പശ്ചിമ ബംഗാളിൽ തൃണമൂൽ കോണ്‍ഗ്രസിനെ ഞെട്ടിച്ച് മമത ബാനർജിയുടെ തോൽവി. ബിജെപി സ്ഥാനാർത്ഥി സുവേന്ദു അധികാരിയോടാണ് പരാജയപ്പെട്ടത്. അഞ്ച് വർഷം മുമ്പ് നന്ദിഗ്രാമിൽ മമത ബാനർജിയെ പരാജയപ്പെടുത്തിയ സുവേന്ദു അധികാരി, 2026-ൽ ആ ചരിത്രം ആവർത്തിച്ചിരിക്കുകയാണ്. നന്ദിഗ്രാമിലല്ല, മറിച്ച് മമതയുടെ സ്വന്തം കോട്ടയായ കൊൽക്കത്തയിലെ ഭവാനിപൂരിലാണ് ഇത്തവണ സുവേന്ദു വിജയിച്ചത്. തന്റെ മുൻ നേതാവായ മമതയെ അവരുടെ സുരക്ഷിത താവളത്തിൽ ചെന്ന് പരാജയപ്പെടുത്തിയിരിക്കുകയാണ് സുവേന്ദു.
ആകെ വോട്ടെടുപ്പ് നടന്ന 293 സീറ്റുകളിൽ 200ലേറെ സീറ്റുകളിൽ ബിജെപി മുന്നേറുന്ന വേളയിൽ, മമതയുടെ ഈ വ്യക്തിപരമായ പരാജയം തൃണമൂൽ കോൺഗ്രസിന് ഇരട്ടി പ്രഹരമായി. മമത ബാനർജി താമസിക്കുന്ന കാളിഘട്ട് ഉൾപ്പെടുന്ന ഭവാനിപൂർ അവർ തന്റെ രാഷ്ട്രീയ ജീവിതം പടുത്തുയർത്തിയ മണ്ണാണ്. ഈ തെരഞ്ഞെടുപ്പിൽ ഭവാനിപൂരിലും നന്ദിഗ്രാമിലും വിജയം ഉറപ്പിച്ചതോടെ സുവേന്ദു അധികാരി തന്റെ രാഷ്ട്രീയ കരുത്ത് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്.
തിങ്കളാഴ്ച വോട്ടെണ്ണൽ ആരംഭിച്ചത് മുതൽ ഭവാനിപൂരിൽ ഉദ്വേഗജനകമായ നിമിഷങ്ങളായിരുന്നു. പോസ്റ്റൽ ബാലറ്റുകൾ എണ്ണിയപ്പോൾ സുവേന്ദുവിനായിരുന്നു മുൻതൂക്കം. എന്നാൽ ഏഴാം റൗണ്ട് എത്തിയപ്പോഴേക്കും മമത ശക്തമായി തിരിച്ചുവരികയും 19,000 വോട്ടുകളുടെ ഭൂരിപക്ഷം നേടുകയും ചെയ്തു. എന്നാൽ വൈകുന്നേരം 6:30 ഓടെ ഈ ലീഡ് 2,900 ആയി കുറഞ്ഞു. രാത്രി ഒൻപത് മണിക്ക് 18 റൗണ്ടുകൾ പൂർത്തിയായപ്പോൾ സുവേന്ദു 11,000 വോട്ടുകൾക്ക് മുന്നിലെത്തി.

Post a Comment
0 Comments