കാസര്‍കോട്: കാസര്‍കോട് നഗരസഭയ്ക്ക് ആധുനിക സൗകര്യങ്ങളോടെ പുതിയ ഓഫീസ് കെട്ടിടം നിര്‍മിക്കണമെന്നാവശ്യവുമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജിക്ക് നിവേദനം നല്‍കി നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷാഹിന സലീം. ജില്ലയുടെ ആസ്ഥാന നഗരമായ കാസര്‍കോട് നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന നഗരസഭ ഓഫീസ് കെട്ടിടം കാലപ്പഴക്കവും സ്ഥലപരിമിതിയും കാരണം ഗുരുതരമായ പ്രതിസന്ധികള്‍ നേരിടുകയാണ്. മഴക്കാലത്ത് കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളം ചോര്‍ന്നു വീഴുന്നതും പഴകിയ അടിസ്ഥാന സൗകര്യങ്ങളും ഓഫീസ് പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചുക്കുന്നു.
1968 നവംബര്‍ 26ന് സയ്യിദ് അബ്ദുല്‍ റഹിമാന്‍ ബാഫഖി തങ്ങളുടെ അധ്യക്ഷതയില്‍ അന്നത്തെ പൊതുമരാമത്ത് മന്ത്രി ടി.കെ ദിവാകരന്‍ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച നിലവിലെ കെട്ടിടം 1978 ജൂണ്‍ 23ന് മുന്‍ നഗരസഭ ചെയര്‍മാനും രാജ്യസഭാംഗവും എം.എല്‍.എയുമായിരുന്ന ഹമീദലി ശംനാടിന്റെ അധ്യക്ഷതയില്‍ നഗരസഭ ചെയര്‍മാന്‍ എം. രാമണ്ണറായ് ഉദ്ഘാടനം ചെയ്തതാണ്.
കാസര്‍കോട് നഗരസഭയുടെ ചരിത്രത്തിലെ നിരവധി സുപ്രധാന തീരുമാനങ്ങള്‍ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കും സാക്ഷ്യംവഹിച്ച ഈ കെട്ടിടം അറ്റകുറ്റപ്പണികള്‍ കൊണ്ട് മാത്രം നിലനിര്‍ത്താനാകാത്ത അവസ്ഥയിലാണ്. കാലപ്പഴക്കം കാരണം കെട്ടിടത്തിന്റെ പല ഭാഗങ്ങളിലെയും കോണ്‍ക്രീറ്റ് ഇളകിയ നിലയിലായതിനാല്‍ ജനപ്രതിനിധികള്‍ക്കും ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും സുരക്ഷാഭീഷണി ഉയരുന്നുണ്ട്. പഴയ ഫയലുകള്‍ ആവശ്യമായ സംഭരണ സൗകര്യമില്ലാത്തതിനാല്‍ തറയിലും വരാന്തകളിലും കൂട്ടിയിട്ടിരിക്കുകയാണ്. വൈദ്യുതി വയറിംഗുകളും കാലഹരണപ്പെട്ടതും അപകടസാധ്യത നിറഞ്ഞതുമായ നിലയിലാണ്.
ജില്ലയുടെ ആസ്ഥാന നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന നഗരസഭ ഓഫീസിലേക്ക് ദിനംപ്രതി നൂറുകണക്കിന് ആളുകളാണ് വിവിധ ആവശ്യങ്ങള്‍ക്കായി എത്തിച്ചേരുന്നത്. കേരളത്തിലെ പ്രധാന ഫസ്റ്റ് ഗ്രേഡ് നഗരസഭകളിലൊന്നായ കാസര്‍കോട് നഗരസഭയ്ക്ക് നിലവിലെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ ഓഫീസ് സമുച്ചയം അനിവാര്യമാണ്. ഓഫീസ് കെട്ടിടം പുതുക്കിപ്പണിയുന്നതിനായി കഴിഞ്ഞ സര്‍ക്കാര്‍ ബജറ്റില്‍ മൂന്നു കോടി രൂപ വകയിരുത്തിയിരുന്നെങ്കിലും തുടര്‍ നടപടികള്‍ കാര്യമായ പുരോഗതി കൈവരിച്ചിട്ടില്ല. അതിനാല്‍ പദ്ധതിയുടെ നടപടികള്‍ അടിയന്തരമായി വേഗത്തിലാക്കുകയും പുതിയ ബജറ്റില്‍ ആവശ്യമായ ഏഴു കോടി രൂപ കൂടി അനുവദിക്കുകയും ചെയ്ത് നഗരസഭയ്ക്ക് ആധുനികവും സുരക്ഷിതവുമായ പുതിയ ഓഫീസ് കെട്ടിടം നിര്‍മിക്കുന്നതിന് സര്‍ക്കാര്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തണമെന്നും ചെയര്‍പേഴ്‌സണ്‍ ആവശ്യപ്പെട്ടു.

Post a Comment
0 Comments