Type Here to Get Search Results !

Bottom Ad

നോവായി മൂന്നു കുരുന്നുകളുടെ അപകട മരണം


കാസര്‍കോട്: മഴ പെയ്ത് തുടങ്ങിയതോടെ മൂന്നു കുഞ്ഞുമക്കളുടെ അപകടമരണത്തിന് മൂകസാക്ഷിയായി ജില്ല. ശനിയാഴ്ച വൈകിട്ടോടെയാണ് രണ്ടു ഗ്രാമങ്ങളെ കണ്ണീരിലാക്കി അഞ്ചും ആറും എട്ടും മാത്രം പ്രായമുള്ള കുട്ടികള്‍ മരണത്തിനു കീഴടങ്ങിയത്. വൈകിട്ട് അഞ്ചു മണിയോടെയാണ് അഡൂര്‍ അഡൂര്‍ സഞ്ചയ്ക്കടവില്‍ നിന്ന് രണ്ടു കുട്ടികളുടെ മരണവാര്‍ത്ത നാടറിയുന്നത്. വീടിനു സമീപത്തു കളിച്ചുകൊണ്ടിരിക്കെ അഡൂര്‍ പി.എച്ച്.സിക്ക് സമീപം താമസിക്കുന്ന അബൂബക്കര്‍ - സൗദ ദമ്പതികളുടെ മക്കളായ മുസമ്മില്‍ (എട്ട്), മുന്‍സിര്‍ (അഞ്ച്) എന്നിവരുടെ ദേഹത്തേക്ക് അയല്‍പക്കത്തെ വീട്ടുമതില്‍ ഇടിഞ്ഞുവീഴുകയായിരുന്നു. വന്‍ ശബ്ദത്തോടെ മതില്‍ ഇടിഞ്ഞുവീഴുന്നത് കേട്ട് ഓടിയെത്തിയ നാട്ടുകാരും വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ആദൂര്‍ പൊലീസും ചേര്‍ന്നാണ് അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്തിയത്. അടുത്തിടെ ഗൃഹപ്രവേശം നടന്ന വീടിന്റെ മതിലാണ് തകര്‍ന്നുവീണത്. കൂടെ കളിച്ചിരുന്ന അയല്‍വാസിയുടെ മകന്‍ വതീഫ് (ഒമ്പത്) ഗുരുതരമായി പരിക്കുകളോടെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

നടുക്കുന്ന വാര്‍ത്തയ്ക്ക് പിന്നാലെ വിദ്യാനഗര്‍ മഞ്ചത്തടയ്ക്ക ദര്‍ഗാ റോഡില്‍ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ സെപ്റ്റിക് ടാങ്കില്‍ വീണ് ആറു വയസുകാരനും നാടിന് നോവായി മാറി. അഹമ്മദ് ഷാജിറിന്റെയും ആസ്യമ്മയുടെയും മകനായ യുകെജി വിദ്യാര്‍ഥി മുഹമ്മദ് അയാന്‍ ഷാസിം മരിച്ചത്. കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കുട്ടി അപകടത്തില്‍പ്പെടുകയായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല. മൂന്നു പിഞ്ചുകുട്ടികളുടെയും മയ്യത്തുകള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad