കാസര്‍കോട്: ചെര്‍ക്കളയില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ അബ്ദുല്ലയുടെ വീട് ആക്രമിച്ച് നശിപ്പിച്ച സംഭവം അത്യന്തം ഗൗരവകരവും അപലപനീയവുമാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി. സമൂഹത്തില്‍ സമാധാനവും സൗഹൃദവും നിലനില്‍ക്കേണ്ട സാഹചര്യത്തില്‍ ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ ഒരിക്കലും അംഗീകരിക്കാനാകില്ല. ഒരു കുടുംബത്തിന്റെ സുരക്ഷയും സ്വത്തും അപകടപ്പെടുത്താന്‍ ലക്ഷ്യമിട്ട് നടത്തിയ ഈ ക്രൂരപ്രവൃത്തി നിയമവിരുദ്ധവും മനുഷ്യാവകാശ ലംഘനവുമാണ്. സംഭവത്തില്‍ ഉള്‍പ്പെട്ട പ്രതികളെ വേഗത്തില്‍ കണ്ടെത്തി കര്‍ശന നിയമനടപടി സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട അധികാരികളോട് അദ്ദേഹം ആവശ്യപ്പെട്ടു.
ഇതു രാഷ്ട്രീയ വൈരാഗ്യത്തിന്റെ ഭാഗമാണോയെന്ന് വ്യക്തമായി അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണം. ബിജെപിയെ ജയിപ്പിക്കാന്‍ കരാര്‍ എടുത്തവര്‍ കാസര്‍കോട് ബിജെപി ജയിക്കില്ലെന്ന് ഉറപ്പായപ്പോളുള്ള വെപ്രാളമാണോ ആക്രമണത്തിന്റെ പിന്നിലെന്ന് സംശയിക്കുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം ആക്രമണം നടത്തുമ്പോള്‍ വീട്ടിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുണ്ടാകുന്ന മാനസിക പ്രയാസം കൂടി കണക്കിലെടുക്കണം. പ്രദേശത്ത് സമാധാനം നിലനിര്‍ത്താന്‍ എല്ലാവരും സഹകരിക്കണമെന്നും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതിരിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

Post a Comment
0 Comments