ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിലേക്ക് വമ്പൻ എൻട്രിയുമായി ജാപ്പനീസ് വാഹന ഭീമന്മാരായ ടൊയോട്ട. ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ടൊയോട്ടയുടെ ആദ്യ ഫുൾ ഇലക്ട്രിക് എസ്‌യുവി 'അർബൻ ക്രൂസർ എബെല്ല' പുറത്തിറക്കി. ഏറ്റവും ഉയർന്ന മോഡലായ 'ഇ3' (E3)* വേരിയന്റിന്റെ വിലയാണ് കമ്പനി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. 23.60 ലക്ഷം രൂപയാണ് ഈ ടോപ്പ് എൻഡ് മോഡലിന്റെ എക്സ്-ഷോറൂം വില.
കുറഞ്ഞ വിലയിലുള്ള E1, E2 വേരിയന്റുകളുടെ വിലവിവരങ്ങൾ കമ്പനി ഉടൻ തന്നെ പുറത്തുവിടുമെന്നാണ് സൂചന. സുസുക്കിയുടെ 'ഇ വിറ്റാര' (e Vitara) പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് എബെല്ലയുടെ ജനനമെങ്കിലും ലുക്കിലും പ്രീമിയം ഫീച്ചേഴ്സിലും ടൊയോട്ടയുടെ തനത് ഗാംഭീര്യം കാത്തുസൂക്ഷിക്കാൻ കമ്പനി ശ്രദ്ധിച്ചിട്ടുണ്ട്. മൂന്ന് മോഡലുകളിലെത്തുന്ന വിറ്റാരയുടെ വില 15.99 ലക്ഷം രൂപ മുതൽ 20.01 ലക്ഷം രൂപ വരെയാണ്.
61 കിലോവാട്ട് ബാറ്ററി പാക്കുമായാണ് എബെല്ല എത്തിയിരിക്കുന്നത്. മുൻ ആക്സിലിൽ ഘടിപ്പിച്ചിരിക്കുന്ന ഇലക്ട്രിക് മോട്ടോർ 171 ബിഎച്ച്പി കരുത്തും 189 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. ഒറ്റത്തവണ പൂർണ്ണമായി ചാർജ് ചെയ്താൽ 543 കിലോമീറ്റർ വരെ സഞ്ചരിക്കാമെന്നാണ് കമ്പനിയുടെ അവകാശവാദം. ഒരു ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാൽ വെറും 45 മിനിറ്റുകൊണ്ട് ബാറ്ററിയുടെ 10 ശതമാനത്തിൽ നിന്ന് 80 ശതമാനം വരെ ചാർജ് ചെയ്യാനാകും.
ടൊയോട്ടയുടെ പുതിയ 'അർബൻ ടെക്' ഡിസൈൻ ഭാഷ്യമാണ് എബെല്ലയ്ക്ക് നൽകിയിരിക്കുന്നത്. മുന്നിലെ ഹാമർഹെഡ് ശൈലിയിലുള്ള ഗ്രില്ലും അതിനോട് ചേർന്നുള്ള എൽഇഡി ഡിആർഎല്ലുകളും (DRL) വശങ്ങളിലെ 18 ഇഞ്ച് അലോയ് വീലുകളും വണ്ടിയ്ക്ക് റോഡ് പ്രസൻസ് നൽകുന്നുണ്ട്.

Post a Comment
0 Comments