന് ലാബുകളുടെയും പ്രവര്‍ത്തനം പൂര്‍ത്തിയായെന്നും ബാക്കി ഒമ്പത് ലാബുകളുടെ പ്രവര്‍ത്തനം തുടങ്ങാനുള്ള നടപടികള്‍ ഉടന്‍ കെ.സി.സി.എം.എല്‍ സ്വീകരിക്കുമെന്നും യോഗത്തില്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ പറഞ്ഞു.
ചെര്‍ക്കള ദേശീയ പാതയിലെ സര്‍വീസ് റോഡ് തകര്‍ന്നതും വെള്ളക്കെട്ടും ചെര്‍ക്കള ബസ്സ്റ്റാന്റില്‍ ബസ്സുകള്‍ പ്രവേശിക്കാത്ത പ്രശ്നം എം.എല്‍.എ യോഗത്തില്‍ അറിയിച്ചു. ബീരന്ത് ബയല്‍ സുനാമി ഫ്ലാറ്റില്‍ താമസിക്കുന്നവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ എം.എല്‍.എ ഉന്നയിച്ചു സെപ്റ്റിക് ടാങ്ക് ക്ലീന്‍ ചെയ്തിട്ടുണ്ടെന്നും സുനാമി ഫ്ലാറ്റ് കെട്ടിട നിര്‍മാണ പദ്ധതിക്കായി കരാറുകാരനോട് പെട്ടെന്ന് പണി ആരംഭിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും നഗരസഭ സെക്രട്ടറി അറിയിച്ചു. തളങ്കര സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മിക്കുന്നതിനായി സ്ഥലം കണ്ടെത്തുന്നതിന് പരിശോധിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി തഹസില്‍ദാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും എ.ഡി.എം അറിയിച്ചു. പരിശോധിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കലക്ടര്‍ കാസര്‍കോട് തഹസില്‍ദാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
പകര്‍ച്ചവ്യാധി നിയന്ത്രണം കാര്യക്ഷമമാക്കണം
ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ താമസിക്കുന്ന കേന്ദ്രങ്ങളില്‍ പകര്‍ച്ചവ്യാധി നിയന്ത്രണം കര്‍ശനമാക്കണമെന്ന് എ.കെ.എം അഷറഫ് എം.എല്‍.എ പറഞ്ഞു. വിഷയത്തില്‍ ജല്ലയില്‍ പ്രത്യേക ടീം രൂപീകരിച്ച് പ്രവര്‍ത്തനം നടത്തുന്നുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആരോഗ്യം അറിയിച്ചു. ഉപ്പള ഗേറ്റിലും ഹൊസങ്കടിയിലും വെള്ളക്കെട്ട് പരിഹരിക്കണം. ഓവുചാല്‍ നിര്‍മാണം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. അനന്തപുരം വ്യവസായ പാര്‍ക്കിലെ ഓയില്‍ റീസൈക്ലിങ് കമ്പനി ഉണ്ടാക്കിയ പരിസ്ഥിതി- ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കുന്നത് സംബന്ധിച്ചും എം.എല്‍.എ വിഷയം ഉന്നയിച്ചു. ജില്ലാ ഭരണ സംവിധാനത്തിന്റെ അനുമതി ലഭിക്കുന്നതുവരെ ഓയില്‍ റീസൈക്ലിംഗ് യൂണിറ്റ് പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന് കലക്ടര്‍ നിര്‍ദേശം നല്‍കി.
