കാസര്‍കോട്: ജില്ല നേരിടുന്ന കടുത്ത ആരോഗ്യ മേഖല പ്രതിസന്ധികള്‍ക്ക് മുന്‍ഗണനാടിസ്ഥാനത്തില്‍ സമയബന്ധിതമായ പരിഹാരം കാണുമെന്ന് ജില്ലയുടെ ചുമതലയുള്ള തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി. ജില്ലയുടെ പൊതുജനാരോഗ്യ പ്രശ്‌നങ്ങളില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മൂവ്‌മെന്റ് ഫോര്‍ബെറ്റര്‍ കേരള സൊസൈറ്റി ഭാരവാഹികള്‍ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കാസര്‍കോടിന്റെ ആരോഗ്യ പിന്നാക്കാവസ്ഥയെക്കുറിച്ച് ബോധ്യമുണ്ടെന്നും സംഘടന സമര്‍പ്പിച്ച നിവേദനങ്ങളിലെ ഓരോ വിഷയവും വിശദമായി പഠിച്ച് പ്രൊജക്റ്റുകള്‍ വേഗത്തിലാക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ജില്ലയിലെ പ്രധാന വിഷയമായ മെഡി ക്കല്‍ കോളജില്‍ സമയബന്ധിതമായ പരിഹാരവും കണ്ടെത്തുന്നതിനായി ഉക്കിനടുക്കയിലെ കാസര്‍കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് നേരിട്ട് സന്ദര്‍ശിക്കുമെന്നും ഭാരവാഹികളെ അറിയിച്ചു. എം.ബി.കെ ഭാരവാഹികളായ സാംജോസ്, ഖാലിദ് കൊളയല്‍, അബുല്ല ബങ്കണ, സുധീഷ് ആറാട്ടുകടവ്, എന്നിവരാണ് മന്ത്രിയെ കണ്ട് കൂടിക്കാഴ്ച നടത്തിയത്. ഉദുമ എം.എല്‍.എ കെ. നീലകണ്ഠനും മന്ത്രിയുടെ കൂടെയുണ്ടായിരുന്നു.
2013ല്‍ നിര്‍മാണം ആരംഭിച്ച ഉക്കിനടുക്കയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് പദ്ധതി 13വര്‍ഷം പിന്നിട്ടിട്ടും പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാകാത്തതിലെ അനാസ്ഥ ഭാരവാഹികള്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. സ്വന്തമായി ക്ലിനിക്കല്‍ ട്രെയിനിംഗ് ഹോസ്പിറ്റല്‍ ഇല്ലാത്തതിനാല്‍ എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനായി 26 കിലോമീറ്റര്‍ അകലെയുള്ള കാസര്‍കോട് ജനറല്‍ ആശുപത്രിയെ ആശ്രയിക്കേണ്ടി വരുന്നു. കടുത്ത യാത്രാക്ലേശവും പഠനനഷ്ടവും അവസാനിപ്പിക്കാന്‍ ഹോസ്പിറ്റല്‍ ബ്ലോക്കും സ്റ്റാഫ്, സ്റ്റുഡന്റ്‌സ് ഹോസ്റ്റലുകളും യുദ്ധ കാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണം. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും കാസര്‍കോട് ജനറല്‍ ആശുപത്രിയിലും കോടിക്കണക്കിന് രൂപ ചെലവഴിച്ച് നിര്‍മിച്ച ബഹുനില മന്ദിരങ്ങള്‍ ചെറിയ സിവില്‍ പണികളുടെ കുടിശ്ശികയും വൈദ്യുതീകരണത്തിലെ താമസവും കാരണം ജനങ്ങള്‍ക്ക് ഉപകാരപ്പെടാതെ അടച്ചിട്ടിരിക്കുന്ന അവസ്ഥ പരിഹരിക്കാന്‍ തദ്ദേശ സ്വയംഭരണ എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ ഇടപെടല്‍ ഉണ്ടാകണം.
കാഞ്ഞങ്ങാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ആവശ്യത്തിന് ഗൈനക്കോളജിസ്റ്റ്, പീഡിയാട്രീഷ്യന്‍ എന്നിവരെ നിയമി ക്കണമെന്നും, സ്വന്തമായി സി.ടി സ്‌കാന്‍, അള്‍ട്രാസൗണ്ട് സ്‌കാനിംഗ് സംവിധാനങ്ങള്‍ ലഭ്യമാക്കി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രസവചികിത്സാ സൗകര്യം ഉറപ്പാക്കണമെന്നും നിവേദന ത്തില്‍ ആവശ്യപ്പെട്ടു. തെക്കില്‍ ടാറ്റാ സൈറ്റില്‍ വിഭാവനം ചെയ്ത സ്ഥിരം ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്കിന്റെ നിര്‍മാണം നിലവില്‍ വെറും തൂണുകളുടെ ഘട്ടത്തില്‍ ഇഴഞ്ഞുനീങ്ങുകയാണ്. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ അനുവദിച്ച ഫണ്ടുകള്‍ വിനിയോഗിച്ച് അടുത്തടുത്ത മാസത്തിനകം ഇതിന്റെ സ്ട്രക്ചറല്‍ പണികള്‍ പൂര്‍ത്തിയാക്കാന്‍ കരാറുകാരനു കര്‍ശന നിര്‍ദ്ദേശം നല്‍കണമെന്ന് സംഘടന ആവശ്യപ്പെട്ടു.

Post a Comment
0 Comments