കാസര്‍കോട്: നിയമസഭ തിരഞ്ഞെടുപ്പില്‍ 79.12 ശതമാനം പോളിംഗ് രേഖപ്പെടുത്തി കാസര്‍കോട് ജില്ല. സംസ്ഥാനത്തെ പോളിംഗ് ശതമാനത്തേക്കാള്‍ ഉയര്‍ന്ന പോളിംഗാണ് ജില്ലയില്‍ കണ്ടത്. 2021ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 2.48 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിലും പോളിംഗില്‍ വന്‍ കുതിപ്പാണ് പ്രകടമായത്. ഓരോ മണ്ഡലങ്ങളിലും ഒന്നു മുതല്‍ എട്ടു ശതമാനം വരെ വര്‍ധനവുണ്ടായതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
2021ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ പോളിംഗ് ശതമാനം 76.64 ആയിരുന്നു. 2024 ലോക്സഭ തിരഞ്ഞെടുപ്പില്‍ 74.97 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 2025ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ 75.20 ശതമാനവുമായിരുന്നു പോളിംഗ്. ഈ കണക്കുകളെല്ലാം മറികടക്കുന്ന രീതിയിലായിരുന്നു 2026 നിയമസഭ തിരഞ്ഞെടുപ്പിലെ ജില്ലയുടെ പോളിംഗ് ശതമാനം. ശതമാനക്കണക്കിലെ ഈ വര്‍ധനവ് എല്ലാ മണ്ഡലത്തിലും പ്രതിഫലിച്ചതായാണ് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്. മഞ്ചേശ്വരം മണ്ഡലത്തില്‍ 3.11 ശതമാനവും കാസര്‍കോട് മണ്ഡലത്തില്‍ 7.56 ശതമാവും ഉദുമയില്‍ 0.71 ശതമാനവും കാഞ്ഞങ്ങാട് 0.9 ശതമാനവും തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ 0.24 ശതമാനവും പോളിംഗ് കൂടി.
ജില്ലയില്‍ 11,03,618 വോട്ടര്‍മാരില്‍ 8,73,133 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 5,44,543 പുരുഷ വോട്ടര്‍മാരും 5,59,063 സ്ത്രീ വോട്ടര്‍മാരും 12 ട്രാന്‍സ്‌ജെന്റര്‍ വോട്ടര്‍മാരുമാണ് ഉണ്ടായിരുന്നത്. അതില്‍ 3,97,390 പുരുഷ വോട്ടര്‍മാരും 4,75,734 സ്ത്രീ വോട്ടര്‍മാരും ഒന്‍പത് ട്രാന്‍സ്‌ജെന്റര്‍ വോട്ടര്‍മാരുമായി 8,73,133 പേര്‍ വോട്ട് രേഖപ്പെടുത്തി. മഞ്ചേശ്വരം മണ്ഡലത്തില്‍ 85,258 പുരുഷ വോട്ടര്‍മാരും 1,01,218 സ്ത്രീ വോട്ടര്‍മാരുമായി 1,86,476 പേര്‍ വോട്ട് രേഖപ്പെടുത്തി. പോളിങ് ശതമാനം 81.04. കാസര്‍കോട് നിയോജക മണ്ഡലത്തില്‍ 77,408 പുരുഷ വോട്ടര്‍മാരും 90,512 സ്ത്രീ വോട്ടര്‍മാരുമായി ആകെ 1,67,920 പേര്‍ വോട്ട് രേഖപ്പെടുത്തി. പോളിങ് ശതമാനം 79.61. ഉദുമ നിയോജക മണ്ഡലത്തില്‍ 79,672 പുരുഷ വോട്ടര്‍മാരും 98,746 സ്ത്രീ വോട്ടര്‍മാരും രണ്ട് ട്രാന്‍സ്‌ജെന്റര്‍ വോട്ടര്‍മാരുമായി ആകെ 1,78,420 പേര്‍ വോട്ട് രേഖപ്പെടുത്തി. പോളിങ് ശതമാനം 78.08. കാഞ്ഞങ്ങാട് നിയോജക മണ്ഡത്തില്‍ 79.559 പുരുഷ വോട്ടര്‍മാരും 93.436 സ്ത്രീ വോട്ടര്‍മാരും അഞ്ച് ട്രാന്‍സ്‌ജെന്റര്‍ വോട്ടര്‍മാരുമായി ആകെ 1,73,000 പേര്‍ വോട്ട് രേഖപ്പെടുത്തി. പോളിങ് ശതമാനം 77.24. തൃക്കരിപ്പൂര്‍ നിയോജക മണ്ഡത്തില്‍ 75,493 പുരുഷ വോട്ടര്‍മാരും 91,822 സ്ത്രീ വോട്ടര്‍മാരും രണ്ട് ട്രാന്‍സ്‌ജെന്റര്‍ വോട്ടര്‍മാരുമായി ആകെ 1,67,317 പേര്‍ വോട്ട് രേഖപ്പെടുത്തി. പോളിങ് ശതമാനം 79.64.
വോട്ടര്‍ പട്ടിക പുതുക്കലിന്റെ ഭാഗമായി നടന്ന എസ്ഐആര്‍ നടപടികള്‍ ഈ വര്‍ധനയ്ക്ക് കാരണമായെന്നാണ് രാഷ്ട്രീയ നിരീക്ഷണം. അതേസമയം, ജില്ലയിലും മണ്ഡലങ്ങളിലാകെയും ഉയര്‍ന്ന പോളിംഗ് യു.ഡി.എഫിന് അനുകൂലമാണെന്ന വിലയിരുത്തലാണ് രാഷ്ട്രീയ വൃത്തങ്ങളില്‍ ശക്തമായി ഉയരുന്നത്.
കഴിഞ്ഞ കുറച്ചു തിരഞ്ഞെടുപ്പുകളിലെ പോളിംഗ് ശതമാനത്തിലെ ഉയര്‍ച്ച യു.ഡി.എഫിന് മേല്‍ക്കൈ നല്‍കുന്ന തരത്തിലായിരുന്നു. അതു തന്നെ ഈ തിരഞ്ഞെടുപ്പ് ഫലത്തിലും പ്രതിഫലിക്കുമെന്നാണ് വിലയിരുത്തല്‍. മഞ്ചേശ്വരത്തെയും കാസര്‍കോട്ടെയും വോട്ട് വര്‍ധനവ് യു.ഡി.എഫിന്റെ ഭൂരിപക്ഷത്തില്‍ കൃത്യമായി പ്രതിഫലിക്കുമെന്നാണ് കണക്കൂകൂട്ടല്‍. തൃക്കരിപ്പൂര്‍, ഉദുമ, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ തിളക്കവും വോട്ടിംഗ് ശതമാനത്തിലെ വര്‍ധനവും യു.ഡി.എഫ് കേന്ദ്രങ്ങളില്‍ പ്രതീക്ഷ ഉയര്‍ത്തുന്നുണ്ട്.

Post a Comment
0 Comments