ഡോക്ടര്‍മാര്‍ ഇല്ലാത്ത പ്രശ്നം പരിഹരിക്കണം
ഉദുമ മണ്ഡലത്തിലെ വിവിധ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ഉച്ചയ്ക്കു ശേഷം ഡോക്ടര്‍മാര്‍ ഇല്ലാത്ത പ്രശ്നം കെ.നീലകണ്ഠന്‍ എം.എല്‍.എ ചൂണ്ടിക്കാട്ടി. പി.എസ്.സി ലിസ്റ്റ് നിലവിലുണ്ടൈനും നിയമനം നല്‍കി ഡോക്ടര്‍മാരുടെ ക്ഷാമം പരിഹരിക്കാം എന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ യോഗത്തില്‍ അറിയിച്ചു. ചട്ടഞ്ചാല്‍ ലൈഫ് ഫ്ലാറ്റ് നിര്‍മ്മാണത്തിന്റെ പുരോഗതി സംബന്ധിച്ച ചോദ്യത്തിന് പ്രവൃത്തിയുടെ തുക വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാറിന്റെ പരിഗണനയിലാണെന്നും പ്രവൃത്തി താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്നും ലൈഫ് മിഷന്‍ പ്രതിനിധി അറിയിച്ചു. ചട്ടഞ്ചാല്‍ ടാറ്റ കോവിഡ് ആശുപത്രിയുടെ നിലവിലെ അവസ്ഥയുമായി ബന്ധപ്പെട്ട് ടാറ്റാ ട്രസ്റ്റ് ഗവണ്‍മെന്റ് ആശുപത്രി ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ് നിര്‍മ്മാണ പ്രവര്‍ത്തി ആരംഭിച്ചിട്ടുണ്ടെന്നും പ്രവര്‍ത്തി വളരെ വേഗത്തില്‍ പുരോഗമിക്കുന്നുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ റിപ്പോര്‍ട്ട് ചെയ്തു. തൃക്കണ്ണാട് തീരപ്രദേശത്തെ കടലാക്രമണം തടയുന്നതിനായി 128 മീറ്റര്‍ നീളത്തില്‍ 50 ലക്ഷം രൂപയുടെ ഗ്രാനൈറ്റ് ഡംബിങ് പ്രവര്‍ത്തി പുരോഗമിച്ചു വരുന്നുണ്ടെന്നും പ്രവര്‍ത്തിയുടെ 50 ശതമാനത്തോളം പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും മേജര്‍ ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ റിപ്പോര്‍ട്ട് ചെയ്തു.
കുളങ്ങാട്ട് മല: ദുരന്ത നിവാരണ കമ്മറ്റി രൂപീകരിക്കും
കുളങ്ങാട്ട് മലയില്‍ കഴിഞ്ഞ കാലവര്‍ഷത്തില്‍ വിളളലും കുന്നിടിച്ചിലും ഉണ്ടായ സാഹചര്യത്തില്‍ കാടങ്കോട് ഉന്നതിയിലെ ബന്ധപ്പെട്ട് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ജി. സന്ദീപ് വാര്യര്‍ എം.എല്‍.എ ചോദിച്ചറിഞ്ഞു. വിഷയത്തില്‍ ശാശ്വതമായ പരിഹാരം കാണുന്നതിനയി കാഞ്ഞങ്ങാട് ആര്‍.ഡി.ഒ ചെയര്‍മാനായി കമ്മറ്റി രൂപീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. വിവിധ വകുപ്പകളുടെ ഉദ്യോഗസ്ഥര്‍ സ്ഥല സന്ദര്‍ശനം നടത്തി. തുടര്‍ന്ന് മണ്ണിടിച്ചിലും ജലപ്രവാഹവും മൂലമുള്ള അപകടം കുറക്കുന്നതിനായി ഷീറ്റ് വിരിക്കുന്ന പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. ഡ്രെയിനേജ് നിര്‍മ്മിക്കുന്നതിനായി എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ പട്ടികജാതി വികസന വകുപ്പിന് കൈമാറിയതായി എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു.
തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ രാത്രിയില്‍ ഒമ്പത് വയസുകാരന് ചികിത്സ നിഷേധിച്ച ജീവനക്കാരനെതിരെ നടപടി സ്വീകരിക്കണമെന്ന് എം.എല്‍.എ നിര്‍ദ്ദേശിച്ചു. മൗക്കോട് എഫ്.എച്ച്.സിക്കായി കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച മൂന്നുനില കെട്ടിടത്തില്‍ റാംപ് സൗകര്യമോ ലിഫ്റ്റോ ഉള്‍പ്പെടുത്താത്തത് പരിശോധിക്കണമെന്ന് എം.എല്‍.എ പറഞ്ഞു. മലയോര ഹൈവേയിലെ കാറ്റാംകവല വളവില്‍ അപകടങ്ങള്‍ പതിവാകുന്നതുമായി ബന്ധപ്പെട്ട് വളവ് നിവര്‍ത്തുന്നതിന് അധിക സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഇന്‍വെസ്റ്റിഗേഷന്‍ നടത്താനായി 3.95 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് പ്രൊപ്പോസല്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും ഇവിടെ അപകട സൂചനസൈന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും കെ.ആര്‍.എഫ്.ബി എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. നടക്കാവിലെ രാജീവ് ഗാന്ധി സ്റ്റേഡിയം പൊതുജനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ സാധിക്കണമെന്നും കളിക്കളങ്ങള്‍ ജനങ്ങള്‍ക്ക് പ്രാപ്യമാകുന്നതിലെ തടസങ്ങള്‍ നീക്കണമെന്നും എം.എല്‍.എ പറഞ്ഞു.
.jpg)
Post a Comment
0 Comments