Type Here to Get Search Results !

Bottom Ad

മഞ്ചശ്വരത്തും കാസര്‍കോട്ടും ചരിത്ര ഭൂരിപക്ഷം; ജില്ലയില്‍ അഞ്ചില്‍ നാലിടത്തും യു.ഡി.എഫ്


കാസര്‍കോട്: സംസ്ഥാനമൊന്നാകെ അടിച്ചുവീശിയ യു.ഡി.എഫ് സുനാമിയില്‍ ജില്ലയിലും വിധി മറിച്ചായില്ല. യു.ഡി.എഫ് രണ്ട്, എല്‍.ഡി.എഫ് മൂന്നു എന്ന പതിവു ഡയലോഗ് പൊളിച്ചെഴുതിയ തിരഞ്ഞെടുപ്പായിരുന്നു 2026ലേത്. യു.ഡി.എഫിന്റെ പൊന്നാപുരം കോട്ടയായ കാസര്‍കോടും മഞ്ചേശ്വരവും മുസ്്‌ലിം ലീഗ് നിലനിര്‍ത്തിയപ്പോള്‍ കാലങ്ങളായി പാര്‍ട്ടി കോട്ടയായി വച്ചിരുന്ന ഉദുമയും തൃക്കരിപ്പൂരും സി.പി.എമ്മിന്റെ കയ്യില്‍ നിന്നു കോണ്‍ഗ്രസ് പിടിച്ചെടുത്തു.

മഞ്ചേശ്വരത്ത് താരപരിവേഷത്തോടെ പ്രചാരണം നടത്തിയ ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍ നാലാം തവണയും പരാജയം രുചിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 745 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മുസ്ലിം ലീഗ് സ്ഥാനാര്‍ഥി എ.കെ.എം അഷറഫ് മഞ്ചേശ്വരത്തു നിന്നു ജയിച്ചുകയറിയത്. എന്നാലത് ഇക്കുറി 29,405ലേക്ക് ഉയര്‍ത്തിയാണ് ഇക്കുറി മഞ്ചേശ്വരത്തെ സിറ്റിംഗ് എം.എല്‍.എ കൂടിയായ എ.കെ.എം അഷ്‌റഫ് നിയമസഭയിലേക്ക് പോകുന്നത്. മഞ്ചേശ്വരത്ത് ഇതുവരെ കാണാത്ത ലീഡാണിത്. ഏതു പ്രതികൂല രാഷ്ട്രീയ കാലാവസ്ഥയിലും യു.ഡി.എഫിനൊപ്പം നില്‍ക്കുന്ന മണ്ഡലമാണ് മഞ്ചേശ്വരം. 1987 മുതല്‍ 2001വരെ നടന്ന തിരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് നേതാവ് ചെര്‍ക്കളം അബ്ദുല്ല വിജയിച്ച മണ്ഡലത്തില്‍ 2006ലെ പരാജയം ഒഴിച്ചാല്‍ യു.ഡി.എഫിനൊപ്പമാണ് മണ്ഡലം. 89 വോട്ടിന്റെ ലീഡില്‍ 2016ലെ തിരഞ്ഞെടുപ്പില്‍ മുസ്്‌ലിം ലീഗ് ബിജെപിയെ രണ്ടാമതാക്കി. എന്നാല്‍, പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എയുടെ നിര്യാണത്തെ തുടര്‍ന്ന് 2019ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എം.സി. ഖമറുദീന്‍ 7927 വോട്ടുകളിലേക്ക് യുഡിഎഫിന്റെ ഭൂരിപക്ഷം ഉയര്‍ത്തി. പിന്നീട് വന്ന തിരഞ്ഞെടുപ്പിലും എ.കെ.എം അഷ്‌റഫിന്റെ ലീഡ് 745ലെത്തി. 2006ല്‍ സി.എച്ച്. കുഞ്ഞമ്പു വിജയിച്ചതിനു ശേഷം നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം എല്‍.ഡി.എഫ് ഇവിടെ മൂന്നാം സ്ഥാനത്താണ്.

1977 മുതല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പ് വരെ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥികള്‍ മാത്രം ജയിച്ച ചരിത്രമാണ് കാസര്‍കോട് നിയമസഭ മണ്ഡലത്തിന്റേത്. ഇതില്‍ 1980 മുതല്‍ 2011 വരെ സി.ടി അഹമ്മദലിയാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്. 2011ലാണ് നിലവിലെ എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന് മണ്ഡലത്തില്‍ നിന്ന് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. ഹാട്രിക്ക് വിജയത്തോടെ എന്‍.എ നെല്ലിക്കുന്ന് കാസര്‍കോട് മണ്ഡലം നിലനിര്‍ത്തി. ബിജെപിയുടെ വിജയപ്രതീക്ഷ തകര്‍ത്താണ് കഴിഞ്ഞ തവണ നെല്ലിക്കുന്ന് 12901 വോട്ടിന്റെ ഭൂരിപക്ഷത്തിന് യു.ഡി.എഫ് കോട്ടകാത്തത്. ഇവിടെയാണ് കന്നിയങ്കത്തിനിറങ്ങിയ യുഡിഎഫ് ചെയര്‍മാനും ജില്ലാ മുസ്്‌ലിം ലീഗ് പ്രസിഡന്റുമായ കല്ലട്ര മാഹിന്‍ 22,844ലേക്ക് ലീഡ് ഉയര്‍ത്തി അതിശയം കാട്ടിയത്. ബിജെപി ജില്ലാ പ്രസിഡന്റ് കെ.എല്‍ അശ്വതിയായിരുന്നു പ്രധാന എതിരാളി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad