Type Here to Get Search Results !

Bottom Ad

അരനൂറ്റാണ്ടുകാലത്തെ ചരിത്രം തിരുത്തിക്കുറിച്ച് സന്ദീപും നീലകണ്ഠനും; ജില്ലയില്‍ സംപൂജ്യരായി സി.പി.എം


കാസര്‍കോട്: അരനൂറ്റാണ്ടുകാലത്തെ ചരിത്രം തിരുത്തിക്കുറിച്ച് സന്ദീപും നീലകണ്ഠനും ജയിച്ചുകയറിയത് പുതുചരിത്രത്തിലേക്ക്. മൂന്നര പതിറ്റാണ്ടിലേറെയായി സി.പി.എം പ്രതിനിധികളെ മാത്രം വിജയിപ്പിക്കുന്ന ഇക്കുറി യു.ഡി.എഫ് പ്രതിനിധിയായി ഉദുമയില്‍ നിന്ന് കെ നീലകണ്ഠനും തൃക്കരിപ്പൂരില്‍ നിന്ന് സന്ദീപ് വാര്യരും നിയമസഭയില്‍ എത്തും.

ജില്ലയിലെ ഇടതു കോട്ടയായ ഉദുമയില്‍ ചരിത്ര വിജയമാണ് കോണ്‍ഗ്രസിലെ നീലകണ്ഠന്‍ നേടിയത്. 4847 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സിറ്റിംഗ് എംഎല്‍എ സിഎച്ച് കുഞ്ഞമ്പുവിനെ പരാജയപ്പെടുത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിയായി കന്നിയങ്കം കുറിച്ച സി.എച്ച് കുഞ്ഞമ്പു 13322 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബാലകൃഷ്ണന്‍ പെരിയയെ വീഴ്ത്തിയത്. ഈ വോട്ടുനിലയാണ് കെ. നീലകണ്ഠന്‍ തകര്‍ത്തെറിഞ്ഞത്.

1987ല്‍ കെ.പി.കുഞ്ഞിക്കണ്ണന്‍ ജയിച്ചതിനു ശേഷം ഉദുമയില്‍നിന്നു കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ച ഒരാളും നിയമസഭയിലെത്തിയിട്ടില്ല. 2016ല്‍ കോണ്‍ഗ്രസിലെ കരുത്തനായ കെ. സുധാകരന്‍ തന്നെ ഉദുമ പിടിക്കാനെത്തിയെങ്കിലും സിറ്റിംഗ് എംഎല്‍എയായ സിപിഎമ്മിലെ കെ. കുഞ്ഞിരാമനോട് 3832 വോട്ടുകള്‍ക്കു പരാജയപ്പെട്ടു. എന്നാല്‍, ലോക്സഭാ തിരഞ്ഞെടുപ്പില്‍ 8937 വോട്ടുകളുടെ പ്രതീക്ഷിക്കാത്ത ഭൂരിപക്ഷമാണ് യുഡിഎഫ് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താന് ഉദുമയില്‍ ലഭിച്ചത്. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും മണ്ഡലത്തില്‍ ലീഡുയര്‍ത്താന്‍ യുഡിഎഫിന് കഴിഞ്ഞിരുന്നു. ഇതൊക്കെ കൊണ്ട്തന്നെ ഇക്കുറി കോണ്‍ഗ്രസ് ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കിയ മണ്ഡലമായിരുന്നു് ഉദുമ.

ജില്ലയുടെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഒരിക്കല്‍ പോലും ജയിച്ചിട്ടില്ലാത്ത തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ 4431വോട്ടിന്റെ ലീഡുയര്‍ത്തിയാണ് സന്ദീപ് വാര്യര്‍ അതിശയം കാട്ടിയത്. സി.പി.എമ്മിന്റെ ഉരുക്കുകോട്ടയായ തൃക്കരിപ്പൂരില്‍ അവസാന റൗണ്ട് വരെ ഉദ്വേഗം നിറഞ്ഞ 'ഫോട്ടോഫിനിഷ്' പോരാട്ടത്തിനൊടുവിലാണ് സന്ദീപ് വാര്യര്‍ ചരിത്ര വിജയം സ്വന്തമാക്കിയത്.

വര്‍ഷങ്ങളായി സി.പി.എം മാത്രം ജയിച്ചുവരുന്ന തൃക്കരിപ്പൂര്‍ ഇത്തവണ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പോലും കരുതിയിരുന്നില്ല. എന്നാല്‍ സി.പി.എം സ്ഥാനാര്‍ഥി ഡോ. വി.പി.പി മുസ്തഫയെ മുട്ടുകുത്തിച്ച് സന്ദീപ് വാര്യര്‍ മണ്ഡലത്തില്‍ അപ്രതീക്ഷിത മുന്നേറ്റം നടത്തി. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ലീഡ് നില മാറിമറിഞ്ഞ മണ്ഡലത്തില്‍ അവസാന നിമിഷം സന്ദീപ് വാര്യര്‍ മുന്നിലെത്തുകയായിരുന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ഥി എം. രാജഗോപാലന്‍ 26,137 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എം.പി ജോസഫിനെ പരാജയപ്പെടുത്തിയത്. കെ.എം. മാണിയുടെ മരുമകന് പിജെ ജോസഫ് തൃക്കരിപ്പൂരില്‍ സീറ്റ് നല്‍കിയത് ഏറെ ചര്‍ച്ചയായിരുന്നു. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 16,959 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് വിജയിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പക്ഷേ, ഭൂരിപക്ഷം വെറും 1899 വോട്ടുകള്‍ മാത്രമായി. അവസാനം നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ പക്ഷേ, എല്‍ഡിഎഫ് ഭൂരിപക്ഷം 18,262 വോട്ടുകളായി ഉയര്‍ന്നു.

നീലേശ്വരം ദ്വയാംഗ മണ്ഡലത്തിന്റെ ഭാഗമായിരുന്ന മണ്ഡലം 1977ല്‍ വേര്‍പെടുത്തുകയായിരുന്നു. സി.പി.എമ്മിന് വമ്പിച്ച അടിത്തറയുള്ള പഞ്ചായത്തുകള്‍ ചേര്‍ത്ത് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായി ഉരുക്കുകോട്ടയായി നിലകൊണ്ടു. പിന്നീട് കണ്ണൂര്‍ ജില്ലയിലെ പഞ്ചായത്തുകള്‍ ഒഴിവാക്കിയതോടെ മണ്ഡലം ജില്ലക്കകത്തായി. മണ്ഡലം രൂപവത്കരിച്ചതിനുശേഷം നടന്ന 11 തെരഞ്ഞെടുപ്പിലും നിയമസഭയില്‍ തൃക്കരിപ്പൂരിനെ പ്രതിനിധാനം ചെയ്തത് ഇടതുമുന്നണിയാണ്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad